കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ നീം ജി, കിലോമീറ്ററിന് 50 പൈസ മാത്രം
Mail This Article
തിരുവനന്തപുരം∙ ഇലക്ട്രിക് ഓട്ടോറിക്ഷ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാൻ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈൽസ് ലിമിറ്റഡിന് (കെഎഎൽ) കേന്ദ്രാനുമതി ലഭിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു പൊതുമേഖലാസ്ഥാപനം ഇ–ഓട്ടോ നിർമാണത്തിനു യോഗ്യത നേടുന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കെഎഎഎല്ലിന്റെ പ്ലാന്റിൽ നിന്നും ഈ സെപ്റ്റംബറിൽ ‘കേരളാ നീം ജി' എന്ന ബ്രാൻഡിൽ ഓട്ടോ വിപണിയിലെത്തും.
കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള പുണെയിലെ ദ് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ(എആർഎഐ)യിൽ ആണ് അംഗീകാരത്തിനുള്ള പരിശോധനകൾ നടന്നത്. ഒരു വർഷത്തിനുള്ളിൽ 15000 ഇ ഓട്ടോകൾ നിരത്തിലിറക്കാനാണ് പദ്ധതി. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാനാവും. ഒരു കിലോമീറ്റർ ഓടുന്നതിന് 50 പൈസ മാത്രമേ ചിലവ് വരൂ. കാഴ്ചയിൽ സാധാരണ ഓട്ടോറിക്ഷയുടെ രൂപം തന്നെയാകും നീം ജിക്കും. നാലു മണിക്കൂർ കൊണ്ട് ചാർജ് ചെയ്യാവുന്ന ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഏകദേശം 2 ലക്ഷം രൂപയാണ് ഇലക്ട്രിക് ഓട്ടോയുടെ പ്രതീക്ഷിക്കുന്ന വില.