വ്ലാഡിമിർ പുടിൻ ഓമനിക്കുന്ന കടുവകൾ; ലോകത്തെ ഏറ്റവും വലുപ്പമുള്ള അമുർ
Mail This Article
യുക്രെയ്ൻ യുദ്ധത്തിനു മുൻപ്, ലോകത്തിനു മുൻപിൽ ഒരു അതിപൗരുഷ പ്രതിച്ഛായ ഉണ്ടാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ശ്രമിച്ചിരുന്നു. കുതിരപ്പുറത്തു ഷർട്ടില്ലാതെ സഞ്ചരിക്കുന്ന, ഹണ്ടിങ് റൈഫിളുമായി വേട്ടയാടാൻ പോകുന്ന ലോകത്തെ ഏറ്റവും വലിയ രാജ്യത്തിന്റെ അധിപൻ.ഇതിനെല്ലാമപ്പുറം വലിയ കടുവകളുമായി സമയം ചെലവിടുന്ന വീരൻ.പുടിന് രാജ്യാന്തര തലത്തിൽ ധാരാളം ആരാധകരെ ഉണ്ടാക്കിക്കൊടുത്ത മാക്കിസ്മോ ഇമേജിൽ കടുവകൾ ഒരു പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. ലോകത്തെ കടുവയിനങ്ങളിൽ ഏറെ പ്രശസ്തമാണ് സൈബീരിയൻ കടുവകൾ അഥവാ അമുർ കടുവകൾ.
ലോകത്തിൽ ബിഗ് ക്യാറ്റ്സ് കുടുംബത്തിൽ പെടുന്ന ഏറ്റവും വലിയ ജീവികളായ ഇവയുടെ എണ്ണം സൈബീരിയയിൽ വളരെ കുറവാണ്. അഞ്ഞൂറിൽ താഴെ മാത്രം കടുവകളെ ഇന്ന് സൈബീരിയയിൽ ഉള്ളുവെന്നാണു കരുതപ്പെടുന്നത്. മൃഗശാലകളിലും ഇത്തരം കടുവകളുണ്ട്.
2010–2015 കാലഘട്ടത്തിൽ കുറേ സൈബീരിയൻ കടുവകളെ പുടിൻ വനത്തിലേക്കു തുറന്നുവിട്ടത് ലോകമെങ്ങും വലിയ വാർത്തയായി. ചൈനീസ് അതിർത്തിയിൽ നിന്ന് 500 കിലോമീറ്ററോളം അകലെയായിരുന്നു ഈ തുറന്നുവിടൽ. ഇതിന്റെ ദൃശ്യങ്ങൾ ലൈവായി റഷ്യൻ ദേശീയ ചാനലിൽ കാണിച്ചിരുന്നു. ഇക്കൂട്ടത്തിൽ പുറത്തുപോയ ഒരു കടുവയുടെ പേര് ബോറിസ് എന്നായിരുന്നു. റഷ്യയിലെ അമുർ മേഖലയിൽ ബോറിസ് ഒരു റഷ്യൻ കരടിയെ കൊന്നതും വാർത്തയായി. റഷ്യയുടെ ദേശീയമൃഗമാണു കരടി. ഇതു നിരവധി തമാശകൾക്കും ട്രോളുകൾക്കും വഴി വച്ചു.
മറ്റൊരു ‘പുടിൻ’ കടുവയായ കുസ്യയുടെ യാത്ര അതിനേക്കാൾ വിചിത്രമായിരുന്നു. റഷ്യൻ അതിർത്തി കടന്നു തെക്കോട്ടുപോയ കുസ്യ നേരെ ചൈനയിലാണ് എത്തിയത്. അവിടെ വച്ച് അലഞ്ഞുതിരിഞ്ഞു നടന്ന ഒരു നായയെയും കുസ്യ ശരിപ്പെടുത്തി. നിരവധി കോഴികളും കുസ്യയുടെ വിശപ്പിനിരയായി.ഇതും റഷ്യയിൽ, പ്രത്യേകിച്ച് പുടിൻ വിമർശകർക്കിടയിൽ വലിയ ട്രോളുകൾക്ക് വഴിവച്ചു. റഷ്യയിലെ ജീവിതം മടുത്താണ് കുസ്യ ചൈനയിലേക്കു പോയതെന്നു വരെ തമാശക്കഥകൾ പരന്നു. ഉസ്റ്റിൻ എന്ന മറ്റൊരു പുടിൻ കടുവയും കുസ്യയ്ക്കൊപ്പം ചൈനയിൽ എത്തിയിരുന്നു. ഇതു ചൈനയിൽ 15 ആടുകളെ ഭക്ഷണമാക്കി.
ലോകത്തിലെ ഏറ്റവും വലുപ്പമുള്ള കടുവയിനമാണ് സൈബീരിയൻ കടുവകൾ. 12 അടി വരെ നീളവും 423 കിലോ വരെ ഭാരവും ഇവയ്ക്കുണ്ട്.സാരമായി വംശനാശഭീഷണി നേരിടുന്ന കടുവകളായിട്ടാണ് ഇവയെ 2008നു മുൻപ് വിലയിരുത്തിയിരുന്നത്. എന്നാൽ 2008നു ശേഷം ഇവയുടെ സ്റ്റാറ്റസ് മാറി.
റഷ്യയിലെ സിഖോട്ടേ– അലൈൻ പർവതമേഖലയിലാണ് അമുർ അഥവാ സൈബീരിയൻ കടുവകൾ പ്രധാനമായി വസിക്കുന്നത്. വനനാശവും അനധികൃത വേട്ടയും ഇവയുടെ നിലനിൽപിനു ഭീഷണിയാകുന്ന കാര്യങ്ങളാണ്.
English Summary: Vladimir Putin's Tiger