കനാലിനരികെ യുവതിയുടെ മൃതദേഹാവശിഷ്ടം കടിച്ചുപിടിച്ച് ചീങ്കണ്ണി; വെടിവച്ചു കൊന്നു
Mail This Article
ഫ്ലോറിഡയിൽ കടിച്ചു കൊലപ്പെടുത്തിയ നിലയിലുള്ള മനുഷ്യ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളുമായി ചീങ്കണ്ണിയെ കണ്ടെത്തി. ടാമ്പ നഗരത്തിലെ ലാർഗോയിലുള്ള ഒരു കനാലിലാണ് വായയ്ക്കുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കടിച്ചുപിടിച്ച നിലയിൽ ചീങ്കണ്ണിയെ കണ്ടെത്തിയത്. 13 അടിയായിരുന്നു ചീങ്കണ്ണിയുടെ നീളം.
രണ്ടുദിവസങ്ങൾക്കു മുൻപ് കനാലിന് സമീപത്തു കൂടി നടന്നു പോവുകയായിരുന്ന ജമാർക്കസ് ബല്ലാർഡ് എന്ന വ്യക്തിയാണ് ചീങ്കണ്ണിയെ ആദ്യം കണ്ടത്. അത് ചീങ്കണ്ണി തന്നെയാണോ എന്ന് സംശയം തോന്നിയ അദ്ദേഹം ഒരു കല്ലെടുത്ത് എറിഞ്ഞുനോക്കി. മൃതദേഹം കടിച്ചുപിടിച്ചിരുന്ന ചീങ്കണ്ണി ഉടൻതന്നെ അതും വലിച്ചുകൊണ്ട് വെള്ളത്തിനടിയിലേക്ക് പോവുകയായിരുന്നു. അദ്ദേഹം ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി. അതിനുശേഷം ജമാർക്കസ് തന്നെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.
സംഭവം അറിഞ്ഞ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ചീങ്കണ്ണിയെ വെറുതെ വിടുന്നത് പൊതുജനങ്ങളുടെ ജീവന് ആപത്താണെന്ന് തിരിച്ചറിഞ്ഞതോടെ അതിനെ കൊല്ലാനായിരുന്നു തീരുമാനം. കമ്പു പോലെയുള്ള ഉപകരണമുപയോഗിച്ച് അതിന്റെ തല മുകളിലേക്ക് ഉയർത്തിക്കൊണ്ടുവന്ന് വെടിവയ്ക്കുകയായിരുന്നു.
Read Also: ‘ഐ ആം ബിസി’: റെയിൽവേ ഓഫിസിൽ കംപ്യൂട്ടറിൽ ജോലിചെയ്യുന്ന കുരങ്ങൻ– വിഡിയോ
ഭവനരഹിതയായ സബ്രീന എന്ന 41 കാരിയാണ് ചീങ്കണ്ണിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. തണ്ണീർത്തടങ്ങൾ പോലെയുള്ള പ്രദേശങ്ങളിൽ അതിക്രമിച്ചു കയറിയതിന് പലതവണ പൊലീസിന്റെ പിടിയിലായ വ്യക്തിയാണ് സബ്രീന. സമാനമായ രീതിയിൽ കനാലിന് സമീപമുള്ള പ്രദേശത്ത് അതിക്രമിച്ചു കയറിയപ്പോഴായിരിക്കാം ചീങ്കണ്ണിയുടെ ആക്രമണം ഉണ്ടായതെന്ന് കരുതുന്നു.
അതേസമയം ചീങ്കണ്ണി ധാരാളമായി സ്വതന്ത്ര വിഹാരം നടത്തുന്ന മേഖലയാണ് ഇതെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ ആക്രമണങ്ങൾ ഉണ്ടാകുന്നത് അത്ര സാധാരണമല്ല. ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയ ചീങ്കണ്ണിയാണ് ഇന്നോളം ഈ മേഖലയിൽ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതെന്നും നാട്ടുകാർ പറയുന്നു.
Content Highlights: Allegator | Florida | Animal | Environment