ബംബർ ഹിറ്റായ് അമെയ്സ്, ഒറ്റ വർഷം 85,000 കാറുകൾ
Mail This Article
ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയുടെ കോംപാക്ട് സെഡാനായ അമെയ്സിന്റെ രണ്ടാം തലമുറയുടെ ഇതുവരെയുള്ള ഇന്ത്യയിലെ വിൽപ്പന 85,000 യൂണിറ്റ് പിന്നിട്ടു. കഴിഞ്ഞ മേയിലായിരുന്നു അമെയ്സിന്റെ രണ്ടാം തലമുറയുടെ അരങ്ങേറ്റം. 2013ൽ ഇന്ത്യയിലെത്തിയ അമെയ്സിന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പനയാവട്ടെ 3.40 ലക്ഷം യൂണിറ്റിലേറെയായി. ഹോണ്ടയുടെ ഇന്ത്യയിലെ മോഡൽ ശ്രേണിയിൽ ഏറ്റവും വേഗത്തിൽ ഇത്രയേറെ വിൽപ്പന കൈവരിക്കുന്ന കാറുമായിട്ടുണ്ട് അമെയ്സ്. കഴിഞ്ഞ വർഷം ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് കൈവരിച്ച വിൽപ്പനയിൽ പകുതിയോളം(46%) അമെയ്സിന്റെ സംഭാവനയായിരുന്നു. ഇടത്തരം സെഡാനായ സിറ്റി, പ്രീമിയം ഹാച്ച്ബാക്കായ ജാസ്, കോംപാക്ട് എസ് യു വിയായ ഡബ്ല്യു ആർ –വി തുടങ്ങിയവയും ഇന്ത്യയിൽ ഗണ്യമായ വിൽപ്പന നേടി.
കാറിലെ പുതിയ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ(സി വി ടി) ആണു രണ്ടാം തലമുറ അമെയ്സിന് ഇന്ത്യയിൽ മികച്ച സ്വീകാര്യത നേടിക്കൊടുത്തത്. പെട്രോൾ, ഡീസൽ എൻജിനുകൾക്കൊപ്പം ഹോണ്ട ഓട്ടമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാക്കുന്നുണ്ട്. പോരെങ്കിൽ ഡീസൽ എൻജിനൊപ്പം ഇതാദ്യമായാണ് ഹോണ്ട ഇന്ത്യയിൽ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാക്കുന്നതെന്ന സവിശേഷതയും അമെയ്സിനുണ്ട്. പരിഷ്കരിച്ച രൂപകൽപ്പനയ്ക്കൊപ്പം അകത്തളത്തിൽ കൂടുതൽ സ്ഥലസൗകര്യവും രണ്ടാം തലമുറ അമെയ്സിൽ ഹോണ്ട വാഗ്ദാനം ചെയ്യുന്നു. പിൻസീറ്റ് യാത്രികർക്കു കൂടുതൽ സ്ഥലം ഉറപ്പാക്കാൻ പുത്തൻ അമെയ്സിന്റെ വീൽബേസും ഹോണ്ട വർധിപ്പിച്ചു.
പോരെങ്കിൽ സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊക്കെ കാര്യമായ പരിഷ്കാരത്തോടെയാണു ഹോണ്ട പുത്തൻ അമെയ്സ് അവതരിപ്പിച്ചത്. മുന്തിയ വകഭേദമായ വി എക്സിൽ ഹോണ്ടയുടെ ഡിജിപാഡ് 2.0 സംവിധാനത്തിന്റെ പിൻബലമുള്ള ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഇടംപിടിക്കുന്നു; ആപ്ൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കണക്്ടിവിറ്റിയോടെയാണ് ഈ സംവിധാനമെത്തുന്നത്.