കിയയുടെ ആദ്യ എസ്‌യുവി സെൽറ്റോസ്, വില 11 ലക്ഷം മുതൽ ?
Mail This Article
കിയ മോട്ടോഴ്സ് പുറത്തിറക്കുന്ന ആദ്യ വാഹനം സെൽട്രോസ് പ്രദർശിപ്പിച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് കിയ ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യ വാഹനത്തെ പ്രദർശിപ്പിച്ചത്. അടുത്ത മാസം പകുതിയിൽ എസ്‌യുവിയുടെ ബുക്കിങ്ങുകൾ സ്വീകരിച്ചു തുടങ്ങുമെന്നും ഓഗസ്റ്റിൽ വാഹനം പുറത്തിറക്കുമെന്നും കിയ അറിയിച്ചു. 2018 ഓട്ടോ എക്സ്പോയിൽ ജനശ്രദ്ധ പിടിച്ചുപറ്റിയ എസ്പി കോൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലാണ് സെൽട്രോസ്.
ബോൾഡ്, ഡൈനമിക് രൂപമുള്ള എസ്‌യുവിക്ക് വലിയ ഗ്രില്ലാണ്. ടൈഗർ നോസ് കൺസെപ്റ്റിലാണ് ഗ്രിൽ കൂടാതെ എൽഇഡി ഹെഡ് ലാംപും സ്പോർട്ടിയറായ രൂപവുമുണ്ട്. സ്ട്രോങ് ലൈനുകളാണു ബോഡിയിൽ. നീളൻ ബോണറ്റ്. പരമ്പരാഗത എസ്‌യുവി സ്വഭാവവും ആധുനികതയും സമ്മേളിക്കുന്ന മോഡലാണ് കിയ സെൽടോസ്.
കിയ മോട്ടോഴ്സിലെ ഇന്ത്യയിലെ ആദ്യ വാഹനത്തിന്റെ ഇന്റീരിയർ രേഖാചിത്രങ്ങൾ നേരത്തെ പുറത്തു വിട്ടിരുന്നു. പ്രീമിയം സൗകര്യങ്ങളാണ് പുതിയ വാഹനത്തിൽ കിയ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ഥലസൗകര്യമുള്ള ക്യാബിനാണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 10.25 ടച്ച് സ്ക്രീൻ ഇന്റഫോടൈൻമെറ്റ് സിസ്റ്റം, സൗണ്ട് മോഡ് ലൈറ്റിങ് എന്നിവ പുതിയ വാഹനത്തിലുണ്ട്.
മൂന്നു എൻജിൻ ഓപ്ഷനുകളിലാണ് സെൽടോസ് വിപണിയിലെത്തുന്നത്. 1.5 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ, 1.4 ലീറ്റർ ടർബോ പെട്രോൾ എൻജിനുകളോടെയാണ് സെൽടോസിൽ. 1.5 ലീറ്റർ പെട്രോൾ എൻജിന്റെ കൂടെ ആറ് സ്പീഡ് മാനുവൽ, സിവിടി ഗിയർബോസുകളിൽ ലഭിക്കുമ്പോൾ 1.5 ലീറ്റർ ഡീസലിന് ആറ് സ്പീഡ് മാനുവൽ ഓട്ടമാറ്റിക്ക് ഗിയർബോക്സുകളുണ്ട്. 1.4 ലീറ്റർ ടർബോ പെട്രോൾ എൻജിനിൽ 7 സ്പീഡ് ഡിസിടി ഗിയർബോക്സ് മാത്രം. ഏകദേശം 11 ലക്ഷം മുതൽ 18 ലക്ഷം വരെയായിരിക്കും കിയ സെൽടോസിന്റെ വില.