ഇലക്ട്രിക് വാഹന വിപണിയിൽ പടിമുറുക്കാൻ ടാറ്റ, ഉടൻ നിർമിച്ചു നൽകുന്നത് 255 ബസ്സുകൾ
Mail This Article
വിവിധ സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്പോർട് കോർപറേഷനുകൾക്കുള്ള 255 വൈദ്യുത ബസ്സുകൾ ജൂലൈയ്ക്കുള്ളിൽ നിർമിച്ചു നൽകുമെന്നു ടാറ്റ മോട്ടോഴ്സ്. ബാറ്ററി ലഭ്യതയിലെ പരിമിതകൾ മൂലമാണു വൈദ്യുത ബസ് നിർമാണം വൈകുന്നതെന്നും കമ്പനി വിശദീകരിച്ചു. വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ഫെയിം ഇന്ത്യ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ നിന്നു ലഭിച്ച ഓർഡർ പ്രകാരമുള്ള ബസ്സുകളുടെ ആദ്യ ബാച്ച് നിർമിച്ചു കൈമാറിയതായും ടാറ്റ മോട്ടോഴ്സ് അവകാശപ്പെട്ടു.
ഇതുവരെ 22 വൈദ്യുത ബസ്സുകളാണ് ടാറ്റ മോട്ടോഴ്സ് നിർമിച്ചു നൽകിയത്; ലക്നൗ, കൊൽക്കത്ത, ഇൻഡോർ, ഗുവാഹത്തി, ജമ്മു നഗരങ്ങളിൽ സർവീസ് നടത്താനുള്ള 72 ബസ്സുകൾ കൂടി കൈമാറ്റത്തിനു തയാറായിട്ടുമുണ്ട്. വൈദ്യുത ബസ് നിർമിച്ചു നൽകുന്നതിൽ വരുത്തിയ കാലതാമസത്തിന്റെ പേരിൽ ഏതെങ്കിലും സർക്കാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിട്ടില്ലെന്നും ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി.വൈദ്യുത ബസ്സുകളിൽ ഉപയോഗിക്കാനുള്ള വിദേശ നിർമിതമായ ബാറ്ററികൾ ഇറക്കുമതി വഴിയാണ് ഇന്ത്യയിലെത്തുന്നതെന്നു ടാറ്റ മോട്ടോഴ്സ് വിശദീകരിച്ചു. അതുകൊണ്ടുതന്നെ ബാറ്ററി ലഭ്യതയിൽ അപ്രതീക്ഷിതമായ കാലതാമസം നേരിട്ടിട്ടുണ്ട്; ഇത് ബസ് നിർമാണത്തെയും ബാധിച്ചു. ബാറ്ററി ലഭ്യതയിലെ പ്രശ്നം പരിഹരിക്കാൻ തീവ്രശ്രമം നടത്തുന്നുണ്ടെന്നും ടാറ്റ മോട്ടോഴ്സ് അറിയിച്ചു.
കൂടാതെ ബസ്സിന് ഓർഡർ നൽകിയിട്ടുള്ള സ്ഥാപനങ്ങളുമായി ടാറ്റ മോട്ടോഴ്സ് നിരന്തര സമ്പർക്കത്തിലാണ്; ഉൽപ്പാദനം സംബന്ധിച്ച കൃത്യമായ വിവരം ഈ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അണ്ടർടേക്കിങ്ങു(എസ് ടി യു)കൾക്കു നൽകുന്നുമുണ്ട്. ഈ പശ്ചാത്തലത്തിൽ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തേണ്ട സാഹചര്യമില്ലെന്നും ടാറ്റ മോട്ടോഴ്സ് വിശദീകരിക്കുന്നു. വൈദ്യുത ബസ്സുകൾക്കായി ആകെ ലഭിച്ച ഓർഡറിൽ പകുതിയോളം മാർച്ചിനകം തന്നെ നിർമിച്ചു നൽകിയിട്ടുണ്ട്; അവശേഷിക്കുന്നതിൽ 25% ഈ മാസം നിർമിച്ചു നൽകും. ബാക്കിയുള്ളവയുടെ നിർമാണവും കൈമാറ്റവും ജൂലൈയോടെ പൂർത്തിയാക്കുമെന്നും ടാറ്റ മോട്ടോഴ്സ് അറിയിച്ചു.