ബിഎസ് 6 നിലവാരത്തോടെ ബൊലേറൊ പവർ പ്ലസ്
Mail This Article
യൂട്ടിലിറ്റി വാഹനമായ ബൊലേറൊയുടെ പവർ പ്ലസ് മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം കൈവരിച്ചതായി മഹീന്ദ്ര. ഇന്റർനാഷനൽ സെന്റർ ഫോർ ഓട്ടമോട്ടീവ് ടെക്നോളജി(ഐ സി എ ടി)യിൽ നിന്നു സാക്ഷ്യപത്രം ലഭിച്ച സാഹചര്യത്തിൽ പുതുക്കിയ എമിഷൻ മാനദണ്ഡം നടപ്പാവുന്നതിനു മുന്നോടിയായി അടുത്ത വർഷം ആദ്യം തന്നെ ബൊലേറൊ ബി എസ് ആറ് അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ബൊലേറൊയ്ക്കു പുറമെ മോഡൽ ശ്രേണിയിലെ മറ്റു വാഹനങ്ങളെയും ഭാരത് സ്റ്റേജ് ആറ് നിലവാരത്തിലെത്തിക്കാനുള്ള ഊർജിത ശ്രമം പുരോഗമിക്കുകയാണെന്നും മഹീന്ദ്ര അറിയിച്ചു.
ബിഎസ്ആറ് നിലവാരം കൈവരിക്കാനുള്ള പോരാട്ടത്തിൽ ആദ്യ ചുവടു വയ്പായി ബൊലേറൊ പവർ പ്ലസ് ഈ സാക്ഷ്യപത്രം സ്വന്തമാക്കിയതായി എം ആൻഡ് എം പ്രസിഡന്റ്(ഓട്ടമോട്ടീവ് സെക്ടർ) രാജൻ വധേര വെളിപ്പെടുത്തി. കമ്പനിയുടെ എസ് യു വി ശ്രേണിയിൽ ഉയർന്ന വിൽപ്പന നേടുന്ന ബൊലേറൊ ഐസിഎടിയിൽ നിന്ന് ബിഎസ്ആറ് സാക്ഷ്യപത്രം ലഭിക്കുന്ന ആദ്യ യൂട്ടിലിറ്റി വാഹനവുമാണെന്നു വധേര അവകാശപ്പെട്ടു.കഴിഞ്ഞ ഒന്നിനു പ്രാബല്യത്തിലെത്തിയ എഐഎസ് 415 സുരക്ഷാ മാദണ്ഡങ്ങളെല്ലാം മഹീന്ദ്ര നേരത്തെ തന്നെ ബൊലേറൊയിൽ ലഭ്യമാക്കിയിരുന്നു. ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം (എബിഎസ്), ഡ്രൈവർക്കും മുൻ സീറ്റ് യാത്രികനും എയർബാഗ്, സ്പീഡ് വാണിങ് സംവിധാനം, സെൻട്രൽ ലോക്കിങ് സംവിധാനത്തിനു മാനുവൽ ഓവർറൈഡ് എന്നിവയാണ് ബൊലേറൊ പവർപ്ലസിലും ഒൻപതു സീറ്റുള്ള ബൊലെറൊ പ്ലസിലും മഹീന്ദ്ര സജ്ജമാക്കിയത്.
മുൻ ഡിസ്ക് ബ്രേക്ക്, ആന്റി ഗ്ലെയർ ഇന്റേണൽ റിയർവ്യൂ മിറർ, ഡിജിറ്റൽ ഇമ്മൊബിലൈസർ, സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയവയും ലഭ്യമാക്കി. കൂടാതെ ഫ്ളീറ്റ്, ടാക്സി മേഖലയിലെ ഉപയോഗത്തിനായി ഡീലർഷിപ്പുകളിലെത്തിയ വാഹനങ്ങളിൽ നിന്നു ചൈൽഡ് ലോക്ക് ഒഴിവാക്കുമെന്നും മഹീന്ദ്ര അറിയിച്ചു.സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്രൈവർക്ക് എയർബാഗ് എത്തിയതോടെ ‘ബൊലേറൊ’യിൽ ‘ടി യു വി 300’ കോംപാക്ട് എസ് യു വിയിൽ ഉപയോഗിക്കുന്ന സ്റ്റീയറിങ് യൂണിറ്റും ഇടംപിടിച്ചിട്ടുണ്ട്. ഇതിനപ്പുറമുള്ള മാറ്റങ്ങളൊന്നും പക്ഷേ ‘ബൊലേറൊ’യുടെ അകത്തളത്തിലില്ല.
മഹീന്ദ്ര ‘ടി യു വി 300’ കോംപാക്ട് എസ് യു വിയിലുമുള്ള 1.5 ലീറ്റർ, മൂന്നു സിലിണ്ടർ, ടർബ ഡീസൽ എൻജിനാണ് ‘ബൊലേറൊ പവർ പ്ലസി’നും കരുത്തേകുന്നത്; 71 ബി എച്ച് പിയോളം കരുത്തും 195 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. സാധാരണ ‘ബൊലേറൊ’യിലുള്ളതാവട്ടെ 2.5 ലീറ്റർ, നാലു സിലിണ്ടർ, ഡീസൽ എൻജിനാണ്; 63 ബി എച്ച് പി വരെ കരുത്തും 195 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇരു എൻജിനുകളും വൈകാതെ ‘ബി എസ് ആറ്’ നിലവാരം കൈവരിക്കുമെന്നാണു മഹീന്ദ്രയുടെ വാഗ്ദാനം.