ADVERTISEMENT

ലോകമെമ്പാടും മൂവായിരത്തിലേറെ തരം പാമ്പുകളുണ്ടെന്നാണു കണക്ക്. ഇതിൽ അറൂന്നൂറോളം ഇനങ്ങൾ വിഷമുള്ളതാണ്. മൂർഖൻ, രാജവെമ്പാല, അണലി, ശംഖുവരയൻ തുടങ്ങി നമ്മുടെ നാട്ടിലുള്ളതും റാറ്റിൽ സ്നേക് തുടങ്ങി പരിചിതരായവരുമുൾപ്പെടെ പാമ്പുവർഗങ്ങൾ ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ലോകത്തെ ഏറ്റവും തീവ്രമായ വിഷം വഹിക്കുന്ന പാമ്പ് ഇൻലാൻഡ് ടൈപാൻ എന്നറിയപ്പെടുന്ന ഓസ്ട്രേലിയയിൽ മാത്രം കാണപ്പെടുന്ന വിഷപ്പാമ്പാണ്. ഒറ്റക്കൊത്തിൽ ടൈപാൻ പുറപ്പെടുവിക്കുന്ന വിഷത്തിന് 100 മനുഷ്യരെ കൊല്ലാൻ കഴിയും, ഇതേ വിഷത്തിന് രണ്ടരലക്ഷം എലികളെ നശിപ്പിക്കാനും കഴിയും.

ടായ്പോക്സിൻ എന്ന ന്യൂറോടോക്സിൻ ശ്രേണിയിലുള്ള ജൈവരാസവസ്തുവും മറ്റ് അപകടകരമായ രാസസംയുക്തങ്ങളും അടങ്ങിയതിനാലാണ് ടൈപാന്റെ വിഷം ഇത്രത്തോളം അപകടകാരിയാകുന്നത്. മനുഷ്യരിൽ ഇതു പ്രവേശിച്ചുകഴിഞ്ഞാൽ ഉടനടി പേശികളെ അതു മരവിപ്പിക്കുകയും രക്തധമനികൾക്കും ശരീരകലകൾക്കും നാശം സംഭവിപ്പിക്കുകയും ചെയ്യും.

ഓസ്ട്രേലിയയിൽ ടൈപാൻ എന്ന വിഭാഗത്തിൽ രണ്ടുതരം പാമ്പുണ്ട്. കൂടുതലാൾക്കാർക്കും പരിചയം കോസ്റ്റൽ ടൈപാൻ എന്ന പേരിൽ തീരദേശമേഖലയിൽ കാണപ്പെടുന്ന പാമ്പുകളാണ്. എന്നാൽ ഇവയ്ക്ക് ഇൻലാൻഡ് ടൈപാനെ അപേക്ഷിച്ചു വിഷം കുറവാണ്. പക്ഷേ കോസ്റ്റൽ ടൈപാനുകൾ മനുഷ്യരെ ആക്രമിക്കുന്നതിനു വലിയ മടികാട്ടാറില്ല. ഇവയുടെ കടിയേൽക്കുന്നവരിൽ 80 ശതമാനം പേരും മുൻപ് മരിച്ചിരുന്നു. ഇന്ന് ഇതിന്റെ വിഷത്തെ പ്രതിരോധിക്കുന്ന മറുമരുന്നുകൾ കണ്ടെത്തിയിട്ടുണ്ട്.

ഇതിൽ നിന്നു വ്യത്യസ്തനാണ് ഇൻലാൻഡ് ടൈപാൻ. മധ്യ ഓസ്ട്രേലിയയിെല സമ ഊഷര മേഖലകളിൽ താവളമുറപ്പിച്ചിരിക്കുന്ന ഈ പാമ്പുകളെ 1879ലാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് 1882ൽ ഒരിക്കൽ കൂടി കണ്ടെത്തി. പിന്നെ 90 വർഷം കഴിഞ്ഞ് 1972ലാണ് ഇവയെ വീണ്ടും പിടികൂടുന്നത്. ആഫ്രിക്കയിലെ ആദിമ നിവാസികൾ ഡൻഡരാബില്ല എന്നാണ് ഇവയെ വിളിച്ചിരുന്നത്.

Image Credit: Shutterstock
Image Credit: Shutterstock

കടുത്ത വിഷത്തിനൊപ്പം ഉയർന്ന ചലനവേഗവും കൃത്യമായി കൊത്താനുള്ള കഴിവും ഈ പാമ്പുകൾക്കുണ്ട്. എന്നാ‍‍ൽ കോസ്റ്റൽ ടൈപാനുകളെപ്പോലെ മനുഷ്യർക്കിടയിലേക്ക് വന്ന് ഇടപെടാൻ ഇൻലാൻഡ് ടൈപാനു വലിയ താൽപര്യമില്ല. പ്രകോപനം സൃഷ്ടിക്കാൻ അങ്ങോട്ടു ചെന്നാൽ ഈ പാമ്പ് ഫണമുയർത്തി ആദ്യമൊരു മുന്നറിയിപ്പു തരും. പിന്നെയും കളിക്കാനാണു ഭാവമെങ്കിൽ ആക്രമിക്കും.

അൽപം നാണക്കാരനായ ഈ പാമ്പ് അധികം വെട്ടപ്പെടാൻ ആഗ്രഹിക്കുന്നില്ല. മനുഷ്യവാസം തീരെക്കുറവായ മേഖലകളിലാണ് ഇവ കൂടുതലായി താമസിക്കുന്നതും. അതിനാൽ തന്നെ അത്ര അപകടകാരിയായ ഒരു പാമ്പായി ഇതിനെ വിദഗ്ധർ വിലയിരുത്തുന്നില്ല.

∙ അതിവേഗക്കാരൻ ബ്ലാക്ക് മാംബ

അനേക ജീവിവർഗങ്ങൾ ഇട തിങ്ങി പാർക്കുന്ന ആഫ്രിക്കയിലെ ഏറ്റവും പ്രശസ്തനും കുപ്രസിദ്ധനുമായ വിഷപ്പാമ്പാണു ബ്ലാക്ക് മാംബ. രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പായ ബ്ലാക്ക് മാംബയെപ്പറ്റി ഒട്ടേറെ ഭീതിദമായ കഥകളുണ്ട്. മരണത്തിന്റെ ചുംബനം എന്നാണ് ബ്ലാക്ക് മാംബയുടെ കടി ആഫ്രിക്കയിൽ അറിയപ്പെടുന്നത്. അത്ര മാരകമായ വിഷമാണ് ഈ പാമ്പിനുള്ളത്. ന്യൂറോ, കാർഡിയോ ടോക്സിനുകൾ അടങ്ങിയതാണ് ഇവയുടെ മാരക വിഷം.

കുതിരയേക്കാൾ വേഗത്തിൽ നീങ്ങുന്ന പാമ്പ്, മലഞ്ചെരിവുകളിൽ ശരീരം വളയം പോലെയാക്കി അതിവേഗത്തിൽ ഉരുണ്ടു വന്ന് ആക്രമിക്കുന്ന പാമ്പ്, ആളുകളെ പ്ലാൻ ചെയ്ത് ആക്രമിച്ചു കൊലപ്പെടുത്തുന്ന പാമ്പ്. ഇതു കടിച്ചാൽ മരണം ഉടനടി നടക്കും.. ബ്ലാക്ക് മാംബയെക്കുറിച്ച് പ്രചരിക്കുന്ന അദ്ഭുത കഥകൾക്ക് പഞ്ഞമൊന്നുമില്ല. എന്നാൽ ഇതെല്ലാം വെറുതെയാണ്.

Image Credit: Shutterstock
Image Credit: Shutterstock

പക്ഷേ ബ്ലാക്ക് മാംബ അപകടകാരിയായ ഒരു പാമ്പാണ്. തെക്കൻ ആഫ്രിക്കയിൽ ആളുകൾക്ക് ഏൽക്കുന്ന പാമ്പുകടികളിൽ ഏറിയ പങ്കും ഈ പാമ്പിൽ നിന്നാണ്. ഒട്ടേറെ മരണങ്ങളും ഇതുണ്ടാക്കാറുണ്ട്. ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പല്ല ബ്ലാക്ക് മാംബ, പക്ഷേ വിഷം ഏൽപിക്കുന്ന രീതിയിലെ മികവ് ഇതിനെ, ഓസ്ട്രേലിയയിലെ കോസ്റ്റൽ ടൈപാനൊപ്പം ലോകത്തെ ഏറ്റവും അപകടകാരിയായ പാമ്പാക്കുന്നു. ഇന്ന് ബ്ലാക്ക് മാംബയുടെ വിഷത്തെ പ്രതിരോധിക്കുന്നതിനുള്ള മറുവിഷങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എങ്കിലും കടിയേറ്റ ശേഷം ചികിത്സ വൈകിയാൽ ജീവനഷ്ടത്തിനുള്ള സാധ്യത വളരെക്കൂടുതലാണ്.

എന്നാൽ കഥകളിൽ പറയുന്നതു പോലെ മനുഷ്യരെ ഓടിച്ചിട്ടു പിടിച്ച് ആക്രമിക്കുന്ന പാമ്പല്ല ബ്ലാക്ക് മാംബയെന്ന് ഗവേഷകർ പറയുന്നു. പരമാവധി നാലു മീറ്റർ വരെയൊക്കെ നീളം വയ്ക്കുന്ന ഇവ കഴിയുന്നതും മനുഷ്യരെ ഒഴിവാക്കാൻ നോക്കാറുണ്ട്. എന്നാ‍ പല പാമ്പുകളെയും പോലെ സ്വയം പ്രതിരോധത്തിനായാണ് ഇവ കടിക്കുന്നത്. കടിക്കുമ്പോൾ ഒറ്റത്തവണയല്ല, തുടർച്ചയായി പലതവണ കടിക്കും, ഓരോ തവണയും വലിയ അളവിൽ മാരകമായ വിഷം കടിയേൽക്കുന്നയാളുടെ ശരീരത്തിലേക്കു പ്രവഹിക്കും.

ബ്ലാക്ക് മാംബ എന്നാണ് അറിയപ്പെടുന്നതെങ്കിലും ബ്രൗൺ നിറത്തിന്റെ വിവിധ വകഭേദങ്ങളിലാണു ബ്ലാക്ക് മാംബ കാണപ്പെടുന്നത്. ഇവയുടെ വായയുടെ ഉൾവശം കറുത്തതാണ്. അതുകൊണ്ടാണ് ഇവയെ ബ്ലാക്ക് മാംബയെന്നു വിളിക്കുന്നത്.

ആഫ്രിക്കയുടെ തെക്കൻ, കിഴക്കൻ മേഖലകളിലെ പുൽമേടുകളിലും മലമ്പ്രദേശങ്ങളിലുമൊക്കെയാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.എലികൾ, അണ്ണാനുകൾ, ചില പക്ഷികൾ എന്നിവയൊക്കെയാണു ബ്ലാക്ക് മാംബകളുടെ ഇരമൃഗങ്ങൾ.കഥകളിൽ പറയുന്നതു പോലെ കുതിരയുടെ വേഗത്തിൽ ഓടാനുള്ള കഴിവ് ഇല്ലെങ്കിലും മണിക്കൂറിൽ 20 കിലോമീറ്റർ വരെയൊക്കെ വേഗം ഇവയ്ക്കു കൈവരിക്കാം. ലോകത്ത് ഏറ്റവും വേഗത്തിൽ ചലിക്കുന്ന പാമ്പാണു ബ്ലാക്ക് മാംബ.

മൂർഖന്റെ കുടുംബത്തിൽ ഉൾപ്പെടുന്ന ബ്ലാക്ക് മാംബയുടെ പേര് സുലു ഭാഷയിലെ ഇംമാംബ എന്ന പദത്തിൽ നിന്നാണു ലഭിച്ചത്. വേസ്റ്റൺ മാംബ, ഗ്രീൻ മാംബ, ജേസൺസ് മാംബ എന്നിങ്ങനെ മാംബയെന്നു പേരുള്ള മൂന്ന് പാമ്പിനങ്ങൾ കൂടി ആഫ്രിക്കയിലുണ്ട്. ഇവയുടെ ശരീരനിറം പച്ചയാണ്. ബ്ലാക്ക് മാംബയ്ക്ക് ആഫ്രിക്കയിൽ അധികം വേട്ടക്കാരില്ല.ചില കഴുകൻമാരാണ് ഇവയെ പ്രധാനമായും വേട്ടയാടുന്നത്. പൂർണ വളർച്ചയെത്താത്ത മാംബകളെ കീരികൾ, ഹണി ബാഡ്ജർ എന്ന ജീവികൾ, ചില വേഴാമ്പലുകൾ എന്നിവ വേട്ടയാടാറുണ്ട്.

English Summary: Deadliest Snakes in the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com