ഫോഡ് മേധാവിക്ക് 2018ൽ പ്രതിഫലം 118 കോടി രൂപ
Mail This Article
യു എസ് നിർമാതാക്കളായ ഫോഡ് മോട്ടോർ കമ്പനി മേധാവി ജിം ഹാക്കെറ്റിന് കഴിഞ്ഞ വർഷം പ്രതിഫലമായി ലഭിക്കുക 1.71 കോടി ഡോളർ(ഏകദേശം 117.93 കോടി രൂപ). 2017ൽ 1.63 കോടി ഡോളർ(112.41 കോടിയോളം രൂപ) പ്രതിഫലം ലഭിച്ച സ്ഥാനത്താണിത്. 2017നെ അപേക്ഷിച്ച് ഫോഡിന്റെ ലാഭത്തിൽ 260 കോടി ഡോളർ(ഏകദേശം 17,930.38 കോടി രൂപ) ഇടിവു സംഭവിച്ചെങ്കിലും മേധാവിയുടെ പ്രതിഫലം ഉയർത്താൻ ഫോഡ് തീരുമാനിക്കുകയായിരുന്നു.
യു എസിലെ വാഹന നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള ഫോഡിനെ നയിക്കാൻ 2017 മേയിലാണു ഹാക്കറ്റ് നിയോഗിതനായത്. പെൻഷനും മറ്റ് ആനുകൂല്യങ്ങളും കൂടിയാവുന്നതോടെ അദ്ദേഹത്തിന്റെ 2018ലെ വരുമാനം 1.77 കോടി ഡോളർ(ഏകദേശം 122 കോടി രൂപ) ആയി ഉയരുമെന്നാണു കണക്ക്. ഫോഡ് ചെയർമാനായ ബിൽ ഫോഡിനു കഴിഞ്ഞ വർഷം ലഭിക്കുന്ന പ്രതിഫലം 1.25 കോടി ഡോളർ(86.20 കോടി രൂപ) ആണ്; ഫോഡിന്റെ ശമ്പളവും ബോണസും സ്റ്റോക്ക് ഓപ്ഷനുമടക്കമുള്ള വരുമാനമാണിത്. എന്നാൽ പെൻഷനും ഇതര ആനുകൂല്യങ്ങളും കൂടിയാവുന്നതോടെ ഫോഡിന്റെ പ്രതിഫലം 1.38 കോടി ഡോളർ(95.17 കോടി രൂപ) ആയി ഉയരും.
അതേസമയം സ്ഥാനഭൃഷ്ടനാക്കപ്പെട്ട കമ്പനി മേധാവി കാർലോസ് ഘോസ്ന്റെ കഴിഞ്ഞ വർഷത്തെ പ്രതിഫലം സംബന്ധിച്ച തീരുമാനം നീട്ടിവയ്ക്കുകയാണെന്നു ഫ്രഞ്ച് നിർമാതാക്കളായ റെനോ. ഏപ്രിലിൽ ചേരുന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗമാവും ഇതു സംബന്ധിച്ച തീരുമാനമെടുക്കുകയെന്നും കമ്പനി അറിയിച്ചു. കൂടുതൽ തുല്യത ഉറപ്പാക്കാനായി സഖ്യം പുനഃസംഘടിപ്പിക്കുമെന്നു നിസ്സാനും റെനോയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. സഖ്യത്തിന്റെ ചെയർമാനെന്ന നിലയിൽ ഘോസ്നു ലഭിച്ചിരുന്ന വിപുലമായ അധികാരം ഇല്ലാതാക്കി പങ്കാളികൾക്കിടയിൽ തുല്യത കൈവരിക്കാനുള്ള നീക്കമായാണ് ഈ നടപടി വ്യാഖ്യാനിക്കപ്പെടുന്നത്.
സ്വന്തം വരുമാനത്തിൽ 8.2 കോടിയോളം ഡോളർ(ഏകദേശം 565.50 കോടി രൂപ) മറച്ചുവച്ചെന്ന ആരോപണത്തിലാണു ഘോസ്ൻ ജപ്പാനിൽ വിചാരണ നേരിടുന്നത്. കൂടാതെ നിസ്സാന്റെ ചീഫ് എക്സിക്യൂട്ടീവ് എന്ന നിലയിൽ വ്യക്തിഗത നിക്ഷേപത്തിൽ നേരിട്ട നഷ്ടം ഘോസ്ൻ കമ്പനിക്കു കൈമാറിയെന്നും ആക്ഷേപമുണ്ട്. എന്നാൽ ഘോസ്ൻ ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.
രണ്ട് ദശാബ്ദത്തോളം മുമ്പ് പാപ്പരാവുന്നതിന്റെ വക്കോളമെത്തിയ നിസ്സാനെ രക്ഷിച്ചെടുത്തത് ഘോസ്ന്റെ മിടുക്കായിരുന്നു. 1999ലെ രക്ഷാ നടപടിക്കു മുന്നോടിയാണു റെനോ, നിസ്സാന്റെ 43% ഓഹരി സ്വന്താമക്കിയത്. വോട്ടവകാശമില്ലെങ്കിലും റെനോയുടെ 15% ഓഹരികൾ നിസ്സാന്റെ പക്കലുമുണ്ട്. അതേസമയം, റെനോയിലെ ഏറ്റവും വലിയ ഓഹരി ഉടമ ഫ്രഞ്ച് സർക്കാരാണ്.