തിന്നുക, ഉറങ്ങുക, തിന്നുക: റിപീറ്റ്! കുഴിമടിയന്മാരുടെ രാജാവായ ‘കൊവാല’; പ്രത്യേകജീവിതം
Mail This Article
ലോകത്ത് കഠിനാധ്വാനികളായ പല ജീവികളുമുണ്ട്. ഉദാഹരണമായി ഉറുമ്പുകൾ. ഇത്രയും ചെറിയ ശരീരം വച്ച് എത്രത്തോളം പണിയാണ് ഇവർ എടുക്കുന്നത്.എന്നാൽ കുഴിമടിയൻമാരായ ജീവികളും ധാരാളമുണ്ട് ഭൂമിയിൽ. സ്ലോത്ത്, പാൻഡ തുടങ്ങിയ ഒട്ടേറെ ജീവികൾ നല്ല മടിയൻമാരാണ്. ജന്തുലോകത്തെ രാജാക്കൻമാരായ സിംഹങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെടും.
ലോകത്തിലെ ഏറ്റവും കുഴിമടിയൻ ജീവിയേതാണെന്നു ചോദിച്ചാൽ പല ജന്തുവിദഗ്ധരും ആദ്യം തന്നെ കൊവാലയുടെ പേരു പറയും. ദിവസത്തിൽ 18 മുതൽ 22 മണിക്കൂർ വരെയാണ് ഇവ ഉറങ്ങുന്നത്. ഉണർന്നിരിക്കുന്ന ചുരുക്കം മണിക്കൂറുകൾ ഭക്ഷണം കഴിക്കാൻ മാത്രമായാണു വിനിയോഗിക്കുക.
തെക്കുകിഴക്കൻ, കിഴക്കൻ ഓസ്ട്രേലിയയിൽ സമൃദ്ധമായി യൂക്കാലി മരങ്ങൾ വളരുന്ന കാടുകളാണു കൊവാലകളുടെ പ്രധാന താമസ സ്ഥലം.യൂക്കാലി മരക്കൊമ്പുകളിൽ താമസിക്കുന്ന കൊവാലകളുടെ സ്ഥിരം ഭക്ഷണം യൂക്കാലി മരത്തിലെ ഇലകളാണ്. ഒരു കിലോ വരെ ഇലകൾ കൊവാല ഒറ്റദിവസം അകത്താക്കും. യൂക്കാലിയിലകൾ ദഹിക്കാൻ പാടുള്ളതും പോഷകങ്ങൾ കുറഞ്ഞവയുമാണ്. ഇവയെ ദഹിപ്പിക്കാനായി ഒരുപാടു പണിയെടുക്കേണ്ടിവരും കൊവാലകളുടെ ദഹനവ്യവസ്ഥയ്ക്ക്. ഇതു മൂലമാണ് കൊവാലകൾ അധികം സമയവും കിടന്നുറങ്ങുന്നത്. ഇതിനാൽ തന്നെ താൻ താമസിക്കുന്ന മരം വിട്ട് അധികദൂരത്തേക്കൊന്നും പോകാൻ ഇവയ്ക്ക് താൽപര്യമില്ല.
2020ൽ ഓസ്ട്രേലിയയിൽ സംഭവിച്ച കാട്ടുതീയിൽ (ബുഷ് ഫയർ) 60,000 കൊവാകൾ കാട്ടുതീയിൽ മരിച്ചെന്നാണു കണക്ക്. കംഗാരു ഐലൻഡ് എന്ന പ്രദേശത്തു മാത്രം 41000 കൊവാലകൾ കൊല്ലപ്പെട്ടു.
Content Highlights: കില്ലാഡി തന്നെ! മുതലക്കൂട്ടത്തിന് നടുവിലൂടെ പാഞ്ഞുപോകുന്ന ബോട്ട്–ഭയാനക കാഴ്ച
മനുഷ്യരുടെ എണ്ണത്തേക്കാൾ മൃഗങ്ങളുള്ള ഓസ്ട്രേലിയ വിചിത്രമായ മൃഗങ്ങളാലും സമ്പന്നമാണ്. കംഗാരു പോലെ തന്നെ ഓസ്ട്രേലിയയുടെ പ്രതീകമായി മാറിയ ജീവികളാണു കൊവാലകൾ. സസ്തനികളായ ഇവയുടെ ജീവിത കാലാവധി 20 വർഷമാണ്. ഓസ്ട്രേലിയയിലെ പല ജീവികളെയും പോലെ മാർസൂപ്പിയൽ അഥവാ സഞ്ചിമൃഗങ്ങൾ എന്ന വിഭാഗത്തിൽ പെടുന്നവയാണ് ഇവ. കണ്ടാൽ രോമാവൃതമായ ഓമനത്തമുള്ള രൂപമാണ് ഇവയുടേത്. തീരെ ചെറിയ തലച്ചോറുള്ള ജീവികളാണ് ഇവ.
ഒരടി വരെ പൊക്കവും 14 കിലോ വരെ ഭാരവും എത്തുന്ന കൊവാലകൾ സാമൂഹികമായ വ്യവസ്ഥ പിന്തുടരുന്ന ജീവികളല്ല. 22 മണിക്കൂറും ഉറക്കമെങ്കിൽ പിന്നെന്ത് സോഷ്യലൈസിങ്? ഒറ്റയ്ക്കു ജീവിക്കാൻ താൽപര്യപ്പെടുന്ന ഇവ പലപ്പോഴും മരങ്ങളിൽ തങ്ങളുടെ ആവാസസ്ഥാനം കൃത്യമായി അടയാളപ്പെടുത്തി വയ്ക്കും. ഇങ്ങോട്ടേക്ക് മറ്റാരെങ്കിലും കയറിയാൽ ഇടിപൊട്ടുമെന്നുറപ്പ്. ഓസ്ട്രേലിയിലെ മറ്റു പല ജീവികളെപ്പോലെ തന്നെ കൊവാലയെ ആക്രമിക്കുന്ന ഇരപിടിയൻ മൃഗങ്ങൾ കുറവാണ്. ഡിംഗോ എന്ന ഓസ്ട്രേലിയയിൽ കാണപ്പെടുന്ന പട്ടികൾ ഇവയെ ഇടയ്ക്ക് ആക്രമിക്കാറുണ്ട്. ചിലയിനം മൂങ്ങകൾ, കഴുകൻമാർ എന്നിവയൊക്കെ കൊവാലക്കുഞ്ഞുങ്ങളെ ആക്രമിച്ചു പിടിക്കാറുണ്ട്.
എന്നാൽ മനുഷ്യരുടെ ആക്രമണം കൊവാല ഒരുപാടു നേരിട്ടുണ്ട്. കൊളോണിയൽ കാലഘട്ടം മുതൽ തന്നെ രോമമാവൃതമായ തോലിനായി ബ്രിട്ടിഷുകാർ ഇവയെ വ്യാപകമായി കൊന്നൊടുക്കിയിരുന്നു. ഇപ്പോഴും അനധികൃതമായി ഇവയെ വേട്ടയാടുന്നവരുണ്ട്. കൊവാലകൾ വളരെ പതുക്കെയാണ് നടന്നു നീങ്ങുന്നത്. ഇതു മൂലം അനധികൃത വേട്ടക്കാർക്ക് ഇവയെ പെട്ടെന്നു വേട്ടയാടാൻ സാധിക്കും.കാട്ടുതീയിൽ പെട്ടപ്പോൾ ഇവയിൽ പലതിനും രക്ഷപ്പെടാൻ സാധിക്കാതെ പോയതിന്റെ കാരണവും ഇതു തന്നെ. ഇവ താമസിക്കുന്ന മേഖലയിലേക്ക് വിരുന്നെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങളിടിച്ചും ശരാശരി 300 കൊവാലകൾ പ്രതിവർഷം കൊല്ലപ്പെടാറുണ്ടെന്നാണു കണക്ക്.
Content Highlights: The Astonishing Lifestyle of Koalas: Sleep, Eat, Repeat