ബി എസ് ആറ് എൻജിനോടെ വാഗൻ ആറും സ്വിഫ്റ്റും
Mail This Article
മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പാലിക്കുന്ന എൻജിനുള്ള ‘വാഗൻ ആറും’ സ്വിഫ്റ്റു’മായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. 2020 ഏപ്രിൽ ഒന്നിനാണു രാജ്യത്ത് ബി എസ് ആറ് നിലവിൽ വരുന്നത്; എന്നാൽ ഇതിനും മാസങ്ങൾക്കു മുമ്പേ ഈ നിലവാരമുള്ള പെട്രോൾ എൻജിൻ ഘടിപ്പിച്ച ‘വാഗൻ ആറും’ ‘സ്വിഫ്റ്റും’ പുറത്തിറക്കിയതോടെ ഈ നിലവാരം കൈവരിക്കുന്ന ആദ്യ മുൻനിര കാർ നിർമാതാവുമായി മാരുതി സുസുക്കി.
ബി എസ് ആറ് നിലവാരമുള്ള എൻജിൻ എത്തുന്നതോടെ ഇരുകാറുകളുടെയും വിലയിലും ഗണ്യമായ വർധനയുണ്ട്. പുതിയ എൻജിൻ സഹിതമെത്തുന്ന പെട്രോൾ ‘സ്വിഫ്റ്റി’ന്റെ വിവിധ വകഭേദങ്ങൾക്ക് 5.14 ലക്ഷം മുതൽ 8.89 ലക്ഷം രൂപ വരെയാണു ഡൽഹിയിലെ ഷോറൂം വില. പോരെങ്കിൽ ‘സ്വിഫ്റ്റി’ന്റെ പെട്രോൾ, ഡീസൽ പതിപ്പുകൾ ഇപ്പോൾ ‘എ ഐ എസ് 145’ സുരക്ഷാനിലവാരവും പാലിക്കുന്നുണ്ട്. ബി എസ് ആറ് നിലവാരമുള്ള, 1.2 ലീറ്റർ എൻജിനോടെയാണ് ‘വാഗൻ ആറി’ന്റെ വരവ്; ഇതോടെ ഈ ‘വാഗൻ ആറി’ന്റെ വിലയും ഉയരുന്നുണ്ട്. ഡൽഹി, രാജ്യതലസ്ഥാന മേഖലയിലെ ഷോറൂമുകളിൽ 5.10 ലക്ഷം മുതൽ 5.91 ലക്ഷം രൂപ വരെയാണു ‘വാഗൻ ആറി’ന്റെ വിവിധ വകഭേദങ്ങളുടെ വില. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലാവട്ടെ കാർ വില 5.15 മുതൽ 5.96 ലക്ഷം രൂപ വരെയായി ഉയരും.
ഇതോടൊപ്പം ഒരു ലീറ്റർ എൻജിനുള്ള ‘വാഗൻ ആറി’ന്റെ വിലയും മാരുതി സുസുക്കി പരിഷ്കരിച്ചിട്ടുണ്ട്; ഡൽഹി, രാജ്യതലസ്ഥാന മേഖലയിലെ ഷോറൂമുകളിൽ 4.33 ലക്ഷം മുതൽ 5.33 ലക്ഷം രൂപ വരെയാണ് കാറിനു വില. മറ്റു ഭാഗങ്ങളിലാവട്ടെ 4.39 ലക്ഷം മുതൽ 5.38 ലക്ഷം രൂപ വരെയും. ഇതിനു പുറമെ സമ്മർദിത പ്രകൃതി വാതകം(സി എൻ ജി) ഇന്ധനമാക്കുന്ന പുതിയ ‘ഓൾട്ടോ’യും മാരുതി സുസുക്കി പുറത്തിറക്കി. ‘ഓൾട്ടോ’യുടെ എൽ എക്സ് ഐ, എൽ എക്സ് ഐ(ഒ) വകഭേദങ്ങളുടെ സി എൻ ജി പതിപ്പിനു ഡൽഹിയിൽ യഥാക്രമം 4,10,570 രൂപയും 4,14,190 രൂപയുമാണു ഷോറൂം വില.