2 മാസം, 4000 ഗ്ലാൻസ; ഹിറ്റിലേക്ക് കുതിച്ച് ടൊയോട്ടയുടെ പ്രീമിയം ഹാച്ച്ബാക്ക്
Mail This Article
കടുത്ത മത്സരത്തിനു വേദിയാവുന്ന പ്രീമിയം ഹാച്ച്ബാക്ക് വിപണിയിൽ സാന്നിധ്യമുറപ്പിച്ചു ടൊയോട്ട ഗ്ലാൻസ. വിൽപ്പനയ്ക്കെത്തി ആഴ്ചകൾക്കുള്ളിൽ തന്നെ വിപണിയുടെ ശ്രദ്ധ കവരാൻ ഗ്ലാൻസയ്ക്കു സാധിച്ചിട്ടുണ്ടെന്നാണു കണക്കുകൾ നൽകുന്ന സൂചന. മാരുതി സുസുക്കി ബലേനൊയുടെ ബാഡ്ജ് എൻജിനീയറിങ് രൂപാന്തരമായ ഗ്ലാൻസയ്ക്ക് ആദ്യ മാസങ്ങളിൽ രണ്ടായിരത്തിലേറെ യൂണിറ്റ് വിൽപ്പന സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. മേയിൽ 2,142 ഗ്ലാൻസയായിരുന്നു മാരുതി സുസുക്കി, ടൊയോട്ടയ്ക്കു നിർമിച്ചു നൽകിയത്.
ജൂൺ ആറിന് അരങ്ങേറ്റം കുറിക്കുംമുമ്പേ ലഭിച്ച പ്രീ ലോഞ്ച് ഓർഡറുകളാവുമിതെന്നാണു വിലയിരുത്തൽ. ജൂണിലും 1,832 യൂണിറ്റ് വിൽപ്പന നേടാൻ ഗ്ലാൻസയ്ക്കായി. ഇതോടെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ പ്രതിമാസ വിൽപ്പന കണക്കെടുപ്പിൽ മൂന്നാം സ്ഥാനവും ഗ്ലാൻസയ്ക്കു ലഭിച്ചു. 15,176 യൂണിറ്റ് വിൽപ്പനയോടെ ബലേനൊയാണ് ഈ വിഭാഗത്തിൽ ആദ്യ സ്ഥാനത്ത്. 8,958 യൂണിറ്റ് വിൽപ്പനയുള്ള ഹ്യുണ്ടേയ് എലീറ്റ് ഐ ട്വന്റിക്കാണ് രണ്ടാം സ്ഥാനം. അതേസമയം, ബലേനൊയുടെയും എലീറ്റ് ഐ ട്വന്റിയുടെയും വിൽപ്പനയിൽ 2018 ജൂണിനെ അപേക്ഷിച്ച് യഥാക്രമം 22 ശതമാനവും 16 ശതമാനവും ഇടിവും നേരിട്ടിട്ടുണ്ട്.
വകഭേദങ്ങളിൽ ലഭ്യമാവുന്ന സൗകര്യങ്ങൾക്കും സംവിധാനങ്ങൾക്കുമൊപ്പം ആകർഷക വാറന്റിയും മത്സരക്ഷമമായ വിലയുമാണ് ഗ്ലാൻസയുടെ കരുത്തായി വിലയിരുത്തപ്പെടുന്നത്. ഗ്ലാൻസയുടെ അടിസ്ഥാന വകഭേദമായ ജിഎംടിക്കു ഡൽഹി ഷോറൂമിൽ 7.21 ലക്ഷം രൂപയാണു വില. 90 പി എസ് വരെ കരുത്തും 113 എൻ എം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള 1.2 ലീറ്റർ, ഡ്യുവൽജെറ്റ്, ബി എസ് ആറ് പെട്രോൾ എൻജിനോടെ എത്തുന്ന കാറിനു ബലേനൊയുടെ സമാന വകഭേദമായ സീറ്റയെ അപേക്ഷിച്ച് 65,000 രൂപയോളം വില കുറവുണ്ട്. അതേസമയം ഗ്ലാൻസയുടെ മറ്റു വകഭേദങ്ങളായ ജിസിവിടി, വി, വിസിവിടി എന്നിവയ്ക്കു ബലേനൊ ശ്രേണിയിലെ സമാന പതിപ്പുകളുമായി വിലയിൽ വ്യത്യാസമൊന്നുമില്ല. പോരെങ്കിൽ ഗ്ലാൻസയുടെ നിലവിലെ വിലനിലവാരം പ്രാരംഭ ആനുകൂല്യമാണെന്നും ടൊയോട്ട കിർലോസ്കർ മോട്ടോർ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വൈകാതെ ഗ്ലാൻസയ്ക്കു വില വർധന പ്രതീക്ഷിക്കാം.
ഗ്ലാൻസയ്ക്കു മൂന്നു വർഷം അഥവാ ഒരു ലക്ഷം കിലോമീറ്റർ നീളുന്ന വാറന്റിയാണു ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്. അതേസമയം ബലേനൊയ്ക്കു ലഭിക്കുക 40,000 കിലോമീറ്റർ അഥവാ രണ്ടു വർഷം നീളുന്ന വാറന്റിയാണ്. മാരുതി സുസുക്കിയെ പോലെ ടൊയോട്ടയും കാറിനു ദീർഘിപ്പിച്ച വാറന്റി സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്.