കാഴ്ചശക്തിയില്ല, സ്‌കൂബിയുടെ ‘കരംപിടിച്ച്’ ചെന്നിത്തലയുടെ കുടുംബം; ഇന്ന് വീട്ടിലെ പ്രിയപ്പെട്ടവൻ
Mail This Article
ആറു വർഷം മുൻപ്, 2017ൽ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വീട്ടിൽ ഒരു അതിഥിയെത്തി. ഇളയമകന്‍ രമിത്താണ് സ്കൂബി എന്ന ആ നായ്ക്കുട്ടിയെ വീട്ടിലെത്തിച്ചത്. വളരെ പെട്ടെന്നുതന്നെ വീട്ടിലെ എല്ലാവരുമായി സ്കൂബി ഇണങ്ങി. പക്ഷേ കുറച്ചു നാൾ പിന്നിട്ടപ്പോൾ ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടു. നീട്ടി വിളിച്ചാല്‍ ഓടിയെത്തുന്ന സ്‌കൂബി ചെന്നിത്തലയുടെ ഭാര്യ അനിതയുടെ കാലില്‍ ഇടിച്ചാണ് നില്‍ക്കുന്നത്! മൃഗഡോക്ടറെ കാണിച്ചപ്പോഴാണ് ആ സത്യം മനസ്സിലായത്. സ്‌കൂബിക്ക് കാഴ്ചശക്തി ഇല്ല.
തുടക്കത്തില്‍ അതുകേട്ട് വിഷമമായെങ്കിലും പിന്നീട് കൂടുതല്‍ ഇഷ്ടത്തോടെ അവനെ ആ കുടുംബം ചേര്‍ത്തുപിടിച്ചു. എന്തെങ്കിലും ഒരു പോരായ്മ നികത്താനായി മറ്റെന്തെങ്കിലും കഴിവ് ദൈവം കൂടുതല്‍ നല്‍കും എന്നു പറയുന്നത് സ്‌കൂബിയുടെ കാര്യത്തില്‍ അച്ചട്ടാണെന്നു തിരിച്ചറിഞ്ഞ നാളുകൾ കൂടിയായിരുന്നു അത്. പരിശീലനംകൊണ്ട് ‘മൂർച്ച’ കൂട്ടിയെടുത്ത ചെവിയും മൂക്കും കൊണ്ട് പതിയെപ്പതിയെ സ്‌കൂബി അന്ധതയെ മറികടന്നു. ഇന്നവന്‍ ആ വീടിന്റെ ഓമനയാണ്. അവന്റെ കഥ ‘മനോരമ ഓൺലൈനോട്’ പറയുകയാണ് രമേശ് ചെന്നിത്തലയും അനിതയും.
∙ രമിത്തിന്റെ പ്രിയപ്പെട്ടവൻ, രോഹനും
ചെന്നിത്തലയുടെ വീട്ടിലെ ഏക അരുമ മൃഗമാണ് സ്കൂബി. ഇളയ മകൻ രമിത്തിന്റെ പ്രിയപ്പെട്ടവനാണ്. ‘അച്ഛാ എനിക്കൊരു നായയെ വാങ്ങണം’ എന്നു വർഷങ്ങളായി രമിത് പറഞ്ഞുനടന്നതാണ്. വീടിനകത്ത് കുഴപ്പങ്ങളുണ്ടാക്കുമോ എന്നുകരുതി ആദ്യമൊന്നും ഞങ്ങൾ സമ്മതിച്ചില്ല. പിന്നീട് സമ്മതിച്ചു. അവന്റെ കൂട്ടുകാരനാണ് ഒന്നരമാസം പ്രായമുള്ള സ്കൂബിയെ കൊടുത്തത്. ആ സമയത്ത് അവന് കാഴ്ചയില്ലെന്ന് മനസ്സിലായില്ല. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ഡോക്ടർ വന്ന് പരിശോധിച്ചപ്പോഴാണ് കാഴ്ചശക്തിയില്ലെന്ന് തിരിച്ചറിഞ്ഞത്.
ഇപ്പോൾ അവന് 6 വയസ്സുണ്ട്. പൂർണ ആരോഗ്യവാനാണ്. വീട്ടിലെ എല്ലാവർക്കും സ്കൂബിയെ ഇഷ്ടമാണ്. മൂത്തമകൻ രോഹിത്തിന്റെ കുട്ടി രോഹനെ സ്കൂബിക്ക് ഭയങ്കര ഇഷ്ടമാണ്. അവന്റെ സാന്നിധ്യം അറിഞ്ഞാൽ സന്തോഷംകൊണ്ട് ചാടും. പുറത്തുനിന്നും ആളുകൾ എത്തുമ്പോൾ കുരയ്ക്കാൻ തുടങ്ങും. പക്ഷേ ആരെയും കടിക്കാറില്ല. നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണവും സ്കൂബി കഴിക്കാറുണ്ട്. ചിക്കനാണ് ഏറ്റവും ഇഷ്ടം. നായയ്ക്കുള്ള പ്രത്യേക ഭക്ഷണത്തിന് പുറമെയാണിത്. ഇഡലിയും ബിരിയാണിയുമെല്ലാം അവൻ കഴിക്കും. കാഴ്ചശക്തിയില്ലാത്തതിനാൽ എവിടെയെങ്കിലും പോയി ഇടിക്കുമെന്ന് പേടിച്ച് ഇപ്പോൾ സ്കൂബിയെ അധികം പുറത്തിറക്കാറില്ല. പണ്ട് ചെറുതായി കാഴ്ചയുണ്ടായിരുന്നുവെന്ന് തോന്നുന്നു. ഇപ്പോൾ ഒട്ടുംതന്നെയില്ല– അനിത രമേശ് വ്യക്തമാക്കി.
∙ മദ്രാസ് ഹൈക്കോടതിവിധി കേരളത്തിൽ ഏൽക്കില്ല
വന്യജീവികൾക്ക് സമാധാനമായി കഴിയാൻ മുതുമലൈ കടുവ സങ്കേതത്തിലെ 495 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തമിഴ്നാട്ടിൽ ധാരാളം സ്ഥലമുള്ളതുകൊണ്ട് ഈ വിധി നടപ്പാക്കാൻ അവർക്ക് പ്രയാസമില്ല. പക്ഷേ കേരളത്തിന് അത് പ്രശ്നമാകാൻ സാധ്യതയുണ്ട്. എങ്കിലും വന്യജീവികളുടെ ആവാസവ്യവ്സഥയ്ക്ക് തകരാർ ഇല്ലാത്ത രീതിയിൽ വേണം കാര്യങ്ങൾ ചെയ്യാൻ. ആനത്താരിയിൽ പോയി വീടുവച്ചിട്ട് ആനശല്യം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ? അത്തരം കാര്യങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കണം. അരിക്കൊമ്പന് നല്ല ജനപിന്തുണയാണ് ലഭിക്കുന്നത്. അരിക്കൊമ്പനായുള്ള കൂട്ടായ്മകളെ മൃഗസ്നേഹമായി കാണുന്നു. അത് നല്ലതാണ്- ചെന്നിത്തല വ്യക്തമാക്കി.
Content Highlights: Dogs | Chennithala | International Dog day