ADVERTISEMENT

കാലപ്പഴക്കം ചെന്നതും അതിമനോഹരവുമായ പാലങ്ങൾ കൊണ്ട് സമ്പന്നമാണ് സ്കോട്‌ലൻഡ്. എന്നാൽ ഇവിടുത്തെ ഡംബാർട്ടൻ എന്ന നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഓവർടൗൺ ബ്രിഡ്ജ് ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഈ പാലത്തിനെ മറ്റുള്ളവയിൽ നിന്നും വേറിട്ട് നിർത്തുന്നതാകട്ടെ ഇന്നോളം കാരണം കണ്ടെത്തിയിട്ടില്ലാത്ത ചില നിഗൂഢ പ്രതിഭാസങ്ങളാണ്. 1950കൾ മുതൽ ഇങ്ങോട്ട് നൂറുകണക്കിന് നായകളാണ് ഈ പാലത്തിൽ നിന്ന് ചാടി സ്വന്തം ജീവനൊടുക്കിയിട്ടുള്ളത്.

50 അടി ആഴമുള്ള ഒരു മലയിടുക്കിന് മുകളിലൂടെയാണ് ഓവർടൗൺ പാലം സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ നായകളുടെ ആത്മഹത്യയിലൂടെ ഈ പാലം ലോകത്തെങ്ങും പ്രശസ്തിയും നേടിക്കഴിഞ്ഞു. ഇവിടെ നിന്നും വീഴുകയോ മനഃപൂർവം ചാടിയോ ജീവൻ നഷ്ടപ്പെട്ട നായ്ക്കളുടെ എണ്ണം ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. കാരണം കണ്ടെത്താനാവാത്ത ഈ വിചിത്ര പ്രതിഭാസത്തെ തുടർന്ന് ഈ വഴി നായകളുമായി സഞ്ചരിക്കാൻ തന്നെ ഉടമകൾ ഭയപ്പെടുന്ന സ്ഥിതിയാണ്.

വിരലിലെണ്ണാവുന്ന ചില നായകൾ മാത്രമാണ് ഇവിടെ നിന്നും  രക്ഷപ്പെട്ടിട്ടുള്ളത്. 2014ൽ കാസി എന്ന ഒരു നായ ഇത്തരത്തിൽ രക്ഷപ്പെട്ടിരുന്നു. പാലത്തിന് സമീപത്തായി കാർ നിർത്തിയപ്പോഴേക്കും യാതൊരു പ്രകോപനവും കൂടാതെ കാസി പാലത്തിലേക്ക് ഓടി എത്തുകയായിരുന്നുവെന്ന് അതിന്റെ ഉടമ പറയുന്നു. തന്റെ അരികിൽ നിന്നും അത്തരത്തിൽ ഒരിക്കലും ഓടി നീങ്ങാത്ത നായയുടെ വിചിത്രമായ പെരുമാറ്റം എന്താണെന്ന് മനസ്സിലാകും മുൻപ് തന്നെ നായ തല മുകളിലേക്ക് ഉയർത്തി പാലത്തിൽ നിന്നും എടുത്തുചാടുകയായിരുന്നു.

ഓവർടൗൺ ബ്രിഡ്ജ് (Photo: Twitter/@jonpgray)
ഓവർടൗൺ ബ്രിഡ്ജ് (Photo: Twitter/@jonpgray)

അത്രയധികം താഴ്ചയിൽ വീണിട്ടും ഭാഗ്യംകൊണ്ടു മാത്രമാണ് കാസിക്ക് ജീവൻ തിരിച്ചുപിടിക്കാനായത്. നായകളെ മരണത്തിലേക്ക് ആകർഷിക്കുന്ന എന്താണ് പാലത്തിലുള്ളതെന്ന് പ്രദേശവാസികൾക്ക് പോലും കൃത്യമായ അറിവില്ല. എന്നാൽ ഇതിന് പിന്നിലെ കാരണമെന്ന തരത്തിൽ പല അനുമാനങ്ങളും നിലനിൽക്കുന്നുമുണ്ട്. പാലത്തിന് ചുറ്റുമായി ധാരാളം സസ്യങ്ങൾ വളർന്നുനിൽക്കുന്നുണ്ട്. പാലത്തിൽ നിന്ന് നോക്കുന്ന നായകൾ ഈ സസ്യങ്ങൾ കണ്ട് അത് നിരപ്പായ സ്ഥലമാണെന്ന് കരുതി ചാടുന്നതാവാം എന്നാണ് ചിലരുടെ കണ്ടെത്തൽ.

ഓവർടൗൺ ബ്രിഡ്ജ് (Photo: Twitter/@DarkTalesBlog)
ഓവർടൗൺ ബ്രിഡ്ജ് (Photo: Twitter/@DarkTalesBlog)

അതേസമയം താഴെ ഭാഗത്തുനിന്നും എലികളുടെയും മിങ്കുകളുടെയും സാന്നിധ്യം ഗന്ധത്തിലൂടെ അറിയുന്നതുമൂലം അവയെ പിടികൂടാനാവാം നായകൾ ഇത്തരത്തിൽ കുതിച്ചുചാടുന്നത് എന്ന് മറ്റൊരു കൂട്ടർ പറയുന്നു. എന്നാൽ ഇതിനെല്ലാം അപ്പുറം എന്തോ ഒന്നിന്റെ സാന്നിധ്യം പാലത്തിന് സമീപം ഉണ്ടെന്നാണ് ഭൂരിഭാഗവും വിശ്വസിക്കുന്നത്. പാലത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന ഓവർടൗൺ ഹൗസിൽ പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്നു. ഹൗസിന്റെ ഉടമയായ സ്ത്രീ തന്റെ ഭർത്താവിന്റെ വിയോഗത്തെ തുടർന്ന് അങ്ങേയറ്റം വിഷമത്തിലാണ് തന്റെ അവസാന നാളുകൾ കഴിച്ചുകൂട്ടിയത്.

നായകളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഓവർടൗൺ ബ്രിഡ്ജ് (Photo: Twitter/@MissTrade)
നായകളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഓവർടൗൺ ബ്രിഡ്ജ് (Photo: Twitter/@MissTrade)

വീടിന് അകത്തും പുറത്തുമായി പ്രേതത്തെ കണ്ടിട്ടുണ്ടെന്ന് വരെ ആളുകൾ വാദിക്കുന്നു. തന്നെപ്പോലെ പ്രിയപ്പെട്ട ഒന്നിന്റെ വിയോഗത്തിൽ നായകളുടെ ഉടമകൾ ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന ഈ പ്രേതമാവാം പാലത്തിൽ എത്തുന്ന നായകളെ താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്നാണ് ഇവരുടെ വിശ്വാസം.

English Summary: Mystery Scottish dog suicide bridge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com