ADVERTISEMENT

ഒറ്റ സാമ്പത്തിക വർഷത്തിനിടെ ഇതാദ്യമായി ഹാച്ച്ബാക്കായ ‘സെലേറിയൊ’യുടെ വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. 2018 — 19ൽ 1,03,734 സെലേറിയൊ ആണു വിറ്റതെന്നും കമ്പനി അറിയിച്ചു; മുൻ സാമ്പത്തിക വർഷത്തെ വിൽപ്പനയെ അപേക്ഷിച്ച് 10 ശതമാനത്തോളം അധികമാണിത്.

സെലേറിയൊ വിൽപ്പനയിൽ 52 ശതമാനത്തോളം മുന്തിയ വകേഭദമായ സെഡ് എക്സ് ഐ ആണെന്നും മാരുതി സുസുക്കി വെളിപ്പെടുത്തി. 32% ഉപയോക്താക്കളാണ് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) ഗീയർബോക്സ് തിരഞ്ഞെടുത്തത്. മൊത്തം വിൽപ്പനയിൽ 20 ശതമാനത്തോളമാണ് സി എൻ ജിയിൽ ഓടുന്ന കാറുകളുടെ വിഹിതം.

സെലേറിയൊ കൈവരിച്ച ഈ ഉജ്വല നേട്ടത്തിൽ ഏറെ ആഹ്ലാദമുണ്ടെന്നായിരുന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസിയുടെ പ്രതികരണം. വികസിത രൂപകൽപ്പനയും സാങ്കേതിക വിദ്യയും ആയാസ രഹിതമായ ഡ്രൈവിങ്ങുമൊക്കെ ചേർന്നാണു സെലേറിയൊയെ വൻവിജയമാക്കിയതെന്നും അദ്ദേഹം വിലയിരുത്തി. ക്ലച് രഹിത സാങ്കേതികവിദ്യ ജനപ്രിയമാക്കിയ കാറാണ് ‘സെലേറിയൊ’ എന്നും കാൽസി അവകാശപ്പെട്ടു; സുരക്ഷാ വിഭാഗത്തിലെ പരിഷ്കാരങ്ങൾ മികച്ച സിറ്റി കാർ എന്ന നിലയിൽ ‘സെലേറിയൊ’യുടെ സ്വീകാര്യത വർധിപ്പിച്ചെന്നും അദ്ദേഹം കരുതുന്നു. 

അഞ്ചു വർഷം മുമ്പ് 2014ലാണു മാരുതി സുസുക്കി സെലേറിയൊ അവതരിപ്പിച്ചത്. തുടർന്ന് കാറിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കിയ മാരുതി 2017ൽ ക്രോസോവർ രൂപാന്തരമായ സെലേറിയൊ എക്സും പുറത്തിറക്കി. ഇതുവരെ മൊത്തം 4.70 ലക്ഷം യൂണിറ്റാണു സെലേറിയൊ കൈവരിച്ച വിൽപ്പന. 

കഴിഞ്ഞ ഒന്നിനു പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പ്രാബല്യത്തിലെത്തിയതോടെ ‘സെലേറിയൊ’യിൽ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം(എ ബി എസ്), ഡ്രൈവർ എയർബാഗ്, റിവേഴ്സ് പാർക്കിങ് അസിസ്റ്റ് സംവിധാനം(ആർ പി എ എസ്), ഡ്രൈവർ — കോ ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ, ഹൈ സ്പീഡ് അലർട്ട് സിസ്റ്റം തുടങ്ങിയവയും മാരുതി സുസുക്കി ലഭ്യമാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com