വെടിയേറ്റ കാട്ടാന ‘ഭീമ’ തിരിഞ്ഞുവന്നു; മയക്കുവെടി വിദഗ്ധനെ ചവിട്ടിക്കൊന്നു: ദാരുണദൃശ്യം പുറത്ത്
Mail This Article
മയക്കുവെടിവയ്ക്കാൻ എത്തിയ ഉദ്യോഗസ്ഥനെ കാട്ടാന ചവിട്ടിക്കൊന്നു. കർണാടകയിലെ ഹാസൻ ജില്ലയിലെ ആളുരുവിലാണ് ‘ആനെ വെങ്കിടേഷ്’ എന്നറിയപ്പെടുന്ന എച്ച്. എച്ച്. വെങ്കിടേഷ് കൊല്ലപ്പെട്ടത്. ആനയെ മയക്കുവെടി വച്ചപ്പോൾ അത് തിരിഞ്ഞെത്തി വെങ്കിടേഷിനെ ആക്രമിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
കഴിഞ്ഞ ദിവസമാണ് സംഭവം. മറ്റൊരു ആനയുമായി ഏറ്റുമുട്ടി പരുക്കേറ്റ ഭീമ എന്ന ആനയെ മയക്കുവെടിവയ്ക്കാനാണ് വിദഗ്ധനായ വെങ്കിടേഷ് അവിടെയെത്തിയത്. കാപ്പിതോട്ടത്തിൽ വച്ച് ഭീമയ്ക്കുനേരെ വെടിയുതിർത്തെങ്കിലും അത് തിരിഞ്ഞ് വെങ്കിടേഷിനു നേരെ വരികയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെങ്കിടേഷ് കുഴിയിൽ വീഴുകയും ആനയുടെ ചവിട്ടേൽക്കുകയുമായിരുന്നു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ബഹളം വച്ച് ആനയെ ഓടിച്ച ശേഷമാണ് വെങ്കിടേഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്. നെഞ്ചിലും തലയിലും ഗുരുതരമായി പരുക്കേറ്റ അദ്ദേഹം ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മുൻവനംവകുപ്പ് ഗാർഡ് ആയിരുന്ന വെങ്കിടേഷ് വിരമിച്ച ശേഷം എലിഫന്റ് ടാസ്ക് ഫോഴ്സിന്റെ കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. അദ്ദേഹം 50ലധികം ആനകളെ കീഴടക്കി ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. കർണാടക സർക്കാർ വെങ്കിടേഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. വനംവകുപ്പിന്റെ അനാസ്ഥയാണ് മരണത്തിനുപിന്നിലെന്ന് ആരോപിച്ച് വെങ്കിടേഷിന്റെ മകൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Content Highlights: Elephant | Animal | Karnataka