കുടിയൊഴിക്കപ്പെട്ട സ്ഥലം മൃഗങ്ങള് കയ്യേറി; മനുഷ്യനെ ഭയമില്ലാതായി: ഫുക്കുഷിമ ദുരന്തത്തിനു ശേഷം സംഭവിച്ചത്
Mail This Article
അടുത്തകാലത്ത് ഫുക്കുഷിമ വീണ്ടും ലോകശ്രദ്ധ നേടി. ഒരു പതിറ്റാണ്ടിലേറെയായി ഫുക്കുഷിമ ആണവ റിയാക്ടറിൽ നിന്നു ശേഖരിച്ചുവയ്ക്കുന്ന ജലം, പസിഫിക് സമുദ്രത്തിലേക്ക് ഒഴുക്കാനുള്ള ജപ്പാൻ പദ്ധതി തുടങ്ങിയതോടെയാണ് ഇത്. വലിയ വിമർശനം ലോകത്തിന്റെ പല കോണുകളിൽ നിന്ന് ഉയർന്നെങ്കിലും പദ്ധതിക്ക് ജപ്പാൻ തുടക്കമിട്ടു. ആദ്യ ബാച്ച് ജലം അവർ ഒഴുക്കിക്കളഞ്ഞു. രണ്ടാമത്തെ ബാച്ച് ഉടനെ ഒഴുക്കാൻ പോകുകയുമാണ്.
2011ൽ ജപ്പാനെ നടുക്കിയ ഭൂകമ്പവും തുടർന്നുണ്ടായ സുനാമിയുമാണ് ഫുക്കുഷിമ ആണവ റിയാക്ടറിലെ പ്രതിസന്ധിക്കു വഴിവച്ചത്. ജപ്പാന്റെ പസിഫിക് തീരത്തെ ഫുക്കുഷിമ മേഖലയിലായിരുന്നു ഫുക്കുഷിമ ഡായ്ചി ആണവ നിലയം സ്ഥിതി ചെയ്തിരുന്നത്. 1971-79 കാലഘട്ടത്തിൽ പണിത ആറു റിയാക്ടറുകളായിരുന്നു ഇവിടെയുള്ളത്. എന്നാൽ സംഭവം നടക്കുമ്പോൾ ഇതിൽ മൂന്നെണ്ണം മാത്രമായിരുന്നു പ്രവർത്തനം.
സൂനാമി മുന്നറിയിപ്പിനെതുടർന്ന് ഇവ ഓട്ടമാറ്റിക്കായി തന്നെ പ്രവർത്തനം അവസാനിപ്പിച്ചു. എന്നാൽ സൂനാമിത്തിരകൾ ജനറേറ്ററുകൾ നശിപ്പിച്ചതു മൂലം ഈ നിലയത്തിൽ പൂർണമായും വൈദ്യുതി ഇല്ലാതെയായി. ഇതോടെ ആണവ ഇന്ധനത്തെ ശിതീകരിക്കുന്ന സംവിധാനങ്ങൾ തകരാറിലായി. ചുട്ടുപഴുത്ത ആണവ ഇന്ധനം റിയാക്ടറുകളിൽ ദ്വാരങ്ങൾ സൃഷ്ടിച്ചുകൊണ്ട് പുറത്തെത്തി. ഇത് റിയാക്ടറിന്റെ കണ്ടെയ്ൻമെന്റ് വെസലുകളിൽ ഹൈഡ്രജൻ ഇന്ധനം അതിമർദ്ദത്തിൽ ഉടലെടുക്കുന്നതിനു കാരണമാകുകയും വലിയ സ്‌ഫോടനം നടക്കുകയും ചെയ്തു.
Read Also: ഡ്രൈവിങ് സീറ്റിൽ നായ; സ്പീഡ് ക്യാമറയിൽ ദൃശ്യം പതിഞ്ഞു: ഉടമയ്ക്ക് പിഴ
ഇതെത്തുടർന്ന് മേഖലയിൽ വലിയ വികിരണപ്രവാഹം ഉടലെടുത്തു. പ്ലാന്റിനു അനേകം കിലോമീറ്ററുകൾ ചുറ്റളവിൽ ജപ്പാൻ സർക്കാർ എല്ലാരീതിയിലുമുള്ള പ്രവേശനം നിരോധിച്ചു. പാരിസ്ഥിതികമായി ദുരന്തണ്ടാക്കിയ പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. മൂന്നരലക്ഷത്തോളം പേരെ പ്രദേശത്തു നിന്ന് കുടിയൊഴിപ്പിക്കേണ്ടി വന്നു. ഇന്നും ഫുക്കുഷിമ മൂലം ഉടലെടുത്ത പ്രശ്‌നങ്ങൾക്കു പരിഹാരമായിട്ടില്ല.
തുടർന്ന് ആളുകളില്ലാതായ മേഖലയെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നു. ഇക്കൂട്ടത്തിൽ നടന്ന ഒരു പഠനഫലം കൗതുകകരമാണ്. റേഡിയോ ആക്ടീവായ കാട്ടുപന്നികൾ പ്രദേശത്തു പെരുകുന്നുണ്ടത്രേ. ഫുക്കുഷിമ സർവകലാശാലയിലെ ഗവേഷകൻ ഡോണോവൻ ആൻഡേഴ്‌സന്റെ നേതൃത്വത്തിലുള്ള സംഘമാണു പഠനം നടത്തിയത്.
പ്രദേശത്ത് പെരുകിയ കാട്ടുപന്നികളിൽ റേഡിയോ ആക്ടീവ് മൂലകമായ സീഷിയം-137 ന്റെ അളവ് സുരക്ഷിത തോതിനെക്കാൾ 300 മടങ്ങ് അധികമാണെന്നാണു കണ്ടെത്തിയത്. ദുരന്തം മൂലം സംഭവിച്ചതാണ് ഈ വർധന.
Read Also: അമ്മ ഓടിരക്ഷപ്പെട്ടു, ഒറ്റപ്പെട്ട കുട്ടിയാനയെ വേട്ടയാടാൻ ഒരുകൂട്ടം സിംഹം–വിഡിയോ.
ഫുക്കുഷിമയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ കൂട്ടത്തോടെ കുടിയൊഴിക്കപ്പെട്ടതോടെ വന്യജീവികൾ പ്രദേശം കൈയടക്കാൻ തുടങ്ങി. ചെന്നായ്ക്കൂട്ടമാണ് ആദ്യമെത്തിയത്. ഇവയുടെ എണ്ണം തുടർന്ന് വളരെ പെരുകി. അതിനൊപ്പം തന്നെ ഫുക്കുഷിമയ്ക്കു ചുറ്റുമുള്ള മലകളിൽ നിന്നും കാടിറങ്ങി പട്ടണത്തിലെ നിരത്തുകളിലേക്ക് കാട്ടുപന്നികളും എത്തി. ഇതിനൊപ്പം മറ്റൊരു കൗതുകകരമായ കാര്യം കൂടി നടന്നു. ഫുക്കുഷിമയിൽ ദുരന്തത്തിനു മുൻപ് ധാരാളം പന്നിഫാമുകളുണ്ടായിരുന്നു. മനുഷ്യർ അപ്രത്യക്ഷരായ ശേഷം ഇതിൽ നിന്നു രക്ഷപ്പെട്ടു പുറത്തിറങ്ങിയ സാധാരണ പന്നികളിൽ കാട്ടുപന്നികൾ പ്രജനനം നടത്തി. ഇപ്പോൾ ഫുക്കുഷിമയിലുള്ള പന്നികളിൽ നല്ലൊരു ശതമാനം കാട്ടുപന്നി-നാട്ടുപന്നി സങ്കരമാണെന്നും ഗവേഷകർ പറയുന്നു.
2018ൽ ഫുക്കുഷിമയിലെ ചിലപ്രദേശങ്ങൾ വാസയോഗ്യമായി പ്രഖ്യാപിച്ചു. ആളുകൾ മടങ്ങിയെത്താനും തുടങ്ങി. എന്നാൽ കുറച്ചുനാളുകളായി സഹവാസമില്ലാത്തതു മൂലം മനുഷ്യരെ തീരെപ്പേടിയില്ലാതായ പന്നികൾ പുനരധിവാസത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ദുരന്തങ്ങളും അതിനു ശേഷമുള്ള മനുഷ്യരുടെ അസാന്നിധ്യവും മൃഗങ്ങളിൽ എന്തെല്ലാം മാറ്റം വരുത്തുന്നെന്നുള്ളതിന്റെ സാക്ഷ്യപത്രമായാണ് ഡോണോവന്റെ ഗവേഷണം ശാസ്ത്രജ്ഞർക്കിടയിൽ വിലയിരുത്തപ്പെടുന്നത്. മറ്റനേകം പരിസ്ഥിതി മാറ്റങ്ങൾക്കും നീണ്ടനാളുകൾ കാരണമായി. ഫുക്കുഷിമ ദുരന്തത്തിനു ശേഷം അവിടെത്താമസിച്ചിരുന്ന തവളകളുടെ നിറം കടുത്തതും വലിയ വാർത്തയായിരുന്നു.
Content Highlights: Fukushima Disaster | Wild boar | Japan