ADVERTISEMENT

ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ ആധിപത്യത്തിനായുള്ള പോരാട്ടത്തിൽ നില ഭദ്രമാക്കി ഹീറോ മോട്ടോ കോർപ്. 2018 — 19ലെ വിൽപ്പന കണക്കെടുപ്പിൽ ജാപ്പനീസ് നിർമാതാക്കളു പഴയ പങ്കാളിയുമായ ഹോണ്ടയുമായുള്ള അന്തരം 19  ലക്ഷം യൂണിറ്റിനു മുകളിലെത്തിക്കാൻ ഹീറോ മോട്ടോ കോർപിനായി. ആഭ്യന്തര വിപണിക്കാകെ തുടർച്ചയായി തിരിച്ചടികൾ നേരിട്ട വർഷത്തിലും മികച്ച പ്രകടനത്തോടെ ഒന്നാം സ്ഥാനം നിലനിർത്താനായത് ഹീറോയ്ക്കു നേട്ടമാണ്.

മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ 78,20,745 ഇരുചക്രവാഹനങ്ങളാണ് ഹീറോ മോട്ടോ കോർപ് വിറ്റത്. ഹോണ്ടയുടെ ഉപസ്ഥാപനമായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ മൊത്തം വിൽപ്പനയാവട്ടെ 59,00,840 യൂണിറ്റിലൊതുങ്ങി.

അതേസമയം 2017 — 18ൽ 75,87,130 ഇരുചക്രവാഹനങ്ങളായിരുന്നു ഹീറോ വിറ്റത്; 61,23,877 യൂണിറ്റായിരുന്നു അക്കൊല്ലം ഹോണ്ടയുടെ വിൽപ്പന. അങ്ങനെ 2017 — 18ൽ 14,63,253 ലീഡുണ്ടായിരുന്ന ഹീറോ കഴിഞ്ഞ സാമ്പത്തിക വർഷം വ്യത്യാസം 19,19,905 യൂണിറ്റായി ഉയർത്തി. ‘എക്സ്ട്രീം 200 ആറു’മായി പ്രീമിയം മോട്ടോർ സൈക്കിൾ വിഭാഗത്തിലും ‘ഡെസ്റ്റിനി 125’ സ്കൂട്ടറുമായി 125 സി സി വിഭാഗത്തിലുമൊക്കെ പ്രവേശിച്ചതാണ് 2018 — 19ൽ ഹീറോയ്ക്കു നേട്ടമായത്. അതിവേഗ വിൽപ്പന കൈവരിക്കുന്ന വിഭാഗങ്ങളിൽ സാന്നിധ്യം ഉറപ്പിച്ചതിനൊപ്പം നിലവിലുള്ള മോഡലുകളിലും മികവ് തുടരാൻ ഹീറോയ്ക്കായി. 

അടുത്ത വർഷത്തോടെ ഹീറോയെ പിന്തള്ളി ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ നേതൃസ്ഥാനം സ്വന്തമാക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള ഹോണ്ടയ്ക്കാവട്ടെ 2018 — 19 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതി തിരിച്ചടികളുടേതായി. ഇതോടെ ആദ്യ പകുതിയിലെ നേട്ടം പൂർണമായും നഷ്ടമായെന്നും കമ്പനി വിലപിക്കുന്നു.കഴിഞ്ഞ സെപ്റ്റംബറിൽ ഇൻഷുറൻസ് പ്രീമിയം നിരക്ക് ഉയർന്നത് ഉത്സവകാല വിൽപ്പനയെ ബാധിച്ചെന്ന് എച്ച് എം എസ് ഐ വാദിക്കുന്നു. ഉത്സവകാലം പ്രമാണിച്ചു ഡീലർഷിപ്പുകളിൽ കൂടുതൽ സ്റ്റോക്ക് എത്തിച്ചതും പിന്നീടുള്ള മാസങ്ങളിൽ ബാധ്യതയായി. 

ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ മൂന്നാം സ്ഥാനത്തുള്ള ബജാജ് ഓട്ടോ ലിമിറ്റഡ് 2018 — 19ൽ 42,36,873 യൂണിറ്റാണ് വിറ്റത്. 2017 — 18ൽ വിറ്റ 33,69,334 യൂണിറ്റിനെ അപേക്ഷിച്ച് 26% അധികമാണിത്.

 

ചെന്നൈ ആസ്ഥാനമായ ടി വി എസ് മോട്ടോർ കമ്പനിക്കാണ് ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ നാലാം സ്ഥാനം. 2017 — 18ൽ 33.67 ലക്ഷം യൂണിറ്റ് വിറ്റ ടി വി എസ് കഴിഞ്ഞ സാമ്പത്തിക വർഷം വിൽപ്പന 37.57 ലക്ഷമായി ഉയർത്തി; 12% വളർച്ച.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com