ADVERTISEMENT

ഗുരുവായൂർ കേശവൻ മുതൽ മംഗലാംകുന്ന് കർണ്ണൻ വരെ കേരളത്തിൽ പേര് കേട്ട ആനകൾക്ക് ക്ഷാമമൊന്നും ഇല്ല. നാട്ടാനകൾക്ക് പേര് ചൊല്ലി വിളിക്കുന്നത് ലോകത്തെമ്പാടും പതിവുള്ള രീതിയും ആണ്. കാട്ടാനകൾക്ക് പോലും അരിക്കൊമ്പനെന്നും, പടയപ്പയെന്നും എല്ലാം പേര് നൽകുന്ന പതിവ് പോലും നമുക്കുണ്ട്. എന്നാൽ ഇവയെല്ലാം തന്നെ മനുഷ്യർ നൽകുന്ന പേരുകളാണ്. 

എന്നാൽ, ആനകളിൽ പരസ്പരം പേര് ചൊല്ലി വിളിക്കുന്ന പതിവുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ആഫ്രിക്കൻ ആനകളിലാണ് ഒരു കൂട്ടത്തിനിടയിൽ തന്നെ ഓരോ ആനകൾക്കും പേര് നൽകുന്നതിന് സമാനമായ പതിവുള്ളത്. ആനകൾക്കിടയിൽ ഭാഷ ഇല്ലാത്തത് കൊണ്ട് തന്നെ പേര് എന്നതിനേക്കാൾ ഓരോ ആനകളേയും വിളിക്കാൻ മറ്റ് ആനകൾ സവിശേഷങ്ങളായ ശബ്ദങ്ങളാണ് ഉപയോഗിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. അതായത് ഒരു കൂട്ടത്തിൽ പത്ത് ആനകൾ ഉണ്ടെങ്കിൽ കൂട്ടത്തിലുള്ളവർ അവയിൽ ഓരോന്നിനേയും വിളിക്കാൻ പ്രത്യേകം ശബ്ദങ്ങളാകും ഉപയോഗിക്കുക.

കെനിയയിലെ ആനക്കൂട്ടങ്ങളിൽ നടന്ന പഠനത്തിലാണ് ഈ ജീവിസമൂഹത്തിലെ സവിശേഷമായ സ്വഭാവം ഗവേഷകർ കണ്ടെത്തിയത്. കെനിയയിലെ സാംബൂറൂ, അംബോസെലി എന്നീ വനമേഖലകളിലെ ആനകളിലാണ് ഈ പഠനം നടത്തിയത്. ഒരേ കുടുംബത്തിൽ പെട്ട ആനകൾ തമ്മിലുള്ള വിളികൾ റെക്കോർഡ് ചെയ്ത് അവ നിരീക്ഷിച്ചായിരുന്നു ഈ പഠനം. പഠനത്തിൽ 625 വിളികളാണ് ഉപയോഗിച്ചത്. ഇവയിൽ 597 വിളികളും ഒരേ കുടുംബത്തിലെ തന്നെ ആനകൾക്ക് വേണ്ടി ആ കൂട്ടത്തിൽപ്പെട്ടവർ നടത്തിയവയാണ്. ആകെ വ്യത്യസ്ത ആനക്കൂട്ടങ്ങളിലായി 114 ആനകളാണ് ഇത്തരത്തിൽ വിളിക്കുന്നതിനായി സവിശേഷ ശബ്ദങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. 119 ആനകളാണ് ഈ വിളിയോട് പ്രതികരിച്ചതെന്നും ഗവേഷകർ പറയുന്നു.

Read Also: പണം മോഷ്ടിച്ച് മേശവലിപ്പിൽ കൊണ്ടിടുന്ന പക്ഷി; ഇങ്ങനെപോയാൽ ഉടമ കുടുങ്ങും– വിഡിയോ

കൂട്ടത്തിലെ ഏതെങ്കിലും ഒരു അംഗത്തെ മാത്രം ഉദ്ദേശിച്ചുള്ള വിളികൾ മാത്രമാണ് ഗവേഷകർ പഠനത്തിനായി ഉപയോഗിച്ചത്. ഈ വിളികൾ ഏത് ആനയെ ഉദ്ദേശിച്ചാണ് ഉള്ളതെന്ന് പ്രതികരണം വഴി കണ്ടെത്തുകയായിരുന്നു ഗവേഷകരുടെ ഉദ്ദേശം. ആനകൾ പുറപ്പെടുവിക്കുന്ന ശബ്ദത്തിലെ തരംഗങ്ങളിലെ വ്യത്യാസം മനസ്സിലാക്കിയാണ് ഓരോ വിളികളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നത്. ഈ തരംഗങ്ങളെ ഗണിതത്തിലേക്ക് മാറ്റി, അതിൽ സ്റ്റാറ്റിസ്റ്റിക്കൽ അവലോകനം നടത്തിയാണ് ഗവേഷകർ തങ്ങളുടെ കണ്ടെത്തൽ ഉറപ്പിച്ചത്.

ആഫ്രിക്കൻ ആനകൾ. (Photo: Twitter/@NoureddinBV)
ആഫ്രിക്കൻ ആനകൾ. (Photo: Twitter/@NoureddinBV)

ആനകളുടെ ശക്തമായ സാമൂഹിക ഘടന

ആനകൾ പരസ്പരം നടത്തിയ വിളികൾ നിരീക്ഷിച്ചതിന് പുറമെ, ഗവേഷകർ തങ്ങൾ റെക്കോർഡ് ചെയ്ത ശബ്ദം ഉപയോഗിച്ചും പഠനം നടത്തിയിരുന്നു. കൂട്ടത്തിലുള്ള ആനകളുടെ ശബ്ദം റെക്കോർഡ് ചെയ്ത് അത് വീണ്ടും കേൾപ്പിക്കുമ്പോഴും ആ വിളികൾ അതാത് ആനകളിൽ നിന്ന് പ്രതികരണം ലഭിക്കുന്നുണ്ടെന്നും കണ്ടെത്തി. മനുഷ്യരല്ലാതെ മറ്റൊരു ജീവി സമൂഹം സവിശേഷ ശബ്ദങ്ങൾ ഉപയോഗിച്ച് കൂട്ടത്തിലെ ഓരോ ജീവിയേയും പ്രത്യേകം വിളിക്കുന്നതായി കണ്ടെത്തുന്നത് ഇത് ആദ്യമാണ്. 

Read Also: 100 വർഷം ജീവിക്കുന്ന അപൂർവമത്സ്യം: ദിനോസറുകൾക്കും മുൻപേ ഭൂമിയിൽ ജനനം

മനുഷ്യരെ പോലെ തന്നെ ശക്തമായ സാമൂഹിക ഘടന ഉള്ള ജീവികളാണ് ആനകൾ. അതിനാൽ തന്നെ ഇവയിൽ പേരുകൾ ഉപയോഗിച്ച് പരസ്പരം വിളിക്കുന്നത് അത്ഭുതത്തേക്കാൾ ഉപരി കൗതുകത്തോടെയാണ് ശാസ്ത്രലോകം കാണുന്നത്. പരസ്പരം പ്രത്യേകം പേരുകൾ നൽകി വിളിക്കുന്നത് ഒരു ജീവിസമൂഹത്തിലെ സാമൂഹിക ഘടന ശക്തമാകാൻ ഉപകരിക്കുമെന്നും ഗവേഷകർ പറയുന്നു. ആനകളുടെ സാമൂഹിക ജീവിത ഘടനയിൽ ഇനിയും രഹസ്യങ്ങൾ ഒളിച്ചിരിക്കുന്നുണ്ടാകാം എന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നതും.

Content Highlights: African Elephants | Human Name | Elephant 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com