ADVERTISEMENT

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പാമ്പുകടിയേൽക്കുന്ന രാജ്യം ഇന്ത്യയാണ്. ലോകത്ത് ഒരു വർഷം 54 ലക്ഷം പേർക്ക് പാമ്പകടിയേൽക്കുന്നെന്നാണ് കണക്ക്. ഇതിൽ പകുതിയോളം പേർക്ക് വിഷബാധയേൽക്കുന്നു. 81,000 മുതൽ 1,38000 ആളുകൾ മരിക്കുന്നുണ്ട്. ഇന്ത്യയിൽ  അറുപതിനായിരത്തോളം ആളുകളാണ് മരിക്കുന്നത്.

ഇന്ത്യയിൽ പാമ്പുകടികളുടെ 90 ശതമാനവും സംഭവിക്കുന്നത് 4 പാമ്പിനങ്ങളിൽ നിന്നാണ്. മൂർഖൻ, വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ, അണലി എന്നിവയാണ് ഇവ. ബിഗ് 4 എന്നാണ് ഈ പാമ്പിനങ്ങൾ ചേർത്ത് അറിയപ്പെടുന്നത്. ഇതിൽ തന്നെ ചേനത്തണ്ടനാണ് ഏറ്റവും കൂടുതൽ കടികൾക്കു കാരണമാകുന്നത്. ഇന്ത്യയിലെ പാമ്പുകടികളെക്കുറിച്ച് പല ഗവേഷകരും പഠനങ്ങൾ നടത്തിയിട്ടുണ്ട്. പലപ്പോഴും ചെരുപ്പ് ധരിക്കാത്തതാണ് കടി‌ ഏൽക്കുന്നതിൽ സ്വാധീനം ചെലുത്തുന്ന ഒരു കാര്യമായി പറയപ്പെടുന്നത്. ഇന്ത്യയിൽ ഏൽക്കുന്ന പാമ്പുകടികളിൽ നല്ലൊരു ശതമാനവും കാൽവിരലുകളിലാണെന്നത് ഇതിന്റെ തെളിവായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ ബിഹാർ, ജാർഖണ്ഡ്, മധ്യ പ്രദേശ്, ഒഡീഷ, ഉത്തർ പ്രദേശ്, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾ പാമ്പുകടിയറ്റ് മരിക്കുന്നത്. ഇതിൽ ഒഡീഷയും ആന്ധ്രാ പ്രദേശുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ 97 ശതമാനവും സംഭവിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണെന്നും മുൻപഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

2020ൽ നടന്ന ഒരു പഠനപ്രകാരം വർഷം തോറും 58,000 എന്ന ശരാശരി കണക്കിൽ പാമ്പുകടിമരണങ്ങൾ സംഭവിക്കുന്നുണ്ടെന്നു കണ്ടെത്തി. ലോകത്ത് പ്രതിവർഷം പാമ്പുകടിയേറ്റു മരിക്കുന്ന പകുതിയോളം ആളുകൾ ഇന്ത്യക്കാരാണ്. ഇക്കൂട്ടത്തിൽ കൃഷിക്കാർ, തൊഴിലാളികൾ, വേട്ടക്കാർ, പാമ്പുപിടിത്തക്കാർ, ഗോത്രനിവാസികൾ തുടങ്ങിയവർക്കാണു കൂടുതലും കടിയേൽക്കുന്നത്.

സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളും ഇതു സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും കുടുംബത്തിന്റെ ഏക സാമ്പത്തിക ആശ്രയമായ കർഷകരാണ് പാമ്പുകടിയാൽ കൊല്ലപ്പെടുന്നത്. ഇതുമൂലം ഒരു കുടുംബത്തിന്റെ അതിജീവനം വഴിമുട്ടുന്നു.

(Photo: Twitter/ Spectrum FM Costa Almeria)
(Photo: Twitter/ Spectrum FM Costa Almeria)

ഇന്ത്യ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പാമ്പുകടികൾ നടക്കുന്ന രാജ്യം ഇന്തൊനീഷ്യയാണ്. മൂന്നാം സ്ഥാനത്ത് ആഫ്രിക്കൻ രാജ്യമായ നൈജീരിയ. നാലാം സ്ഥാനത്ത് നമ്മുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും ബംഗ്ലദേശുമാണ്. ലോകത്തെ തന്നെ ഏറ്റവും വിഷമുള്ള പാമ്പുകൾ അധിവസിക്കുന്ന ഓസ്ട്രേലിയയിലും യുഎസിലുമൊക്കെ പാമ്പുകടിയേറ്റുള്ള മരണങ്ങൾ പൊതുവെ കുറവാണ്. ജനസാന്ദ്രത കുറവായതിനാൽ പാമ്പുകളും മനുഷ്യരുമായി അധികം ഇടപെടൽ വരാത്തതാണു കാരണം.

English Summary: World Snake Day: Why is India still the snake bite capital of the world?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com