ഓണമെത്തി, തുമ്പപ്പൂ എവിടെ? വംശനാശ ഭീഷണി പട്ടികയിൽ ഇടംപിടിച്ച് സുന്ദരിപ്പൂവ്
Mail This Article
ഓണക്കാലമായി. അത്തം മുതൽ ഓണം വരെ വീട്ടുമുറ്റങ്ങളിലും മറ്റും ഒരുക്കുന്ന പൂക്കളങ്ങളിൽ തുമ്പപ്പൂവിന്റെ സാന്നിധ്യമുണ്ടാകില്ല. വംശനാശമാണ് ഈ വെളുത്ത ‘സുന്ദരിപ്പൂവ്’ നേരിടുന്ന പ്രധാന വെല്ലുവിളി. ഓണമടുത്താൽ വെള്ളക്കോടിയുടുത്തു ചിരിച്ചുനിൽക്കുന്ന തുമ്പപ്പൂക്കൾ ഒരുകാലത്ത് മനോഹര കാഴ്ചയായിരുന്നു. പറമ്പുകളിലും പാടവരമ്പുകളിലും സുലഭമായി കണ്ടിരുന്നു. മഴക്കാലത്ത് പൊട്ടിമുളയ്ക്കുന്ന ഇവ കർക്കടകത്തിൽ തഴച്ചുവളരും. ഓണക്കാലത്താണ് പുഷ്പിക്കുക. ഓണം കഴിയുന്നതോടെ ഉണങ്ങും. മണ്ണിൽവീഴുന്ന വിത്തുകൾ അടുത്ത മഴക്കാലത്ത് മുളയ്ക്കും.
കാലാവസ്ഥാ വ്യതിയാനമാണ് ഇവയുടെ നാശത്തിന് പ്രധാനമായും ഇടയാക്കിയത്. പറമ്പുകളിൽ നിന്നു പാഴ്ചെടികൾ യന്ത്രസഹായത്താൽ വ്യാപകമായി വെട്ടിമാറ്റിയപ്പോൾ ഇവയും ഇല്ലാതായി. 2017ൽ കേരള വനം ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിൽ തുമ്പ ഇടം പിടിച്ചത്.
ബെംഗളുരു കാർഷിക സർവകലാശാല അടുത്തകാലത്ത് നടത്തിയ പഠനം ശുഭപ്രതീക്ഷയാണ് നൽകുന്നതെന്ന് കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ശാസ്ത്രജ്ഞരായ ഡോ.സി.എം. ഹരിനാരായണൻ, ഡോ.സി.ടി.സുലൈമാൻ എന്നിവർ പറയുന്നു. തേനീച്ച, വണ്ട്, പൂമ്പാറ്റ തുടങ്ങിയ 31 തരം പ്രാണികൾ തുമ്പയുടെ തേൻ കുടിച്ച് വലിയ തോതിലുള്ള പരാഗണത്തിന് സഹായിക്കുന്നുണ്ടെന്നും ഇത് മറ്റു ചെടികളുടെ വളർച്ചയ്ക്കും ഉപകരിക്കുമെന്നുമാണ് പുതിയ കണ്ടെത്തൽ.
Read Also: ഉറങ്ങുക, തിന്നുക, ഉറങ്ങുക: റിപീറ്റ്! കുഴിമടിയന്മാരുടെ രാജാവായ ‘കൊവാല’; പ്രത്യേകജീവിതം
ആയുർവേദത്തിൽ ആദ്യകാലം മുതലേ പ്രചാരത്തിലുള്ള ഔഷധമാണ് തുമ്പ. കൊമ്പഞ്ചാദി ഗുളിക, കച്ചൂരാദി എണ്ണ തുടങ്ങിയവയിലെ പ്രധാന ഘടകമാണിത്. മഞ്ഞപ്പിത്തം, കുട്ടികൾക്കുള്ള വിരശല്യം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, പനി മുതലായവയ്ക്കുള്ള മരുന്നുകളിലും ഇവയുടെ പൂവ്, ഇല, വേര് എന്നിവ ചേരുന്നുണ്ട്.
ലാമിയേസിയെ എന്ന കുടുംബത്തിൽപെട്ട ല്യുകാസ് അസ്പെര, ല്യുകാസ് ലാവണ്ടുലിഫോലിയ എന്നീ സസ്യങ്ങളാണ് തുമ്പ എന്ന പേരിൽ അറിയപ്പെടുന്നത്. സംസ്കൃതത്തിൽ ദ്രോണപുഷ്പി എന്നാണ് പേര്.
Content Highlights: Thumpa Flower| Climate Change | Species|