ADVERTISEMENT

തന്നെപ്പോലെ തന്നെ തന്റെ വളർത്തു പാമ്പും കടലിലൂടെയുള്ള സഞ്ചാരം ആസ്വദിക്കട്ടെ എന്ന് കരുതിയാണ് ഓസ്ട്രേലിയൻ സ്വദേശിയായ ഹിഗർ ഫ്യൂസ എന്ന വ്യക്തി വളർത്തു പാമ്പായ ശിവയുമൊത്ത് കടലിൽ എത്തിയത്. രണ്ടുപേരും ഏറെനേരം സർഫിങ് ആസ്വദിക്കുകയും ചെയ്തു. കണ്ടുനിന്ന ചിലരാവട്ടെ ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമൊക്കെ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. കൗതുകകരമായ കാഴ്ച വളരെ പെട്ടെന്ന് തന്നെ വൈറലായി. എന്നാൽ ഈ പ്രശസ്തി മൂലം ഹിഗറിന് അധിക ദിവസങ്ങൾ ആസ്വദിക്കാൻ സാധിച്ചില്ല. പാമ്പിനെ അപകടത്തിലാക്കി എന്ന കാരണത്തെ ചൊല്ലി അദ്ദേഹത്തിനെതിരെ നാലു ഭാഗത്തുനിന്നും പരാതികൾ ഉയരുകയായിരുന്നു.

 

കാർപെറ്റ് പൈതൺ ഇനത്തിൽപ്പെട്ട പാമ്പാണ് ശിവ. തന്റെ കഴുത്തിലും ശരീരത്തിലും ഒക്കെ ശിവയെ ചുറ്റികൊണ്ടായിരുന്നു കടലിൽ ഹിഗറിന്റെ അഭ്യാസം. ഇടയ്ക്കിടെ ഹിഗറിന്റെ ശരീരത്തിൽ നിന്നും ഇഴഞ്ഞ് ഇറങ്ങുന്ന ശിവ സർഫിങ് ബോർഡിലും ചുറ്റിപ്പണിഞ്ഞുകിടക്കും. തനിക്കൊപ്പം കടലിൽ ഇറങ്ങാൻ ശിവ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്ന് ഹിഗർ പറയുന്നു. ഗോൾഡ് കോസ്റ്റിലെ തീരങ്ങളിൽ പലതവണ ശിവയുമൊത്ത് അദ്ദേഹം എത്തിയിട്ടുമുണ്ട്.

 

എന്നാൽ ഏതാനും ആഴ്ചകൾക്കു മുൻപ് സർഫിങ് നടത്തുന്ന വിഡിയോയാണ് ആളുകളുടെ ശ്രദ്ധ നേടിയത്. സമൂഹമാധ്യമങ്ങളുടെ പുറത്തുവന്ന വിഡിയോ കണ്ടവർക്കെല്ലാം ഏറെ ഇഷ്ടപ്പെട്ടെങ്കിലും വന്യജീവി സംരക്ഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ കാര്യം അങ്ങനെ ആയിരുന്നില്ല. ശിവയെ ഉപദ്രവിക്കുന്നതിന് തുല്യമായ പ്രവർത്തിയാണ് ഹിഗർ ചെയ്യുന്നത് എന്നാണ് ഇവരുടെ ആരോപണം. അതിനാൽ ഈ വിഡിയോ ആഘോഷിക്കപ്പെടേണ്ട ഒന്നല്ല എന്നും പാമ്പിന്റെ ഉടമയ്ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടതെന്നും ഉദ്യോഗസ്ഥർ ഉറച്ചു.

 

പരാതി ഉയർന്നതിനെ തുടർന്ന് ക്വീൻസ്‌ലൻഡിന്റെ പരിസ്ഥിതി ശാസ്ത്രകാര്യ വിഭാഗം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഒടുവിൽ ഇത്തരം ഒരു പ്രവർത്തി ഹിഗർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തുകയും പാമ്പിന്റെ ജീവൻ അപകടത്തിലാക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് 2322 ഓസ്ട്രേലിയൻ ഡോളർ (1.24 ലക്ഷം രൂപ) പിഴ ചുമത്തുകയും ചെയ്തു. ഇത്തരം വളർത്തുമൃഗങ്ങളെ പൊതുജനങ്ങൾക്കിടയിലേക്കെത്തിക്കുന്നതും സാഹസിക പ്രവർത്തികളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്നതും അവയ്ക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കുകയും അതുവഴി അക്രമകാരികളാകാനുള്ള സാധ്യത വർധിക്കുകയും ചെയ്യുമെന്ന് വൈൽഡ് ലൈഫ് ഓഫീസറായ ജ ജൊനാതൻ മക്ഡൊണാൾഡ് അറിയിക്കുന്നു.

 

കടൽ പാമ്പുകൾ ഒഴികെ മറ്റ് പാമ്പിനങ്ങളിൽ ഏറെയും നീന്താൻ കഴിവുണ്ടെങ്കിലും വെള്ളത്തിൽ നിന്നും അകന്നുനിൽക്കാൻ ശ്രമിക്കുന്നവയാണ്. ഹിഗറിന്റെ പെരുമ്പാമ്പിനെ സംബന്ധിച്ചിടത്തോളം അതിന് ഒട്ടും പരിചിതമല്ലാത്ത സാഹചര്യമാണ് കടലിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ചുരുങ്ങിയത് 10 തവണയെങ്കിലും താൻ ഇതിനോടകം ശിവയുമായി കടലിൽ സർഫിങ് നടത്തിയിട്ടുണ്ടെന്ന് ഹിഗർ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണഗതിയിൽ ഇഷ്ടമല്ലാത്ത എന്തെങ്കിലും കാര്യം ഉണ്ടായാൽ ശിവ പെരുമാറ്റത്തിലൂടെ അസ്വസ്ഥത  പ്രകടിപ്പിക്കാറുണ്ട്. എന്നാൽ കടലിൽ ഇറങ്ങി ഒരു തവണ പോലും അത്തരം ഒരു പെരുമാറ്റം പാമ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം.

 

Content Highlights:  Queensland | man | fined | surfing | pet snake | Gold Coast | Environment News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com