10 വർഷം; 19 ലക്ഷം ഡിസയർ, ഇത് മാരുതിയുടെ സൂപ്പർസ്റ്റാർ
Mail This Article
കോംപാക്ട് സെഡാൻ വിഭാഗത്തിൽ സമാനതകളില്ലാത്ത കുതിപ്പോടെ മാരുതി സുസുക്കി ഡിസയർ; നിരത്തിലെത്തി ദശാബ്ദത്തോളമെത്തുമ്പോൾ 19 ലക്ഷം യൂണിറ്റ് വിൽപ്പനയാണു ജനപ്രിയ സെഡനായ ഡിസയർ വാരിക്കൂട്ടിയത്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം രണ്ടര ലക്ഷം ‘ഡിസയറാ’ണു നിരത്തിലിറങ്ങിയത്; പ്രതിമാസ ശരാശരി വിൽപ്പന തന്നെ 21,000 യൂണിറ്റിലേറെ. ഡിസയറിന്റെ ചിറകിൽ കോംപാക്ട് സെഡാൻ വിഭാഗത്തിൽ 55% വിപണി വിഹിതമാണു മാരുതി സുസുക്കി ഇന്ത്യ അവകാശപ്പെടുന്നത്.
രണ്ടു വർഷം മുമ്പ് 2017 മേയിലാണു മാരുതി സുസുക്കി പരിഷ്കരിച്ച ‘ഡിസയർ’ അവതരിപ്പിച്ചത്. മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങൾക്കൊപ്പം ഡേ ടൈം റണ്ണിങ് ലാംപ്, പ്രിസിഷൻ കട്ട് ഇരട്ട വർണ അലോയ് വീൽ, പിൻ സീറ്റിനായി എ സി വെന്റ്, ആൻഡ്രോയ്ഡ് — ഐ ഒ എസ് കംപാറ്റിബിലിറ്റിയോടെ സ്മാർട് പ്ലേ ഇൻഫൊടെയൻമെന്റ് സംവിധാനം തുടങ്ങിയവയുമായെത്തിയ കാറിന് ഉജ്വല വരവേൽപ്പാണ് ഇന്ത്യൻ വിപണി നൽകിയത്. മാരുതി സുസുക്കിയുടെ വളർച്ചയിൽ നിർണായക സംഭാവനയാണ് ‘ഡിസയർ’ ബ്രാൻഡ് നൽകിയതെന്ന്ു കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. ഡിസയറിലൂടെ തങ്ങളാണു രാജ്യത്തു കോംപാക്ട് സെഡാൻ വിഭാഗത്തിനു തുടക്കമിട്ടതെന്നും അദ്ദേഹം അവകാശപ്പെട്ടു; തുടർന്നു നിരന്തര വളർച്ചയ്ക്കും വികാസത്തിനുമാണ് ഈ വിഭാഗം സാക്ഷ്യം വഹിച്ചത്. ‘ഡിസയറി’ന്റെ മൂന്നാം തലമുറയുടെ വിൽപ്പനയിൽ 20% വളർച്ചയാണു രേഖപ്പെടുത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
അടിമുടി പൊളിച്ചെഴുതിയ രൂപകൽപ്പനയോടെ എത്തിയ പുതിയ ഡിസയറിന്റെ അകത്തളത്തിൽ അർബൻ സാറ്റിൻ ക്രോം അക്സന്റ്, ബൾ വുഡ് അലങ്കാരപ്പണികൾ, തുകൽ പൊതിഞ്ഞ സ്റ്റീയറിങ് വീൽ തുടങ്ങിയവയും മാരുതി സുസുക്കി ലഭ്യമാക്കി. അഞ്ചാം തലമുറ ഹാർടെക്റ്റ് പ്ലാറ്റ്ഫോം അടിത്തറയാവുന്ന ‘ഡിസയറി’ൽ കൂടുതൽ സ്ഥലസൗകര്യവും അധിക സുരക്ഷയുമാണു നിർമാതാക്കളുടെ വാഗ്ദാനം. പോരെങ്കിൽ കാറിന്റെ ഡീസൽ പതിപ്പിന് ലീറ്ററിന് 28.4 കിലോമീറ്ററാണു പ്രതീക്ഷിക്കുന്ന ഇന്ധനക്ഷമത; ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയാണിത്. പെട്രോൾ എൻജിന് ലീറ്ററിന് 22 കിലോമീറ്റർ ഇന്ധനക്ഷമതയും വാഗ്ദാനമുണ്ട്.