ഇലക്ട്രിക് കാറിന് കരുത്തില്ലെന്ന് ആരുപറഞ്ഞു, ഈ വാഹനം വലിച്ചത് 4.5 ലക്ഷം കിലോഗ്രാം ഭാരം – വിഡിയോ
Mail This Article
നാലഞ്ചുപേരെ വെച്ച് കയറ്റം വലിക്കാനുള്ള കരുത്ത് ഇലക്ട്രിക് കാറുകൾക്കുണ്ടാകുമോ? ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാത്തവർക്ക് സ്വാഭാവികമായി ഉണ്ടാകുന്ന സംശയമായിരിക്കും ഇത്. പേപ്പറിലെ കരുത്ത് യഥാർത്ഥ ഉപയോഗത്തിലേയ്ക്ക് വരുമ്പോൾ എത്രത്തോമുണ്ടാകുമെന്നു സംശയിക്കുന്നവർക്ക് ഈ വിഡിയോ കാണാം. കാരണം ഫോഡിലെ ഇലക്ട്രിക് ട്രക്ക് വലിച്ച് ഒരു ദശലക്ഷം പൗണ്ട് (ഏകദേശം 4.5 ലക്ഷം കിലോഗ്രാം) ഭാരമാണ്.
ഫോഡിന്റെ ഏറ്റവും വിൽപ്പനയുള്ള വാഹനങ്ങളിലൊന്നായ എഫ് 150 ന്റെ ഇലക്ട്രികിന്റെ പ്രോട്ടോടൈപ്പാണ് 1000 അടി നീളമുള്ള ട്രെയിൻ വലിച്ച് റെക്കോർഡിട്ടത്. ആദ്യ പ്രാവശ്യം കാലി ബോഗികളും രണ്ടാം വട്ടം ബോഗികളിൽ പരമ്പരാഗത ഇന്ധനം ഉപയോഗിക്കുന്ന 42 എഫ് 150 ട്രക്കുകളും കയറ്റിയാണ് വലിച്ചത്. തങ്ങളുടെ ഇലക്ട്രിക് വാഹനത്തിന്റെ കരുത്ത് കാണിക്കാനാണ് ഇത്തരത്തിലൊരു ഇവന്റ് സംഘടിപ്പിച്ചതെന്നാണ് ഫോഡ് പറയുന്നത്.
നിലവിലെ ഫോഡ് എഫ് 150 ഉടമകളുടെ സാന്നിധ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ടെസ്‌ല മോഡൽ എക്സ് ബോയിങ് 787–9, നേരത്തെ ഡ്രീംലൈനർ വലിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു.