ഇൻസ്റ്റഗ്രാമിൽ മനംകവർന്ന് സൈബീരിയൻ ഹസ്കി! സ്വർണവേട്ടയ്ക്കായി അലാസ്കയിലെത്തിയ നായയിനം
![siberian-huskey സൈബീരിയൻ ഹസ്കി (Photo: Instagram/DogsOfIG // GreatPetCare)](https://img-mm.manoramaonline.com/content/dam/mm/mo/environment/wild-life/images/2023/9/25/siberian-huskey.jpg?w=1120&h=583)
Mail This Article
ഇൻസ്റ്റഗ്രാമിൽ നായപ്രേമികൾക്ക് ഏറെ ഇഷ്ടമുള്ള നായയിനമാണ് സൈബീരിയൻ ഹസ്കി. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലും മറ്റു സമൂഹമാധ്യമങ്ങളിലുമൊക്കെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ഓക്‌ലി എന്ന സൈബീരിയൻ ഹസ്കി നായ. ഉടമസ്ഥൻ പറയുന്ന കാര്യങ്ങൾക്ക് നിഷേധസ്വരം പ്രകടിപ്പിക്കുകയാണ് ഓക്‌ലിയുടെ പ്രധാനപരിപാടി. മനുഷ്യർ ‘നോ’ എന്നു പറയുന്ന പോലെയാണ് ഓക്‌ലിയുടെ പ്രതികരണമെന്ന് ചില ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലുൾപ്പെടെ നായപ്രേമികളുടെ ഇഷ്ട നായ് ഇനങ്ങളിൽ ഒന്നാണ് ഹസ്കി, നായ്ക്കളിലെ സുന്ദരക്കുട്ടപ്പന്മാരായ സൈബീരിയൻ ഹസ്കികൾ ഒറ്റനോട്ടത്തിൽ ഓമന മൃഗങ്ങൾ മാത്രമാണെന്നു തോന്നുമെങ്കിലും ഇതല്ല സത്യം. സാഹസികതകളുടെ ഒരു പ്രൗഢമായ ഭൂതകാലം ഈ നായ്ക്കൾക്കുണ്ട്. ഇതിലെ ഏറ്റവും പ്രശസ്തമായ ഏടാണ് നോമിലെ സ്വർണവേട്ട.
സൈബീരിയൻ ഹസ്കികൾ റഷ്യയുടെ വടക്കുകിഴക്കേ അറ്റത്തുള്ള സൈബീരിയൻ മേഖലയിൽ പെടുന്ന ചുക്ചി ഉപദ്വീപ മേഖലയിലാണ് ആദ്യം ബ്രീഡ് ചെയ്യപ്പെട്ടത്. ചുക്ചി വംശജർ എന്ന ആദിമവംശ നിവാസികളാണ് ഇവയെ ആദ്യമായി വികസിപ്പിച്ചത്. യുഎസിലുണ്ടായിരുന്ന ആദിമ നിവാസികളുമായി ശക്തമായ ബന്ധമുള്ളവരാണ് ചുക്ചികൾ. ഈ ഭാഗത്ത് റഷ്യയെയും യുഎസിന്റെ അലാസ്കയെയും തമ്മിൽ വേർതിരിക്കുന്നത് ബെറിങ് എന്ന ചെറിയ കടലിടുക്ക് മാത്രമാണ്. അലാസ്കൻ ഹസ്കി, അലാസ്കൻ മാലമൂട്ട് എന്നീ നായ ഇനങ്ങളുമായി സൈബീരിയൻ ഹസ്കിക്ക് വളരെയേറ ജനിതകസാമ്യമുണ്ട്. ഒരേ പൂർവിക വിഭാഗത്തിൽ നിന്ന് ഇവ ഉടലെടുക്കാനുള്ള സാധ്യതയും ശാസ്ത്രജ്ഞർ നേരത്തെ സംശയിച്ചിരുന്നു.
മഞ്ഞിൽ തെന്നിനീക്കുന്ന വാഹനങ്ങൾ കെട്ടിവലിക്കുന്ന സ്ലെഡ്ജ് ഡോഗുകളായാണു ഹസ്കികളെ ചുക്ചികൾ പ്രധാനമായും ഉപയോഗിച്ചിരുന്നത്. 1908ൽ അലാസ്കയിലെ നോമിലേക്ക് ദൗത്യത്തിനായി എത്തിയതോടെയാണ് സൈബീരിയൻ ഹസ്കികൾ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയർന്നത്. വെറുമൊരു ദൗത്യമായിരുന്നില്ല അത്. സ്വർണവേട്ടയായിരുന്നു അലാസ്കയിൽ ഹസ്കികളെ കാത്തിരുന്നത്. വില്യം ഗൂസാക്ക് എന്ന അമേരിക്കക്കാരനാണ് ഹസ്കികളെ ആദ്യമായി അലാസ്കയിൽ എത്തിച്ചത്.
![sled-dog സ്ലെഡ് ഡോഗ്. (Photo: Twitter/@NiteGrafix)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ആദ്യം ഒരു സ്ലെഡ്ജിങ് റേസ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ ഇവയ്ക്ക് അവഹേളനമാണ് ലഭിച്ചത്. അക്കാലത്ത് അലാസ്കയിൽ പ്രബലരായിരുന്ന മാലമൂട്ടുകളെ പോലുള്ള നായ്ക്കളെ അപേക്ഷിച്ച് ശരീരവലുപ്പം കുറവായതിനാൽ ഇവയെ സൈബീരിയൻ എലികൾ എന്നു കളിയാക്കി വിളിച്ചു ആളുകൾ. എന്നാൽ ആ മത്സരത്തിൽ ഹസ്കികൾ നടത്തിയ മുന്നേറ്റം കാണികളുടെ മനം കവരുക തന്നെ ചെയ്തു.
![siberian-huskey-2 സൈബീരിയൻ ഹസ്കി (Photo: Twitter/@TomJumboGrumbo)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
അക്കാലത്ത് അലാസ്കയിൽ സ്നേക് നദിയുടെ തീരത്തുള്ള നോം പട്ടണത്തിൽ സ്വർണം കണ്ടെത്തി. മഞ്ഞുമൂടിയ ഭൂമിക്കടിയിൽ നിന്നായിരുന്നു സ്വർണം. അങ്ങനെയാണു നോം സ്വർണവേട്ട തുടങ്ങുന്നത്. ഈ വേട്ടയുടെ അവസാനപാദത്തിലെത്തിയ സൈബീരിയൻ ഹസ്കികൾ സ്വർണം ലഭിച്ചിടത്തു നിന്ന് അത് ക്യാംപുകളിലേക്കു കൊണ്ടുപോകുന്നതിനും ആളുകളെ തിരികെയെത്തിക്കുന്നതിനുമൊക്കെ സഹായകരമായി, സ്വർണവേട്ടയുടെ ശ്രദ്ധേയ ചിഹ്നങ്ങളിലൊന്നായി ഹസ്കികൾ താമസിയാതെ മാറി. അമേരിക്കയിൽ നടത്തിയ നിരവധി സ്ലെഡ്ജിങ് റേസുകളിൽ പിൽക്കാലത്ത് ഹസ്കികൾ പങ്കെടുക്കുകയും സമ്മാനങ്ങളും സ്ഥാനങ്ങളും നേടുകയും ചെയ്തു. പിന്നീട് യുഎസിലെ ഏറ്റവും പ്രിയപ്പെട്ട ഡോഗ് ബ്രീഡുകളിലൊന്നായി ഈ ‘റഷ്യക്കാരൻ’ മാറുകയുണ്ടായി.
Content Highlights: Siberian Husky | Oakley | Instagram