ഇന്ത്യയിൽ കടുവകളെ കാണാം ഇവിടങ്ങളില്; രാജ്യത്തെ പ്രധാന കടുവാസങ്കേതങ്ങൾ ഇതാ
Mail This Article
ഇന്ന് ദേശീയ കടുവാ ദിനമാണ്. നമ്മുടെ ദേശീയമൃഗങ്ങൾ കൂടിയായ കടുവകളെ സംരക്ഷിക്കേണ്ടതിന്‌റെ സന്ദേശം വിളിച്ചോതുന്ന ദിനം കൂടിയാണ് ജൂലൈ 29. സിംഹവും പുലിയും നാട്ടുപൂച്ചയുമൊക്കെ അടങ്ങിയ മാർജാര കുടുംബത്തിലെ വീരൻമാരാണ് കടുവകൾ. അസാമാന്യമായ ആരോഗ്യവും ചലനോത്സുകതയും ഗാംഭീര്യവും ഒത്തിണങ്ങിയ ജീവികൾ. ഇന്ത്യയിൽ 53 പ്രധാനപ്പെട്ട കടുവാസങ്കേതങ്ങളുണ്ട്. അരുണാചൽ പ്രദേശ്, അസം, ഛത്തീസ്ഗഡ്, കർണാടക, കേരള, മധ്യപ്രദേശ്, മഹാരാഷ്ട്ര, മിസോറം, ഒഡീഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, യുപി, ഉത്തരാഖണ്ഡ്, ബംഗാൾ എന്നിവിടങ്ങളിലായാണ് ഇവ സ്ഥിതി ചെയ്യുന്നത്. പറമ്പിക്കുളം, പെരിയാർ എന്നിവയാണ് കേരളത്തിലെ കടുവസങ്കേതങ്ങൾ. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് റിസർവ്, രാജസ്ഥാനിലെ രന്ഥംബോർ, സരിസ്ക മധ്യപ്രദേശിലെ ബാന്ധവ്ഗഡ്, കൻഹ ആന്ധ്രയിലെ ശ്രീശൈലം, ബംഗാളിലെ സുന്ദർബൻസ് തുടങ്ങിയവയൊക്കെ ലോകപ്രശസ്തമായ ഇന്ത്യൻ കടുവാസങ്കേതങ്ങളാണ്.
2012 മുതൽ 2022 വരെയുള്ള 10 വർഷ കാലയളവിൽ മരിച്ച കടുവകളുടെ കണക്ക് ദേശീയ കടുവാ സംരക്ഷണ അതോറിറ്റി കഴിഞ്ഞവർഷം പുറത്തുവിട്ടിരുന്നു. 1,059 കടുവകൾ കഴിഞ്ഞ പതിറ്റാണ്ടിൽ ഓർമയായെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ കടുവാ മരണങ്ങൾ. 6 കടുവാ സംരക്ഷണ കേന്ദ്രങ്ങളുള്ള മധ്യപ്രദേശിൽ 202 കടുവകളാണ് 2012 മുതൽ 2020 വരെയുള്ള കാലയളവിൽ മരിച്ചത്. മഹാരാഷ്ട്രയിൽ 141 കടുവകളും കർണാടകയിൽ 123 കടുവകളും ഉത്തരാഖണ്ഡിൽ 93 കടുവകളും അസമിൽ 60 കടുവകളും തമിഴ്‌നാട്ടിൽ 62 കടുവകളും യുപിയിൽ 44 കടുവകളും കേരളത്തിൽ 45 കടുവകളും ഈ കാലയളവിൽ മരിച്ചു.
പതിറ്റാണ്ടിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കടുവകൾ മരിച്ചത് 2021ൽ ആയിരുന്നു. 127 കടുവകളെയാണ് അന്ന് രാജ്യത്തിനു നഷ്ടമായത്.
2019ൽ നടന്ന കണക്കെടുപ്പ് പ്രകാരം രാജ്യത്താകമാനം 2,967 കടുവകളാണുള്ളത്. ഇതിൽ 526 എണ്ണവും മധ്യപ്രദേശിലാണ്. എന്നാൽ ഈ കണക്ക് കൃത്യമാകണമെന്ന് നിർബന്ധമില്ല. കടുവകൾ രോഗഗ്രസ്തരായി അവശരാകുന്ന സാഹചര്യങ്ങളിലും മറ്റും ഉൾവനങ്ങളിലേക്ക് കടക്കാറുണ്ട്. അവിടെ ഇവ മരിച്ചോ ഇല്ലയോ എന്നു നിർണയിക്കുക പ്രയാസമാണ്. മരണത്തിനു ശേഷം ഇവയുടെ ശരീരം പെട്ടെന്ന് അഴുകിദ്രവിക്കും. പലപ്പോഴും മറ്റുപല ജീവികളും കടുവയുടെ ജഡം ആഹാരമാക്കുകയും ചെയ്തു.
20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം കടുവകൾ ഉണ്ടായിരുന്നെന്നാണു കണക്ക്. എന്നാൽ ബ്രിട്ടിഷ് ഭരണത്തിനു കീഴിലും മറ്റും കടുവകൾക്ക് നേരെ വലിയ വേട്ടയാടൽ നടന്നു. ഇന്നും കടുവകൾ അനധികൃത വേട്ടയാടലിന്റെ ഭീഷണിയിലാണ് കഴിയുന്നത്. വേട്ടയാടി കിട്ടുന്ന കടുവയുടെ ഭാഗങ്ങൾ പലപ്പോഴും ചൈനയിലെ അനധികൃത മാർക്കറ്റുകളിലേക്കാണു പോകുന്നത്. കടുവാത്തോലിന് 65 ലക്ഷം രൂപവരെ വിലകിട്ടുമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. കടുവയുടെ ശരീരഭാഗങ്ങൾ ചൈനീസ് പരമ്പരാഗത വൈദ്യത്തിൽ ഉപയോഗിക്കുന്നുമുണ്ട്.
മധ്യപ്രദേശിലെ ബഹേലിയ ഗ്യാങ് പോലുള്ള ക്രിമിനൽ സംഘങ്ങൾ കടുവാവേട്ടയിൽ കുപ്രസിദ്ധി നേടിയവരാണ്.
English Summary: International Tiger day special