ADVERTISEMENT

ഹോളിവുഡിൽ തരംഗം സൃഷ്ടിച്ച ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമാ പരമ്പരയിൽ വേഗത്തിനു പുതിയ മാനം സൃഷ്ടിച്ച കാറായ ഷെൽബി ഇന്ത്യയിലുമെത്തുന്നു. ഷെൽബി ഇന്ത്യയുടെ സാങ്കേതിക പങ്കാളിയെന്ന നിലയിൽ പുണെ ആസ്ഥാനമായ എ ജെ പി ഗ്രൂപ്പാവും ഇതിഹാസ മാനങ്ങളുള്ള ഷെൽബി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുക. എ ജെ പെർഫോമൻസ് സ്റ്റുഡിയോയിൽ നിർമിക്കുന്ന കാറുകൾ ഈ വർഷം മധ്യത്തിൽ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ; രണ്ടു കോടിയിലേറെ രൂപയാവും കാറുകളുടെ വിലയെന്നാണു സൂചന.

ഫോഡ് പ്ലാറ്റ്ഫോമിലാണു ഷെൽബിയുടെ റേസിങ് കാറുകൾ സാക്ഷാത്കരിക്കുന്നത്; എന്നാൽ പ്രകടനക്ഷമതയ്ക്കും ദൃഢതയ്ക്കുമായി ഒട്ടേറെ പരിഷ്കാരങ്ങളോടെയാണു ഷെൽബിയുടെ വരവെന്ന് എ ജെ പി ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായ മാനസ് ദിവാൻ വിശദീകരിക്കുന്നു. ആവശ്യമായ പരിഷ്കാരങ്ങളും മാറ്റങ്ങളും സഹിതം കാറുകൾ ഇന്ത്യയിൽ അസംബ്ൾ ചെയ്യാനുള്ള അംഗീകാരത്തോടെയാണ് എ ജെ പി ഗ്രൂപ്പിനെ ഷെൽബി ഇന്ത്യയുടെ സാങ്കേതിക പങ്കാളിയായി നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ ‘ഷെൽബി’ കാറുകളുടെ വിപണനവും വിതരണവും ഷെൽബി ഇന്ത്യ തന്നെയാവും നടത്തുക. ആഗോള വിപണികളിലെന്ന പോലെ ഷെൽബി ഇന്ത്യ ഉപയോക്താക്കൾക്കുള്ള വാറന്റിയും വിൽപ്പനാന്തര സേവന സൗകര്യവുമൊക്കെ ഫോഡ് തന്നെ ലഭ്യമാക്കുമെന്നു ദിവാൻ അറിയിച്ചു.

ഫോഡിന്റെ വിവിധ പ്ലാറ്റ്ഫോമുകൾ അടിത്തറയാക്കി ഷെൽബി പതിപ്പുകൾ എത്താറുണ്ടെങ്കിലും മസ്താങ്ങിൽ അധിഷ്ഠിതമായവയ്ക്കാണു ജനപ്രീതിയേറെ; ഷെൽബി കോബ്ര, ഷെൽബി സൂപ്പർ സ്നേക്ക്, ഷെൽബി ജി ടി 350, ഷെൽബി ജി ടി 500 തുടങ്ങിയവയ്ക്ക് ആവശ്യക്കാരേറെയാണ്.ഇന്ത്യയിലെ ശ്രേണി സംബന്ധിച്ച് ഷെൽബി ഇന്ത്യ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. എങ്കിലും ഇന്ത്യയിലും മസ്താങ്, ഷെൽബി ജി ടി വിഭാഗത്തിലെ കാറുകൾ വിൽപ്പനയ്ക്കുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com