ഉമ്മൻ ചാണ്ടിക്കു കാർ ഇല്ല, പി.സി. ജോർജിന് ഇഷ്ടം ജീപ്പ്; ‘രാഷ്ട്രീയക്കാറുകൾ’ വന്ന വഴി
Mail This Article
ആലത്തൂർ എംപി രമ്യ ഹരിദാസിനു പിരിവെടുത്ത് കാർ സമ്മാനിക്കാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തീരുമാനം വിവാദമായതോടെ ഇതിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. ജില്ലയിലെ എംപിക്കും എംഎൽഎമാർക്കും രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും വാഹനങ്ങളുണ്ടോ? എങ്ങനെയാണ് ഇവർ വാഹനം വാങ്ങിയത്?
കോട്ടയം ∙ കൊടിവച്ച കാറിൽ പറക്കാൻ കൊതിക്കാത്ത നേതാവുണ്ടോ! കൊടിയില്ലെങ്കിലും ഉള്ള കാറിൽ പാർട്ടിക്കൊടിയെങ്കിലും വയ്ക്കാനുള്ള പെടാപ്പാട് ചില്ലറയാണോ! സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവനും സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരനും ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിയും പാർട്ടി വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. എംഎൽഎ ആയിട്ട് 48 വർഷം പിന്നിടുമ്പോഴും ഉമ്മൻ ചാണ്ടിക്കു കാർ ഇല്ല. ഉമ്മൻ ചാണ്ടി കോട്ടയത്ത് എത്തുമ്പോൾ പ്രവർത്തകർ കാറുമായി എത്തും. തിരുവനന്തപുരത്ത് മകളുടെ കാറുണ്ട്.
എൽഡിഎഫ് കൺവീനറായിരുന്നപ്പോൾ ഔദ്യോഗിക യാത്രകൾക്ക് വൈക്കം വിശ്വനു സിപിഎം കാർ നൽകിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസിനു പാർട്ടി വണ്ടിയുണ്ട്. ദേശാഭിമാനി മാനേജിങ് ഡയറക്ടർ എന്ന നിലയിൽ കാർ അനുവദിച്ചത്. കെ.എം. മാണിയുടെ ഇന്നോവ കരിങ്ങോഴയ്ക്കൽ വീട്ടിലുണ്ട്. ജോസ് കെ. മാണി എംപി പാലായിലെ വീട്ടിലെത്തുമ്പോൾ ഈ കാർ ഉപയോഗിക്കാറുണ്ട്. എംഎൽഎയായപ്പോഴും ജീപ്പായിരുന്നു പി.സി. ജോർജിനിഷ്ടം. 3 ജീപ്പുകൾ മാറി. അതിലൊന്ന് ഓപ്പൺ ജീപ്പും. അംബാസഡർ ഉൾപ്പടെ 6 കാർ വാങ്ങി. എല്ലാം സ്വന്തം പണം മുടക്കി.
എംഎൽഎമാർക്കുള്ള വാഹന വായ്പയും ബാങ്ക് വായ്പയും കൂട്ടിച്ചേർത്താണ് മോൻസ് ജോസഫ് വാഹനം വാങ്ങിയത്. കെ. സുരേഷ് കുറുപ്പ്, സി.എഫ് തോമസ്, ഡോ. എൻ. ജയരാജ് എന്നിവരുടെ ഇഷ്ട കാർ സ്വിഫ്റ്റ് ഡിസയർ. ഇരുവരും എംഎൽഎമാർക്ക് ലഭിക്കുന്ന വായ്പ ഉപയോഗിച്ചാണ് കാർ വാങ്ങിയത്.
എല്ലാവരും പുത്തൻ കാർ വാങ്ങിയപ്പോൾ സി.കെ. ആശ സെക്കൻഡ് ഹാൻഡ് കാറാണ് വാങ്ങിയത്. എംഎൽഎമാർക്കു കാർ വാങ്ങാൻ ലഭിക്കുന്ന വായ്പ ഉപയോഗിച്ചാണ് വാങ്ങിയത്. ഡോ. എൻ. ജയരാജ് ആദ്യമായി എംഎൽഎ ആയ സമയത്ത് 2 വർഷം അണികളുടെ ബൈക്കിനു പിന്നിലാണ് സഞ്ചരിച്ചിരുന്നത്. മാരുതിയും അംബാസഡറും പരീക്ഷിച്ച ശേഷം എംഎൽഎ വായ്പ വഴി റെനോ ഡസ്റ്റർ വാങ്ങി. മുതിർന്ന സിപിഎം നേതാവ് വി.ആർ. ഭാസ്കരനു പാർട്ടി കാർ നൽകിയിരുന്നു. വിആർബിയുടെ മരണ ശേഷം കാർ പാർട്ടിക്കു തിരിച്ചു നൽകി.
രമ്യയുടെ കാറിനു പിരിവ്:പണം തിരികെ നൽകും
രമ്യ ഹരിദാസ് എംപിക്കു കാർ സമ്മാനിക്കാൻ പിരിച്ചെടുത്ത പണം, പിരിവു നൽകിയവർക്കു തന്നെ തിരികെ നൽകാൻ യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മിറ്റി തീരുമാനിച്ചു. 6.13 ലക്ഷം രൂപയാണ് ഇതുവരെ പിരിച്ചത്. പിരിവെടുത്തു കാർ വാങ്ങുന്നതിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ രംഗത്തു വന്നതോടെ, കാർ സ്വീകരിക്കില്ലെന്നു രമ്യ വ്യക്തമാക്കിയിരുന്നു. പണം മടക്കി നൽകുമ്പോൾ രസീതുകൾ തിരികെ വാങ്ങി അടുത്ത മാസം 11നു ചേരുന്ന കമ്മിറ്റിയിൽ എത്തിക്കണമെന്ന് എല്ലാ നിയോജക മണ്ഡലം കമ്മിറ്റികൾക്കും നിർദേശം നൽകി. ഇതിനിടെ, കാർ വാങ്ങാനുള്ള തീരുമാനത്തിൽ നിന്നു കെപിസിസി ഉപദേശം മാനിച്ചു പിൻവാങ്ങിയ രമ്യയെ അഭിനന്ദിക്കുന്നുവെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചു. അതേസമയം, രമ്യയെ പിന്തുണച്ചു പി.ടി. തോമസ് എംഎൽഎ രംഗത്തെത്തി.
കാർ വാങ്ങാൻ വായ്പ
എംഎൽഎമാർക്കു കാർ വാങ്ങാൻ 10 ലക്ഷം രൂപ വരെയാണ് ബാങ്ക് പലിശരഹിതമായി അനുവദിക്കുന്നത്. പക്ഷേ എംപിമാർക്കു കാർ വാങ്ങണമെങ്കിൽ 11.5 ശതമാനം പലിശ നൽകണം. പാർലമെന്റ് വളപ്പിനുള്ളിലെ എസ്ബിഐയിൽ നിന്നാണ് എംപിമാർക്ക് എളുപ്പത്തിൽ വായ്പ ലഭ്യമാക്കുന്നത്. വായ്പയുടെ പരിധി വാങ്ങുന്ന കാറിന് അനുസരിച്ച് ഉയർത്താം. പക്ഷേ വായ്പ കാലാവധി പരമാവധി 5 വർഷമാണ്.