ADVERTISEMENT

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരുലക്ഷത്തിലധികം കടുവകളുണ്ടായിരുന്നു ഇന്ത്യയിൽ. എന്നാൽ ഇന്ന് അവയുടെ എണ്ണം തുലോം കുറവാണ്. കടുവകൾക്കും സിംഹങ്ങൾക്കും സ്വാഭാവിക ആവാസ വ്യവസ്ഥയുള്ള ഒരേയൊരു രാജ്യമെന്നത് ഇന്ത്യയുടെ പാരിസ്ഥിതികമായ പ്രത്യേകതയാണ്. എന്നാൽ കടുവാ വേട്ട ഇന്ത്യയിൽ വ്യാപകമായി ഉണ്ട്. കടുവകളുടെ എണ്ണം കുറയുന്നതിൽ ഈ അനധികൃത വേട്ട ഒരു കാരണവുമാണ്.

ഇന്ത്യയിൽ പല കടുവാവേട്ടക്കാരുമുണ്ടായിട്ടുണ്ട്. എന്നാൽ അവരിൽ സൻസാർ ചന്ദിനോളം കുപ്രസിദ്ധരായവർ മറ്റാരുമുണ്ടാകില്ല. രാജസ്ഥാനിലെ സരിസ്‌ക സംരക്ഷിത വനത്തിലെ കടുവകളെ മൊത്തത്തിൽ കൊന്നൊടുക്കുന്നതിന് കാരണക്കാരനായ സൻസാറിനെ വടക്കിന്റെ വീരപ്പൻ എന്നാണു വിളിച്ചിരുന്നത്. 500 കടുവകൾ, രണ്ടായിരത്തിലധികം പുലികൾ, അരലക്ഷത്തോളം കുറുക്കൻമാരും മറ്റു വന്യജീവികളും തുടങ്ങിയവ നശിക്കാൻ സൻസറും സംഘവും കാരണക്കാരായിട്ടുണ്ടെന്നാണു വിലയിരുത്തപ്പെടുന്നത്.

Read Also: ആന്ധ്ര തീരത്ത് 25 അടി നീളമുള്ള തിമിംഗലം; ജഡത്തിനു മുകളിൽകയറി ഫോട്ടോയെടുത്ത് ജനങ്ങള്‍–വിഡിയോ

ചെറുപ്പത്തിൽ തന്നെ സൻസർ അനധികൃത വേട്ടയും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തിയിരുന്നു. 1674ൽ ഇയാൾ ഡൽഹിയിൽ പിടിയിലായി. 680 മൃഗത്തോലുകൾ അന്ന് സൻസറിൽ നിന്നു പിടികൂടി. ഇവയിൽ കടുവകളുടേതും പുലികളുടേതുമുണ്ടായിരുന്നു.

സൻസറിൽ നിന്നും പിടിച്ചെടുത്ത കടുവാ തോൽ  (Photo: Twitter/@for_world_)
സൻസറിൽ നിന്നും പിടിച്ചെടുത്ത കടുവാ തോൽ (Photo: Twitter/@for_world_)

അന്ന് പ്രായം 16 വയസ്സ് മാത്രമായിരുന്നതിനാൽ കോടതി ശിക്ഷയിൽ ഇളവു നൽകി സൻസറിനെ വിട്ടയച്ചു. എന്നാൽ മൃഗവേട്ട വിപുലപ്പെടുത്തുകയാണ് പിന്നീട് സൻസർ ചെയ്തത്. സൻസറിന്റെ ഭാര്യ റാണിയും മകൻ ആകാശുമുൾപ്പെടെ ബന്ധുക്കൾ ഈ അനധികൃത മൃഗവേട്ട സംഘത്തിലെ അംഗങ്ങളായി.

ചൈന, നേപ്പാൾ, തിബറ്റ് എന്നിവിടങ്ങളിലായിരുന്നു സൻസറിന്റെ പ്രധാന ക്ലയന്റ്സ് സ്ഥിതി ചെയ്തതെന്നത് ഇയാളുടെ ക്രിമിനൽ ശൃംഖലയുടെ നേർചിത്രമായിരുന്നു. ചൈനീസ് പരമ്പരാഗത വൈദ്യത്തിൽ കടുവകളുടെ ശരീരഭാഗങ്ങൾക്ക് വലിയ ആവശ്യമുണ്ട്. അതിനാൽ തന്നെ അവിടുന്ന് ഒട്ടേറെ ഓർഡറുകൾ സൻസറിനു ലഭിച്ചിരുന്നു. കടുവാത്തോലും പല്ലും എല്ലുമെല്ലാം അങ്ങനെ അതിർത്തികടന്നു.

Read Also: വരണം, വരണം..! പുതുതായി വന്ന ചിമ്പാൻസിയെ കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്ത് മറ്റ് ചിമ്പാൻസികൾ–വിഡിയോ

വനത്തിനുള്ളിൽ കടന്ന് മൃഗങ്ങളെ കെണിവച്ചുപിടിക്കുന്ന പരമ്പരാഗത രീതിയാണ് സൻസർ അനുവർത്തിച്ചത്. കെണിയിലാകുന്ന മൃഗങ്ങളെ കൊലപ്പെടുത്തിയശേഷം തോലുരിച്ചെടുക്കും. ഒരിക്കൽ പിടിയിലായ ശേഷം 470 കടുവാത്തോലുകളും രണ്ടായിരത്തിലധികം പുലിത്തോലുകളും നേപ്പാളിലും ടിബറ്റിലുമുള്ള വെറും നാല് ഉപയോക്താക്കൾക്ക് താൻ വിറ്റതായി സൻസർ വെളിപ്പെടുത്തിയിട്ടുണ്ട്. ഡൽഹി കേന്ദ്രീകരിച്ചായിരുന്നു സൻസർ തന്റെ ശൃംഖലയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്.

ആകാശ് ചന്ദ് (Photo: Twitter/@PaulineVerheij)
ആകാശ് ചന്ദ് (Photo: Twitter/@PaulineVerheij)

തിബറ്റിലെ പ്രധാനപ്പെട്ട ഒരു തദ്ദേശീയ വസ്ത്രമാണ് ചൂപ. കടുവാത്തോലിലുണ്ടാക്കിയ ചൂപ ധനാഢ്യരുടെ ചിഹ്നമാണ്. അതിനാൽ തന്നെ കടുവാത്തോലിന് അവിടെ വലിയ ഡിമാൻഡുണ്ട്. ഈ ആവശ്യം സൻസർ ചന്ദ് മുതലെടുത്തു. പിൽക്കാലത്ത് ഡൽഹി പൊലീസ് സൻസർ ചന്ദിനായി വലവിരിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2014ൽ പ്രോസ്‌ട്രേറ്റ് കാൻസർ ബാധിച്ച് സൻസർ മരിച്ചു. അച്ഛന്റെ പാത പിന്തുടർന്ന സൻസറിന്റെ മകൻ ആകാശ് ചന്ദിനെ 2016ൽ വന്യജീവിസംരക്ഷണ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

English Summary: Sansar Chand who wiped out Sariska tigers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com