നാലു വർഷം ,5 ലക്ഷം യൂണിറ്റുകൾ; റെക്കോർഡിട്ട് ക്രേറ്റ
Mail This Article
ജനപ്രിയ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ക്രേറ്റയുടെ ഇതുവരെയുള്ള വിൽപ്പന അഞ്ചു ലക്ഷം യൂണിറ്റ് പിന്നിട്ടതായി ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ). ആഭ്യന്തര വിപണിയിൽ 3.70 ലക്ഷം ക്രേറ്റ’വിറ്റഴിച്ച ഹ്യുണ്ടേയ് മോട്ടോർ 1.40 ലക്ഷം ക്രേറ്റയാണു കയറ്റുമതി ചെയ്തത്. രൂപകൽപ്പനാ മികവിന്റെയും സുരക്ഷയുടെയും പ്രകടനക്ഷമതയുടെയും സാങ്കേതികവിദ്യയുടെയും ഉജ്വല സമന്വയമാണ് ക്രേറ്റയെന്ന് ഹ്യുണ്ടേയ് മോട്ടോർ വിൽപ്പന വിഭാഗം ദേശീയ മേധാവി വികാസ് ജെയിൻ അഭിപ്രായപ്പെട്ടു. പുതുതലമുറ ഉപയോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായ മികച്ച എസ് യു വിയുമാണു ക്രേറ്റ.
നിരത്തിലെത്തി വെറും നാലു വർഷത്തിനുള്ളിലാണു ക്രേറ്റയുടെ മൊത്തം വിൽപ്പന അഞ്ചു ലക്ഷം യൂണിറ്റ് പിന്നിടുന്നത്. ഇത്രയും കുറഞ്ഞ കാലത്തിനിടെ അഞ്ചു ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിക്കുന്ന ആദ്യ ഇന്ത്യൻ നിർമിത എസ് യു വിയുമാണു ക്രേറ്റയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഹ്യുണ്ടേയിയുടെ വാഹന നിർമാണ മികവിനുള്ള സാക്ഷ്യപത്രം കൂടിയാണു വിൽപ്പനയിൽ ക്രേറ്റ കൈവരിച്ച തകർപ്പൻ വിൽപ്പൻ പ്രകടനമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഐകോണിക് രൂപകൽപ്പനയുടെ പിൻബലത്തോടെയെത്തിയ ക്രേറ്റ തകർപ്പൻ പ്രകടനത്തിന്റെയും കിടയറ്റ സുരക്ഷയുടെയും പിൻബലത്തിലാണ് ഇന്ത്യൻ വാഹന വിപണിയിൽ തരംഗം സൃഷ്ടിച്ചത്. സ്മാർട് ഇലക്ട്രിക് സൺറൂഫ്, ക്രൂസ് കൺട്രോൾ, ആറു തരത്തിൽ പവർ ചെയ്ത ഡ്രൈവർ സീറ്റ് സഹിതം വെന്റിലേറ്റഡ് ഫ്രണ്ട് റോ, സ്മാർട് കീ ബാൻഡ്, വയർലെസ് ഫോൺ ചാർജർ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളും സൗകര്യങ്ങളുമൊക്കെയായാണു ഹ്യുണ്ടേയ് ക്രേറ്റ അവതരിപ്പിച്ചത്.
ക്രേറ്റയ്ക്കു കരുത്തേകുന്നത് 1.6 ലീറ്റർ പെട്രോൾ, 1.4 ലീറ്റർ ഡീസൽ, 1.6 ലീറ്റർ ഡീസൽ എൻജിനുകളാണ്. പെട്രോൾ എൻജിൻ 123 പിഎസ് കരുത്തും 15.4 കെജിഎം ടോർക്കുമാണ് സൃഷ്ടിക്കുക. 90 പിഎസ് കരുത്തും 22.4 കെജിഎം ടോർക്കും സൃഷ്ടിക്കാൻ 1.4 ലീറ്റർ ഡീസൽ എൻജിനാവും. അതേസമയം 128 പിഎസ് കരുത്തും 2.6 കെജി എം ടോർക്കുമാണ് 1.6 ലീറ്റർ ഡീസൽ എൻജിൻ വാഗ്ദാനം ചെയ്യുന്നത്.