ബുക്ക് ചെയ്യാം പുതിയ സി ബി ആർ 650 ആർ
Mail This Article
മിഡിൽ വെയ്റ്റ് സ്പോർട്സ് ബൈക്ക് ആയ ‘സി ബി ആർ 650 ആറി’നുള്ള ബുക്കിങ്ങുകൾ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) സ്വീകരിച്ചു തുടങ്ങി. കൃത്യമായ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ‘സി ബി ആർ 650 ആറി’ന് എട്ടു ലക്ഷം രൂപയിൽ താഴെയാവും വിലയെന്നാണു സൂചന. കഴിഞ്ഞ വർഷത്തെ മിലാൻ മോട്ടോർ സൈക്കിൾ ഷോയിലാണു ഹോണ്ട ‘സി ബി ആർ 650 എഫി’ന്റെ പകരക്കാരനായ ‘സി ബി ആർ 650 ആർ’ അനാവരണം ചെയ്തത്. ഇന്ത്യയിലെ 22 നഗരങ്ങളിലുള്ള ഹോണ്ട വിങ് വേൾഡ് ഡീലർഷിപ്പുകളിലാണു കമ്പനി ‘സി ബി ആർ 650 ആറി’നുള്ള ബുക്കിങ് സ്വീകരിക്കുക; 15,000 രൂപയാണ് ബുക്കിങ് തുക.
മികച്ച സുരക്ഷയ്ക്കായി ഇരട്ട ചാനൽ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനത്തോടെ എത്തുന്ന ബൈക്കിന് മുൻഗാമിയെ അപേക്ഷിച്ച് ആറു കിലോഗ്രാമോളം ഭാരവും കുറവാണ്; 209 കിലോഗ്രാമാണു ‘സി ബി ആർ 650 ആറി’നു ഭാരം. മുൻമോഡലായ ‘650 എഫി’ൽ നിന്നുള്ള കാര്യമായ പരിണാമമാണ് ‘സി ബി ആർ 650 ആർ’; പുതിയ ബൈക്കിന്റെ സ്പോർട്ടിനെസിന്റെ സൂചകമായാണു പേരിൽ ‘ആർ’ ഇടംപിടിക്കുന്നത്. ‘സി ബി ആർ 600 ആർ ആർ’ നിർമാണം അവസാനിപ്പിച്ച സാഹചര്യത്തിൽ ഈ പേരിനു പ്രസക്തിയുമേറുന്നു.ബൈക്കിനു കരുത്തേകുന്നത് 649 സി സി, ഇൻലൈൻ, ലിക്വിഡ് കൂൾഡ്, നാലു സിലിണ്ടർ എൻജിനാണ്. രാജ്യാന്തര വിപണികളിൽ ഈ എൻജിൻ 12,000 ആർ പി എമ്മിൽ 95 ബി എച്ച് പിയോളം കരുത്തും 8,500 ആർ പി എമ്മിൽ 64 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. സ്ലിപ്പർ ക്ലച്ചും ഹോണ്ടയുടെ ട്രാക്ഷൻ കൺട്രോളായ സെലക്റ്റബ്ൾ ടോർക് കൺട്രോൾ സിസ്റ്റ(എച്ച് എസ് ടി സി)വുമായാണു ബൈക്കിന്റെ വരവ്.
ഇന്ത്യൻ സാഹചര്യങ്ങൾ പരിഗണിച്ചു ‘650 എഫി’ലെ എൻജിൻ റീട്യൂൺ ചെയ്താണു ഹോണ്ട ഇവിടെ വിൽപ്പനയ്ക്കെത്തിച്ചത്. അതുപോലെ ‘സി ബി ആർ 650 ആറി’ലെ എൻജിനിലും ഹോണ്ട പരിഷ്കാരം നടപ്പാക്കുമോ എന്നു വ്യക്തമല്ല. മിലാൻ മോട്ടോർസൈക്കിൾ ഷോയിൽ അരങ്ങേറിയ ബൈക്കിനുള്ള ബുക്കിങ്ങുകളാണ് ഇന്ത്യയിലും സ്വീകരിച്ചു തുടങ്ങുന്നതെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ അറിയിച്ചു.
‘സി ബി ആർ 650 എഫി’ന് 7.37 ലക്ഷം രൂപയായിരുന്നു ഡൽഹിയിലെ ഷോറൂം വില. പിൻഗാമിയായി എത്തുന്ന ‘സി ബി ആർ 650 ആർ’ വിലയിൽ 30,000 മുതൽ 50,000 രൂപയുടെ വരെ വർധന പ്രതീക്ഷിക്കാമെന്നാണു സൂചന. ഗ്രാൻപ്രി റെഡ്, മാറ്റ് ഗൺ പൗഡർ മാറ്റ് മെറ്റാലിക് നിറങ്ങളിലാണു ബൈക്ക് വിൽപ്പനയ്ക്കുണ്ടാവുക.