ആഡംബര ഇലക്ട്രിക് കാറുകളുമായി ജഗ്വാർ ലാൻഡ് റോവർ
Mail This Article
ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ) ബാറ്ററിയിൽ ഓടുന്ന മോഡലുകൾ അവതരിപ്പിക്കാൻ തയാറെടുക്കുന്നു. ജഗ്വാർ എക്സ് ജെയും റേഞ്ച് റോവർ എസ് യു വിയുമാവും ജെ എൽ ആർ ശ്രേണിയിലെ ആദ്യ വൈദ്യുത മോഡലുകളെന്നാണു സൂചന. വലിയ സ്പോർട് യൂട്ടിലിറ്റി വാഹനവും പ്രീമിയം സെഡാനുമായിട്ടാവും വൈദ്യുത വിഭാഗത്തിലെ അരങ്ങേറ്റമെന്നു ജെ എൽ ആർ നിക്ഷേപക സംഗമത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതിൽ വലിയ എസ് യു വിയായ റേഞ്ച് റോവറിന്റെ വൈദ്യുത പതിപ്പ് 2021ൽ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. സംഗമത്തിൽ പ്രഖ്യാപിച്ച പ്രീമിയം സെഡാൻ പുത്തൻ എക്സ് ജെയാവും; ‘എക്സ് ജെ’യുടെ വൈദ്യുത പതിപ്പ് മിക്കവാറും അടുത്ത വർഷം വിൽപ്പനയ്ക്കെത്തിയേക്കും.
ആറു സിലിണ്ടർ, പെട്രോൾ എൻജിനുള്ള മോഡലിനൊപ്പമാവും ‘ജഗ്വാർ എക്സ് ജെ’യുടെ വൈദ്യുത പതിപ്പിന്റെ വരവെന്നാണു കരുതുന്നത്. ടെസ്ലയുടെ മോഡൽ എസ്’, ഔഡി ‘ഇ ട്രോൺ’, പോർഷെ ‘ടൈകാൻ’ തുടങ്ങിയവയോടാവും വൈദ്യുത ‘ജഗ്വാർ എക്സ് ജെ’യുടെ പോരാട്ടം. മധ്യ ഇംഗ്ലണ്ടിലെ ശാലയിലാവും മൊഡുലർ ലോഞ്ചിറ്റ്യൂഡിനൽ ആർക്കിടെക്ചർ(എം എൽ എ) പ്ലാറ്റ്ഫോമിലുള്ള പുതിയ കാറുകൾ ജെ എൽ ആർ നിർമിക്കുക. ഇതോടെ പുത്തൻ ‘എക്സ് ജെ’ നിലവിൽ കാറിന്റെ നിർമാണം നടക്കുന്ന കാസ്ൽ ബ്രോംവിച്ച് ശാലയിലേക്കെത്താൻ തന്നെ സാധ്യതയില്ല. വൈദ്യുത പതിപ്പ് എത്തുന്നതോടെ നിലവിലുള്ള മോഡലിന്റെ നിർമാണം തന്നെ നിർത്താനും ജെ എൽ ആർ തയാറെടുക്കുന്നുണ്ട്.
പൂർണ തോതിലുള്ള വൈദ്യുത വാഹനത്തിനായി പുതിയ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിനു പകരം എം എൽ എ പ്ലാറ്റ്ഫോമിനെയും മറ്റും ആശ്രയിക്കുന്നതു ജെ എൽ ആറിനെ ചെലവുചുരുക്കാൻ സഹായിക്കുമെന്നാണു വിലയിരുത്തൽ. കഴിഞ്ഞ സാമ്പത്തിക വർഷം 460 കോടി ഡോളർ(ഏകദേശം 31,995 കോടി രൂപ) നഷ്ടം രേഖപ്പെടുത്തിയതോടെ പ്രവർത്തന ചെലവു ചുരുക്കാനായി കർശന നിയന്ത്രണങ്ങളാണ് ജെ എൽ ആർ ഏർപ്പെടുത്തിയിരിക്കുന്നത്.