എത്തുന്നു പുത്തൻ ഫിഗൊ, ബുക്കിങ് തുടങ്ങി
Mail This Article
ഹാച്ച്ബാക്കായ ഫിഗൊയുടെ പരിഷ്കരിച്ച പതിപ്പ് അരങ്ങേറ്റത്തിനൊരുങ്ങിയതോടെ രാജ്യത്തെ ഫോഡ് ഡീലർഷിപ്പുകൾ കാറിനുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങി. അടുത്ത വെള്ളിയാഴ്ചയാണു നവീകരിച്ച ഫിഗൊയുടെ അരങ്ങേറ്റം. ഇതിനു മുന്നോടിയായി 10,000 രൂപ അഡ്വാൻസ് ഈടാക്കിയാണു ഡീലർമാർ കാറിനുള്ള ബുക്കിങ് ഏറ്റെടുക്കുന്നത്. അകത്തളത്തിലെ പരിഷ്കാരങ്ങൾക്കു പുറമെ രണ്ടു പുത്തൻ എൻജിൻ സാധ്യതകളോടെയാണു പുത്തൻ ഫിഗൊയുടെ വരവ്.
പുതിയ ഫിഗൊയുടെ മുന്നിലെയും പിന്നിലെയും ബംപറുകൾ സമഗ്രമായി പരിഷ്കരിച്ചിട്ടുണ്ട്. തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്ന മുൻ ഗ്രിൽ, പരിഷ്കരിച്ച ഹെഡ്‌ലൈറ്റ്, പുത്തൻ അലോയ് വീൽ എന്നിവയും കാറിലുണ്ട്. അകത്തളത്തിൽ പുത്തൻ അപ്ഹോൾസ്ട്രിയും ആറര ഇഞ്ച് ഫ്ളോട്ടിങ് ടച്സ്ക്രീൻ സഹിതം ആപ്ൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടം കംപബാറ്റിബിലിറ്റിയുള്ള ഫോഡ് സിങ്ക് ത്രീ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും ഇടംപിടിച്ചേക്കും. മികച്ച സുരക്ഷ ലക്ഷ്യമിട്ട് ഇരട്ട എയർ ബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, റിവേഴ്സ് പാർക്കിങ് സെൻസർ, സ്പീഡ് അലർട്ട് സംവിധാനം, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവയൊക്കെ ഫിഗൊയുടെ എല്ലാ പതിപ്പിലുമുണ്ടാവും. മുന്തിയ വകഭേദത്തിലാവട്ടെ നാല് അധിക എയർബാഗുണ്ടാവാൻ സാധ്യതയുണ്ട്.
പരിഷ്കരിച്ച ആസ്പയറിലെ എൻജിൻ–ട്രാൻസ്മിഷൻ സാധ്യതകളാണ് പുത്തൻ ഫിഗൊയിലും പ്രതീക്ഷിക്കുന്നത്. രണ്ട് പെട്രോൾ എൻജിനുകളോടെ കാർ ലഭിക്കും; 96 ബി എച്ച് പിയോളം കരുത്തു സൃഷ്ടിക്കുന്ന 1.2 ലീറ്റർ പെട്രോളും 123 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാൻ സാധിക്കുന്ന 1.5 ലീറ്റർ പെട്രോളും. ശേഷി കുറഞ്ഞ എൻജിനു കൂട്ട് അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാവും. 1.5 ലീറ്റർ എൻജിനൊപ്പമാവട്ടെ ആറു സ്പീഡ് ടോർക്ക് കൺവർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സ് മാത്രമാവുമുണ്ടാവുക. മുൻമോഡലിലെ 1.5 ഡീസൽ എൻജിൻ പുതിയ ഫിഗൊയിൽ നിലനിർത്തിയിട്ടുണ്ട്; 100 ബി എച്ച് പി കരുത്തും 215 എൻ എം ടോർക്കും സൃഷ്ടിക്കുന്ന എഈ എൻജിനു കൂട്ട് അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ്.
പുത്തൻ ഫിഗൊ വകഭേദങ്ങൾ സംബന്ധിച്ചും സൗകര്യങ്ങളും സംവിധാനങ്ങളും സംബന്ധിച്ചുമൊന്നും ഫോഡ് സൂചനകളൊന്നും നൽകിയില്ല. എങ്കിലും പരിഷ്കരിച്ച ആസ്പയറിനും എൻഡേവറിനുമൊക്കെ മുൻ മോഡലുകളെ അപേക്ഷിച്ചു വില കുറവായിരുന്നു; ‘ഫിഗൊ’യിലും കമ്പനി ഈ രീതി പിന്തുടർന്നേക്കും.