ADVERTISEMENT

ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെയും പാലക്കാട് ധോണിയിൽ പരാക്രമം നടത്തിയ പിടി സെവനെയും പിടികൂടാനായി സംസ്ഥാന സർക്കാർ ചെലവാക്കിയത് 33 ലക്ഷം രൂപ. അരിക്കൊമ്പൻ ദൗത്യത്തിന് 16 ലക്ഷവും പിടി സെവൻ ദൗത്യത്തിന് 17 ലക്ഷവുമാണ് ചെലവായത്. കാഴ്ച നഷ്ടപ്പെട്ട പിടി സെവന്റെ ചികിത്സയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് വിവരാവകാശ രേഖകൾ പുറത്തുവന്നത്.

പാലക്കാട് ധോണിയിൽ നിന്ന് പിടി സെവനെ പിടികൂടി ആനവളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റാൻ ആകെ ചെലവായത് 17.32 ലക്ഷം രൂപയാണ്. ഇതിൽ ആനക്കൂട് നിർമാണത്തിന് 2.74 ലക്ഷവും മയക്കുവെടി വയ്ക്കാനും യാത്രാചെലവിനുമായി 2.44 ലക്ഷവും മുടക്കിയെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ആനയെ പിടികൂടാനായി ആവശ്യമായ ആയുധങ്ങൾക്കും സംവിധാനത്തിനുമായി 1.28 ലക്ഷം രൂപയാണ് ചെലവായത്. കൂട് നിർമാണത്തിനായി മരം മുറിക്കുന്നതിനും അവ സ്ഥലത്ത് എത്തിക്കുന്നതിനും തൊഴിലാളികൾക്കും വാഹനത്തിനുമായി 2.01 ലക്ഷം രൂപയും ചെലവായിട്ടുണ്ട്. പിടി സെവനെ പരിചരിക്കുന്നതിന്റെ ചെലവ് ഇതിൽ ഉൾപ്പെടുന്നില്ല.

Wild tusker, code-named PT-7, which was captured and caged in the Dhoni elephant camp early this year. Photo: Manorama
Wild tusker, code-named PT-7, which was captured and caged in the Dhoni elephant camp early this year. Photo: Manorama

ഇടുക്കി ചിന്നക്കനാലിൽ നാട്ടുകാരെ വിറപ്പിച്ച് നടന്ന അരിക്കൊമ്പനെ മയക്കുവെടിവച്ച് ജനവാസമേഖലയിൽ നിന്ന് കാട്ടിലേക്ക് മാറ്റുകയായിരുന്നു. ഇതിനായി 15.85 ലക്ഷം രൂപയാണ് ചെലവായത്. റേഡിയോ കോളറിന്റെ അറ്റകുറ്റ പണികൾക്കായി 87,000 രൂപയും ആനക്കൂട് നിർമിക്കാൻ യൂക്കാലി മരങ്ങൾ മുറിച്ചതിന് 1.83 ലക്ഷം രൂപയും കൂട് നിർമാണത്തിന് 1.81 ലക്ഷം രൂപയും ചെലവായി.

ധോണിക്കാരുടെ പേടിസ്വപ്നം

പാലക്കാട് ധോണിയിലെ വില്ലനായിരുന്നു പി.ടി. ഏഴാമൻ. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് പ്രഭാതസവാരിക്കിറങ്ങിയ ശിവരാമന്‍ എന്ന നാട്ടുകാരനെ പിന്നെ കാണുന്നത് ചെളിയില്‍ പുതഞ്ഞ നിലയിലാണ്. ശിവരാമനെ ചെളിയില്‍ ചവിട്ടിത്താഴ്ത്തിയത് പി.ടി. ഏഴാമന്‍ എന്ന കാട്ടുകൊമ്പനാണെന്നു വനംവകുപ്പ് കണ്ടെത്തി. അന്നുമുതൽ പി.ടി. ഏഴാമന്‍ എന്ന കൊമ്പന്‍ ധോണിക്കാരുടെ പേടിസ്വപ്നമായി മാറി. 

1) പാലക്കാട് ധോണി കോർമയിൽ മയക്കുവെടിവച്ചു പിടികൂടിയ കാട്ടുകൊമ്പൻ പി.ടി–7ന്റെ കണ്ണു മൂടിയപ്പോൾ. 2) ധോണിയിലെ ഫോറസ്‌റ്റ് സെക്‌ഷൻ ഓഫിസിലെ കൂട്ടിൽ കുളിപ്പിക്കുന്നതിനിടെ പാപ്പാന്മാരായ മണികണ്‌ഠനും മാധവനും പറയുന്നതു കേട്ട് അനുസരണയോടെ നിൽക്കുന്ന കൊമ്പൻ ധോണി (പിടി 7). ചിത്രം: മനോരമ
1) പാലക്കാട് ധോണി കോർമയിൽ മയക്കുവെടിവച്ചു പിടികൂടിയ കാട്ടുകൊമ്പൻ പി.ടി–7ന്റെ കണ്ണു മൂടിയപ്പോൾ. 2) ധോണിയിലെ ഫോറസ്‌റ്റ് സെക്‌ഷൻ ഓഫിസിലെ കൂട്ടിൽ കുളിപ്പിക്കുന്നതിനിടെ പാപ്പാന്മാരായ മണികണ്‌ഠനും മാധവനും പറയുന്നതു കേട്ട് അനുസരണയോടെ നിൽക്കുന്ന കൊമ്പൻ ധോണി (പിടി 7). ചിത്രം: മനോരമ

കാട്ടില്‍നിന്ന് നാലരകിലോമീറ്ററോളം പുറത്തേക്കിറങ്ങിവന്നാണ് ആനയുടെ പരാക്രമം. 2022 നവംബര്‍ 25ന് ജനവാസമേഖലയില്‍ ഇറങ്ങിയ ആന ഏക്കര്‍കണക്കിനു കൃഷി നശിപ്പിക്കുകയായിരുന്നു. കൊലകൊമ്പന്റെ മുന്നിൽപ്പെട്ട പലരും തലനാരിഴക്കാണു രക്ഷപെട്ടത്. ഇതോടെ പി.ടി. സെവനെ പിടികൂടണമെന്ന ആവശ്യം ഉയർന്നു. അപ്പോഴാണ് വയനാട് ബത്തേരിയില്‍ പിഎം രണ്ടാമൻ എന്ന ഒറ്റയാനെത്തിയത്. ഇതോടെ, വനംവകുപ്പ് സംഘം പി.ടി. സെവനെ ഉപേക്ഷിച്ച് ബത്തേരിയിലേക്കു പോയി. അടുത്ത ദിവസം തന്നെ പി.ടി. 7 വീണ്ടും കാടിറങ്ങി നാശം വിതച്ചു. ഇതോടെ ഓപ്പറേഷന്‍ പി.ടി. 7 അധികൃതര്‍ ഗൗരവത്തോടെ എടുക്കുകയായിരുന്നു. തുടര്‍ന്നാണ് ദൗത്യസംഘം വീണ്ടും പാലക്കാട്ടേക്കെത്തുകയും ജനുവരിയിൽ എത്തുകയും പി.ടി.സെവനെ പിടികൂടുകയും ചെയ്തത്.

ചിന്നക്കനാൽ വിട്ട് 4 മാസം 

ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ കാടുകടത്തിയിട്ട് നാല് മാസം കഴിഞ്ഞു. തമിഴ്നാട്ടിലേക്ക് കടന്ന അരിക്കൊമ്പൻ കുറച്ചുദിവസം കമ്പം മേഖലയെ വിറപ്പിച്ചെങ്കിലും തമിഴ്നാട് വനംവകുപ്പ് പിടികൂടി കളക്കാട് മുണ്ടുതുറൈ ഭാഗത്ത് വിടുകയായിരുന്നു. ഇപ്പോൾ അവിടത്തെ കാട്ടാനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പൻ ചേർന്നുകഴിഞ്ഞു.

അരിക്കൊമ്പൻ ചിന്നക്കനാലിൽ ഉള്ളപ്പോൾ (ഫയൽചിത്രം ∙ മനോരമ),  കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പൻ ( തമിഴ്നാട് വനംവകുപ്പ് പുറത്തുവിട്ട ചിത്രം)
അരിക്കൊമ്പൻ ചിന്നക്കനാലിൽ ഉള്ളപ്പോൾ (ഫയൽചിത്രം ∙ മനോരമ), കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പൻ ( തമിഴ്നാട് വനംവകുപ്പ് പുറത്തുവിട്ട ചിത്രം)

കുട്ടിക്കൊമ്പൻ എന്നായിരുന്നു 35 വയസുള്ള അരിക്കൊമ്പന്റെ ആദ്യ പേര്. ആനകളുടെ സ്ഥിരം ഭക്ഷണം ഉപേക്ഷിച്ച് അരി ഭക്ഷണമാക്കിയതോടെയാണ് നാട്ടുകാർ ആനയ്ക്ക് അരിക്കൊമ്പൻ എന്നുപേരിട്ടത്. അരി എവിടെയുണ്ടോ അവിടെ അരിക്കൊമ്പനെ കാണാം. പന്നിയാർ, ആനയിറങ്കൽ എന്നിവിടങ്ങളിലെ റേഷൻകടകളാണ് കൊമ്പന്റെ ഇഷ്ടസ്ഥലം. പന്നിയാറിലെ ആന്റണി പി.എൽ നടത്തുന്ന റേഷൻകടയിൽ മാത്രം പത്ത് തവണയാണ് അരിക്കൊമ്പൻ എത്തിയത്. 7 പേരെ കൊന്നിട്ടുണ്ടെന്നും 75ലേറെ കെട്ടിടങ്ങൾ തകർത്തതായുമാണ് വനംവകുപ്പിന്റെ കണക്കിൽ പറയുന്നത്. എന്നാൽ അരിക്കൊമ്പൻ 12 പേരെ കൊല്ലുകയും 180ലേറെ കെട്ടിടങ്ങൾ തകർക്കുകയും ചെയ്തെന്നാണ് നാട്ടുകാർ പറയുന്നത്. ഏക്കർ കണക്കിന് കൃഷിസ്ഥലങ്ങളും നശിപ്പിച്ചിട്ടുണ്ട്. 

arikomban-reju-pic
അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് കൊണ്ടുപോകുന്നു. ഫയൽചിത്രം ∙ മനോരമ

2017ലാണ് അരിക്കൊമ്പനെതിരെ വ്യാപകമായ പരാതികൾ ഉയർന്നത്. മയക്കുവെടിവച്ച് പിടിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചെങ്കിലും ദൗത്യം പരാജയപ്പെട്ടു. 2018ൽ കാട്ടാനയെ പിടികൂടാൻ വീണ്ടും ഉത്തരവ് വന്നെങ്കിലും നടന്നില്ല. പിന്നീട് ആക്രമണങ്ങള്‍ വ്യാപിച്ചതോടെയാണ് വീണ്ടും ദൗത്യം ആരംഭിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം അരിക്കൊമ്പനെ റേഡിയോ കോളർ ധരിപ്പിച്ച് പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾവനത്തിലേക്ക് തുറന്നുവിട്ടു. എന്നാൽ അതുവഴി അരിക്കൊമ്പൻ തമിഴ്നാട്ടിലേക്ക് കടന്നു. കമ്പം ജനവാസ മേഖലയിൽ ഇറങ്ങിയതോടെ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് പിടികൂടുകയായിരുന്നു.

Content Highlight: Kerala Government| Arikomban | PT 7 | Elephant | Animal 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com