തീരത്ത് കുടുങ്ങി ചത്തത് 55 തിമിംഗലങ്ങൾ; പ്രസവമെടുക്കാൻ സഹായത്തിനെത്തിയവരോ? മരണകാരണം അജ്ഞാതം
Mail This Article
സ്കോട്ട്ലൻഡിലെ നോർത്ത് ടോൾസ്റ്റയിൽ തീരത്ത് കുടുങ്ങിയതിനെത്തുടർന്ന് 55 തിമിംഗലങ്ങൾ ചത്തു. പൈലറ്റ് വെയിൽ ഇനത്തിൽപ്പെട്ട തിമിംഗലങ്ങളാണ് കൂട്ടമായി തീരത്തടിഞ്ഞത്. ഞായറാഴ്ച രാവിലെ തിമിംഗലങ്ങൾ കൂട്ടമായി കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് ആളുകൾ ബ്രിട്ടീഷ് ഡൈവേഴ്സ് മറൈൻ ലൈഫ് റെസ്ക്യൂ എന്ന ചാരിറ്റി സംഘടനയെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ സംഘടനയിലെ അംഗങ്ങൾ സ്ഥലത്തെത്തുമ്പോഴേക്കും തിമിംഗലങ്ങളിൽ 15 എണ്ണത്തിന് മാത്രമാണ് ജീവനുണ്ടായിരുന്നത്.
കൂട്ടത്തിൽ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നു തോന്നിയ തിമിംഗലങ്ങളെ രക്ഷാപ്രവർത്തകർ തിരികെ കടലിലേക്ക് എത്തിക്കാൻ ശ്രമിച്ചു. എന്നാൽ അവയിൽ ഒന്നിന് മാത്രമാണ് രക്ഷപ്പെടാൻ സാധിച്ചത്. കടലിലേക്ക് ഇറക്കിവിട്ട മൂന്നെണ്ണം തിരികെ തീരത്ത് തന്നെ എത്തുകയും ജീവൻ നഷ്ടപ്പെടുകയുമായിരുന്നു. ശേഷിച്ച 12 എണ്ണത്തിൽ എട്ടെണ്ണം പ്രായപൂർത്തിയായതും നാലെണ്ണം താരതമ്യേന പ്രായം കുറഞ്ഞവയും ആയിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ഇവ രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ഉറപ്പിച്ചതോടെ ദയാവധം നൽകാനും തീരുമാനമായി.
വൈകിട്ട് മൂന്നരയോടെ തിമിംഗലങ്ങളെല്ലാം ചത്തതായി സംഘടന തന്നെയാണ് വെളിപ്പെടുത്തിയത്. രക്ഷാപ്രവർത്തനം അങ്ങേയറ്റം ശ്രമകരമായിരുന്നുവെന്നും സംഘടന പറയുന്നു. ഉൾപ്രദേശമായതിനാൽ വൈദ്യസംഘത്തിന് സഹായം എത്തിക്കാൻ കാലതാമസം നേരിട്ടു. എങ്കിലും ജീവനുള്ളവയ്ക്ക് പ്രാഥമിക ശുശ്രൂഷകളും നൽകിയിരുന്നു. സംഘടന തന്നെയാണ് കുടുങ്ങിക്കിടക്കുന്ന തിമിംഗലങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിലവിൽ തിമിംഗലങ്ങളുടെ ജഡങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ തുടരുന്നതിനാൽ ജനങ്ങൾ തീര മേഖലയിലേക്ക് എത്തരുതെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്.
അതേസമയം ഇത്രയധികം തിമിംഗലങ്ങൾ കൂട്ടമായി തീരത്ത് വന്ന് കുടുങ്ങിയതിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ കൂട്ടത്തിൽപ്പെട്ട ഒരു പെൺ തിമിംഗലത്തിന്റെ യോനിഭാഗത്തിന് സ്ഥാനചലനം ഉണ്ടായതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. അതിനാൽ ഇത് കുഞ്ഞിന് ജന്മം നൽകുകയായിരുന്നിരിക്കാമെന്നാണ് അനുമാനം. മറ്റു തിമിംഗലങ്ങൾ സഹായിക്കാനായി ഒപ്പം നിന്നതുകൊണ്ടാവാം ഇത്രയധികം പേർ തീരത്ത് കുടുങ്ങിയതെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. മരണകാരണം അറിയാൻ തിമിംഗലങ്ങളെ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും.
തങ്ങളുടെ കൂട്ടവുമായി എപ്പോഴും ബന്ധം പുലർത്തുന്നവയാണ് പൈലറ്റ് തിമിംഗലങ്ങൾ. കൂട്ടത്തിൽ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ രക്ഷയ്ക്കായി മറ്റുള്ളവരും എത്തും. സാധാരണ ഈ ഇനത്തിൽപ്പെട്ട തിമിംഗലങ്ങൾ കരയിലേക്ക് എത്താറില്ല. വഴിതെറ്റിയതോ പ്രതികൂല സാഹചര്യമോ കാരണമാകാം തിമിംഗല കൂട്ടത്തിന് ഇങ്ങനെയൊരു ദുരന്തം സംഭവിച്ചതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
English Summary: Entire pod of 55 whales dies after mass stranding on Lewis