വർഷത്തിലൊരിക്കൽ പുറത്തുവരുന്ന ‘മഹാബലി’ തവള; മുട്ടയിടാൻ ഇത്തവണയും എത്തി
Mail This Article
വർഷത്തിലൊരിക്കൽ മാത്രം മണ്ണിനടിയിൽ നിന്നും പുറത്തു വരുന്ന തവളയാണ് പാതാളത്തവള. ഐതിഹ്യം അനുസരിച്ച് വർഷത്തിൽ ഒരിക്കൽ ഓണത്തിന് പ്രജകളെ കാണാൻ മഹാബലി എത്തുന്നതുപോലെയാണ് ഈ തവള മണ്ണിനടിയിൽ നിന്നും പുറത്തുവരുന്നത്. അതിനാൽ ഇതിനെ ‘മഹാബലി’ തവള എന്നും വിളിക്കാറുണ്ട്.
നാസിക ബട്രാകസ് സഹ്യാദ്രൻസിസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. 364 ദിവസവും ഭൂമിക്കടിയിൽ കഴിയുന്ന ഇവ മുട്ടയിടുന്നതിനായി വർഷത്തിൽ ഒരു ദിവസം മാത്രമാണ് പുറത്തു വരുന്നത്. ഇരുണ്ട നിറത്തിൽ കാണപ്പെടുന്ന തവളയുടെ ശരീരം ഊതിവീർപ്പിച്ചതുപോലെയാണ്. ഏകദേശം 7 സെന്റീമീറ്റർ നീളമുണ്ടാകും. സാധാരണ തവളകളേക്കാൾ ഇവയുടെ കാലുകൾക്കും കൈകൾക്കും നീളം കുറവാണ്. ഇത് എളുപ്പത്തിൽ മണ്ണ് കുഴിക്കാൻ സഹായിക്കുന്നു. എന്നാൽ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ചാടാൻ സാധിക്കില്ല. മൂക്ക് കൂർത്തിരിക്കുന്നതിനാൽ ഇതിനെ പന്നിമൂക്കൻ എന്നും വിളിക്കാറുണ്ട്.
വംശനാശ ഭീഷണി നേരിടുന്ന പാതാളത്തവളകൾ പശ്ചിമഘട്ടത്തിലെ ചൂടുള്ള പ്രദേശങ്ങളിലാണു ജീവിക്കുന്നത്. അരുവികൾ, പുഴകൾ എന്നിവയ്ക്ക് സമീപമുള്ള ഇളകിയ മണ്ണിനടിയിൽ ജീവിക്കുന്ന ഇവയുടെ ആഹാരം ചിതലുകളും ഉറുമ്പുകളുമാണ്. വനം വകുപ്പിന്റെയും മറ്റും ശുപാർശ പ്രകാരം പാതാള ത്തവളയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്.
Content Highlights: Mahabali Frog | Animal | Species