രക്തം കൊണ്ടുള്ള ഐസ്ക്രീം ഇഷ്ടപ്പെട്ട ബംഗാളി! ഗിന്നസ് റെക്കോർഡ് നേടിയ കടുവയുടെ കഥ
Mail This Article
കാണാൻ ഗംഭീരരായ മൃഗങ്ങളാണു കടുവകൾ. സ്വർണ, ഓറഞ്ച് നിറങ്ങളിൽ വരകളോട് കൂടിയ കടുവകൾ ഏറ്റവും എളുപ്പം തിരിച്ചറിയാൻ സാധിക്കുന്ന മൃഗങ്ങളിലൊന്നുമാണ്. ലോകത്ത് ചുരുക്കം ഇടത്തേ സ്വാഭാവികമായ രീതിയിൽ കടുവകളുള്ളൂ. എന്നാൽ ലോകത്ത് പല മൃഗശാലകളിലും കടുവയിനങ്ങൾ വസിക്കുന്നുണ്ട്.
ലോകത്തിൽ സംരക്ഷണയിൽ കഴിയുന്ന കടുവകളിൽ ഏറ്റവും പ്രായം കൂടിയതിനുള്ള ഗിന്നസ് ലോകറെക്കോർഡ് യുഎസിലെ ടൈഗർ ക്രീക്ക് വന്യജീവി കേന്ദ്രത്തിലെ പെൺകടുവയായ ‘ബംഗാളി’ ക്കായിരുന്നു. 26വയസ്സും പത്തുമാസവുമായിരുന്നു ബംഗാളിയുടെ പ്രായം. എന്നാൽ കഴിഞ്ഞ വർഷം മേയിൽ ബംഗാളിയെ വന്യജീവി കേന്ദ്ര അധികൃതർ ദയാവധത്തിനു വിധേയമാക്കി.
യുഎസിലെ ടെക്സസ് സംസ്ഥാനത്തുള്ള ടൈലർ എന്ന പ്രദേശത്താണ് ടൈഗർ ക്രീക്ക് വന്യജീവി കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ബംഗാൾ കടുവ വിഭാഗത്തിൽ പെടുന്ന ബംഗാളി 2000 ത്തിൽ തന്റെ നാലാം വയസ്സിലാണ് ടൈഗർ ക്രീക്ക് മൃഗശാലയിലെത്തിയത്. ആദ്യകാലത്തു നാണം കുണുങ്ങിയായിരുന്നു. മൃഗശാലയിൽ ആളുകളെത്തുമ്പോൾ അവരെ കാണാൻ കൂട്ടാക്കാതെ ബംഗാളി ഒളിച്ചുനിൽക്കും. കുറച്ചുനാൾ കഴിഞ്ഞതോടെ എല്ലാം മാറി. ടൈഗർ ക്രീക്കിനെ സ്വന്തം വീടായി കണ്ട ബംഗാളി, സന്ദർശകരോട് ഇടപഴകാൻ തുടങ്ങി. തങ്ങൾ കൂടിനു മുന്നിലെത്തുമ്പോൾ ബംഗാളി ചിരിക്കാറുണ്ടെന്ന് മൃഗശാല ജീവനക്കാർ പറഞ്ഞിരുന്നു! ടൈലറിലെ ആളുകൾക്കും ബംഗാളിയെ വലിയ ഇഷ്ടമായിരുന്നു. അവൾക്കായി ഫാൻസ് ഗ്രൂപ്പും ഉണ്ടായിരുന്നു.
മൃഗശാല അധികൃതരുടെ സ്നേഹമേറ്റു വാങ്ങിയായിരുന്നു കടുവയുടെ ജീവിതം. വെള്ളിപൂശിയ തളികയിലാണ് ഭക്ഷണം നൽകിയിരുന്നത്. ഒരു ദിവസം നിരവധി തവണ മാംസഭക്ഷണം ബംഗാളി കഴിച്ചിരുന്നു. എന്നാൽ ബംഗാളിയുടെ ഇഷ്ടഭക്ഷണം ഒരു ഐസ്ക്രീമായിരുന്നു. ഇരമൃഗങ്ങളുടെ രക്തം കൊണ്ടുണ്ടാക്കിയ ഐസ്ക്രീം. ബ്ലഡ്സിക്കിൾസ് എന്നറിയപ്പെടുന്ന ശിതീകരിച്ച രക്തം ലോകത്തു പല മൃഗശാലകളിലും കടുവകൾക്ക് നൽകാറുണ്ട്. ചൂടിൽ നിന്നുള്ള ശമനം ഉദ്ദേശിച്ചാണ് ഇവ നൽകുന്നത്.
ടൈഗർ ക്രീക്കിനുള്ളിൽ വലിയൊരു സംരക്ഷിത പ്രദേശമായിരുന്നു ബംഗാളിയുടെ കൂട്. ഒട്ടേറെ മരങ്ങളും മരക്കഷണങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ കൂട്ടിനുള്ളിൽ ഒരുക്കിയിരുന്നു. 2016ൽ ബംഗാളിയുടെ 21ാം ജന്മദിനം വലിയ ആഘോഷങ്ങളോടെ മൃഗശാലയിൽ കൊണ്ടാടി. ബംഗാളിക്കു കുട്ടികളില്ലായിരുന്നു.
നോൺ പ്രോഫിറ്റ് മാതൃകയിൽ പ്രവർത്തിക്കുന്ന വന്യജീവി സംരക്ഷണ കേന്ദ്രമാണു ടൈഗർ ക്രീക്ക്. കടുവകൾ,സിംഹങ്ങൾ, പുലികൾ, പ്യൂമകൾ തുടങ്ങിയ ‘ബിഗ് ക്യാറ്റ്’ കുടുംബത്തിലെ അംഗങ്ങളാണ് ഇവിടെ അധിവസിക്കുന്നത്. ഇവയിലേറെയും പണ്ട് ചൂഷണത്തിനിരയായ മൃഗങ്ങളാണെന്ന് മൃഗശാലാ അധികൃതർ പറയുന്നു.
ലോകത്തിലെ ഏറ്റവും ശൗര്യമുള്ള മൃഗങ്ങളായി കണക്കാക്കപ്പെടുന്നെങ്കിലും ദയനീയമാണു കടുവകളുടെ ഇന്നത്തെ അവസ്ഥ.
ഏഷ്യയാണ് കടുവകളുടെ യഥാർഥ ജന്മദേശം. പ്രാചീന കാലത്ത് ഏഷ്യയിലെ കാടുകളിൽ മാത്രമാണു കടുവകൾ കാണപ്പെട്ടിരുന്നത്. അന്ന് പല ഏഷ്യൻ രാജ്യങ്ങളിലും കടുവകളുണ്ടായിരുന്നു. എന്നാൽ ഇന്ന് ബംഗാൾ, സൗത്ത് ചൈന, ഇൻഡോ ചൈനീസ്, അമുർ (സൈബീരിയൻ ഉൾപ്പെടെ), സുമാത്രൻ എന്നീ 5 വിഭാഗങ്ങൾ മാത്രമാണ് നിലനിൽക്കുന്നത്. കാസ്പിയൻ, ബാലി, ജാവൻ എന്നീ വിഭാഗങ്ങൾ വംശനാശം സംഭവിച്ച് അപ്രത്യക്ഷമായി.
English Summary: Bengali: World's Oldest Tiger