കൈവിട്ട അഭ്യാസം, 4 കോടിയുടെ ലംബോർഗിനി ഇടിച്ചു തകർന്നു– വിഡിയോ
Mail This Article
വാഹനപ്രേമികളുടെയെല്ലാം സ്വപ്ന വാഹനമാണ് ലംബോർഗിനി. 631 ബിഎച്ച്പി കരുത്തുള്ള, പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 2.9 സെക്കന്റുകൾ മാത്രം വേണ്ട ഈ കാറിന്റെ സീറ്റിലിരുന്നാൽ ആരും റേസ് ഡ്രൈവറായി പോകും. എന്നാൽ ചിലപ്പോഴൊക്കെ അതിവേഗത്തിന് കനത്ത വില നൽകേണ്ടി വരും എന്നതോർമിപ്പിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഒരു വിഡിയോ.
വേഗത്തിൽ പാഞ്ഞ ലംബോർഗിനി ഹുറാകാൻ പെർഫോമന്റെ മതിലിൽ ഇടിച്ചു തകരുന്നതാണീ വിഡിയോ. ലണ്ടനിലെ സൂപ്പർകാർ മീറ്റിനിടെയാണ് അപകടം നടന്നത്. ചെറിയ റോഡിൽ വേഗം എടുക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിടുകയായിരുന്നു. മരത്തിലും മതിലിലും ഇടിച്ച് വാഹനം തകർന്നുവെന്നും ഡ്രൈവർ മദ്യത്തിന്റെ ലഹരിയിലായിരുന്നുവെന്നുമാണ് പ്രദേശിയ മാധ്യമങ്ങൾ ഈ സംഭവത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത്.
ലംബോർഗിനിയുടെ സൂപ്പർകാറായ ഹുറാകാന്റെ പെർഫോമൻസ് പതിപ്പായ പെർഫോമന്റേയാണ് അപകടത്തിൽ നിശേഷം തകർന്നത്. അപകടത്തിൽ ആർക്കും പരിക്കുകളേറ്റിട്ടില്ലെങ്കിലും വാഹനത്തിനു സാരമല്ലാത്ത രീതിയിൽ കേടുപാടുകൾ സംഭവിച്ചു. 5204 സിസി എൻജിൻ ഉപയോഗിക്കുന്ന കാറിന് 631 ബിഎച്ച്പി കരുത്തും 600 എൻഎം ടോർക്കുമുണ്ട്. എകദേശം 250,000 യൂറോയാണ് ഹുറാകാൻ പെർഫോമന്റേയുടെ യൂറോപ്യൻ വില. ഇന്ത്യൻ മോഡലിന് ഏകദേശം 4 കോടി രൂപ വില വരും.