മാരുതിയുടെ ഇലക്ട്രിക് കാറുകൾ നെക്സ വഴി
Mail This Article
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ വൈദ്യുത മോഡലുകൾ(ഇ വി) വിൽപ്പനയ്ക്കെത്തുക പ്രീമിയം ഡീലർഷിപ് ശൃംഖലയായ നെക്സയിലൂടെ. മാരുതി സുസുക്കി ശ്രേണിയിലെ ആദ്യ വൈദ്യുത മോഡലായ വാഗൻ ആർ ഇവി അടുത്ത വർഷം അരങ്ങേറുമെന്നാണു പ്രതീക്ഷ. പ്രീമിയം വാഹന വിൽപ്പനയ്ക്കായി 2015ലാണു മാരുതി സുസുക്കി നെക്സഎന്ന പേരിൽ പ്രത്യേക ഡീലർഷിപ് ശൃംഖലയ്ക്കു തുടക്കമിട്ടത്. നിലവിൽ സെഡാനായ സിയാസ്, ഹാച്ച്ബാക്കായ ബലേനൊ, ഇഗ്നിസ്, എസ് യു വിയായ എസ് ക്രോസ് എന്നിവയാണ് നെക്സ വഴി വിൽപ്പനയ്ക്കെത്തുന്നത്.
വൈദ്യുത വാഹന വിഭാഗത്തിൽ വൻ മുന്നേറ്റത്തിനാണു മാരുതി സുസുക്കി തയാറെടുക്കുന്നത്. അടുത്ത ഏപ്രിലോടെ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പ്രാബല്യത്തിലെത്തുന്നതു പരിഗണിച്ച് ഇന്ത്യയിൽ ഡീസൽ എൻജിനുകളെ കൈവിടാൻ മാരുതി സുസുക്കി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്ന നിലയിലാണു കമ്പനി വൈദ്യുത വാഹന വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിൽ വിൽപ്പനയ്ക്കുള്ള, പരമ്പരാഗത എൻജിനുള്ള വാഗൻ ആറുമായി പുതുതായെത്തുന്ന വാഗൻ ആർ ഇ വിക്കു പേരിനപ്പുറത്തെ സാമ്യമൊന്നുമുണ്ടാവില്ലെന്നാണു സൂചന. 2017ൽ ജപ്പാനിൽ അരങ്ങേറിയ, വാഗൻ ആറിന്റെ ആറാം തലമുറ ആധാരമാക്കിയാണു ബാറ്ററിയിൽ ഓടുന്ന മോഡലിന്റെ വരവ്. കാർ സംബന്ധിച്ച വിശദാംശങ്ങളൊന്നും ലഭ്യമല്ലെങ്കിലും ഓരോ ചാർജിങ്ങിലും 150 – 200 കിലോമീറ്റർ റേഞ്ച് ഉറപ്പാക്കാൻ മാരുതി സുസുക്കി ശ്രമിക്കുമെന്നാണു പ്രതീക്ഷ.
സാധാരണ വാഗൻ ആറിനെ അപേക്ഷിച്ചു വൻ വില വർധനയോടെയാവും വാഗൻ ആർ ഇ വിയുടെ വരവ്. ബാറ്ററിയിൽ ഓടുന്ന കാറിന്റെ വില 12 ലക്ഷം രൂപയോളം ഉയരാനും സാധ്യതയുണ്ട്. രാജ്യത്തെ ഇരുനൂറോളം നഗരങ്ങളിലായി 360 നെക്സ ഡീലർഷിപ്പുകളാണു നിലവിൽ മാരുതി സുസുക്കിക്കുള്ളത്. കഴിഞ്ഞ നാലു വർഷത്തിനിടെ ഒൻപതു ലക്ഷത്തോളം ഉപയോക്താക്കളാണു നെക്സ വഴി കാർ വാങ്ങിയത്. വൈദ്യുത വാഹന വിൽപ്പന ആരംഭിക്കുന്നതിനു മുന്നോടിയായി നെക്സ ഔട്ട്ലെറ്റുകളിൽ മാരുതി സുസുക്കി ബാറ്ററി ചാർജിങ്ങിനുള്ള അടിസ്ഥാന സൗകര്യവും ഒരുക്കുമെന്നാണു പ്രതീക്ഷ.