ഇമവെട്ടാതെ സീരിയൽ കാണൽ, ഫാൻ നിർബന്ധം; ലക്ഷ്മിയുടെ ‘കൈകളാണ്’ ചിന്നുവും ചിക്കുവും
Mail This Article
മഴയുടെ ആരവമവസാനിച്ചപ്പോൾ എട്ടു ദിവസത്തിനുശേഷം കുഴിമറ്റം സദനം എൻഎസ്എസ് സ്കൂളിലെ ക്യാംപിൽനിന്ന് വീട്ടിലേക്കു മടങ്ങുന്ന വീട്ടമ്മയുടെ ചിത്രം കഴിഞ്ഞദിവസം മലയാള മനോരമ ദിനപത്രത്തിൽ വന്നിരുന്നു. വീട്ടമ്മ ലക്ഷ്മിയുടെ കൈകളിലുണ്ടായിരുന്ന രണ്ടു നായകളായിരുന്നു ചിത്രത്തിന്റെ ആകർഷണം. ഭർത്താവും കുഞ്ഞും മരിച്ച ചാന്നാനിക്കാട് കുഴിക്കാട്ടു കോളനിയിലെ ലക്ഷ്മിക്ക് കൂട്ടായി ഈ 2 വളർത്തുനായ്ക്കൾ മാത്രമാണ് ഉള്ളത്– ആൺനായ ചിന്നുവും പെൺനായ ചിക്കുവും. നാലു മാസം പ്രായമുള്ള രണ്ടുപേരും ബഹുമിടുക്കരാണെന്നും തന്റെ സംരക്ഷകരാണെന്നും ലക്ഷ്മി ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.
3,000 രൂപയ്ക്കാണ് ലക്ഷ്മി നാടൻഇനത്തിലുള്ള ചിന്നുവിനെയും ചിക്കുവിനെയും സ്വന്തമാക്കിയത്. ആരും നോക്കാൻ ഇല്ലാത്തതിനാൽ എവിടെ പോകുമ്പോഴും രണ്ടുപേരെയും കൊണ്ടുപോകും. വേഗം പോയിവരുന്ന സ്ഥലമാണെങ്കിൽ ഇരുവരെയും ആരെയെങ്കിലും ഏൽപിച്ച് പോകും. നാഗമ്പടത്ത് സഹോദരന്റെ വീട്ടിൽ താമസിക്കാൻ പോകുമ്പോൾ ചിന്നുവിനെയും ചിക്കുവിനെയും ഒരു കുട്ടസഞ്ചിയിലാക്കി ബസിൽ കൊണ്ടുപോകും. കുത്തിവയ്പ്പിന് പോകുന്നതും ബസിൽതന്നെയാണ്.
‘‘നല്ല ഭക്ഷണം മാത്രമേ ഇവർ കഴിക്കൂ. പച്ചക്കറി വിഭവങ്ങൾ ഇഷ്ടമല്ല. മുട്ട, ഇറച്ചി, ബിസ്കറ്റ് എന്നിവയാണ് പ്രധാനം. പകൽസമയങ്ങളിൽ കൂട്ടിൽ കഴിയും. രാത്രിയിൽ കിടപ്പ് എന്റെ കൂടെയാണ്. കട്ടിലിനുതാഴെ അവർക്ക് പായ വിരിച്ചിട്ടുണ്ട്. മൂത്രമൊഴിക്കണമെങ്കിൽ സൂചന നൽകും. വീടിനകം വൃത്തികേടാക്കുന്ന ശീലം അവർക്കില്ല.’’– ലക്ഷ്മി പറയുന്നു.
സീരിയൽ കാണാൻ രണ്ടുപേർക്കും വലിയ ഇഷ്ടമാണ്. ഡൈനിങ് ടേബിളിൽ കയറ്റിയിരുത്തിയാൽ ടിവിയിൽനിന്ന് കണ്ണെടുക്കില്ല. ഈ സമയങ്ങളില്‍ ഫാൻ നിർബന്ധമാണ്. കൂട്ടിലേക്ക് കയറ്റുകയാണെങ്കിൽ പ്രശ്നമില്ല. വീടിനകത്ത് കിടക്കുകയാണെങ്കിൽ ഫാൻ വേണം. അപരിചതർ വന്നാൽ വീടിനകത്തേക്കു കടത്തില്ല. ചിന്നുവും ചിക്കുവും അവരുടെ കാലിൽപിടിച്ച് ചുരുണ്ടുകൂടി കിടക്കും.
പനച്ചിക്കാട് പഞ്ചായത്തിൽ ഏറ്റവും ഒടുവിൽ വെള്ളമിറങ്ങുന്ന പ്രദേശമാണ് കുഴിക്കാട്ട് കോളനി ഭാഗം. വീട്ടിൽ വെള്ളംകയറിയതോടെ ജൂലൈ അഞ്ചിനാണ് ലക്ഷ്മിയും നായ്ക്കുട്ടികളും ക്യാംപിലേക്കു മാറിയത്. നാട്ടുകാർക്കു മാത്രമല്ല വളർത്തുമൃഗങ്ങൾക്കും ക്യാംപിൽ പഞ്ചായത്ത് അഭയം ഒരുക്കിയിരുന്നു. ചിന്നുവിനും ചിക്കുവിനും കൂട്ടായി മറ്റ് മൂന്ന് നായകളും അവിടെയുണ്ടായിരുന്നു. ക്യാംപിൽ നിന്ന് ലഭിക്കുന്ന ഉപ്പുമാവ് പഞ്ചസാരയിട്ട് ഇരുവർക്കും കൊടുക്കും. ചോറ് കഴിക്കാത്തതിനാൽ ബിസ്കറ്റും പാലും നൽകിയാണ് അവരെ നോക്കിയതെന്ന് ലക്ഷ്മി പറഞ്ഞു.
ക്യാംപിലുള്ളവർ സ്നേഹമുള്ളവരാണ്. തങ്ങൾ കിടക്കുന്നതിന് അടുത്തു തന്നെ അവർക്കും കിടക്കാൻ സൗകര്യം ഒരുക്കി. എല്ലാദിവസവും അധികൃതർ ചിന്നുവിനെയും ചിക്കുവിനെയും കാണാനെത്തുമായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു.
English Summary: Story about Chinnu Chikku pet dogs, Kottayam