ബിഎംഡബ്ല്യുവിന്റെ ഏറ്റവും വലിയ എസ്യുവി ആദ്യം സ്വന്തമാക്കിയത് ഗോപിസുന്ദർ
Mail This Article
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദർ. മലയാളത്തിലും തെലുങ്കിലും നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ഗോപി സുന്ദർ ഇനി ഇന്ത്യയിലെ ആദ്യ ബിഎംഡബ്ല്യു എക്സ് 7 ഉടമ. കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലർഷിപ്പിൽ നിന്നാണ് പുതിയ എക്സ് 7 സ്വന്തമാക്കിയത്. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്‌യുവിയായ എക്സ് 7 കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ പുറത്തിറങ്ങിയത്.
സ്പോർട്സ് ആക്ടിവിറ്റി വെഹിക്കിൾ എന്ന പേരിൽ പുറത്തിറക്കുന്ന എക്സ് 7ന്റെ രണ്ടു വകഭേദങ്ങളാണ് വിപണിയിലുള്ളത്. എക്സ് ഡ്രൈവ് 30ഡി, എക്സ് ഡ്രൈവ് 40ഐ. രണ്ടു വകഭേദത്തിനും എക്സ് ഷോറും വില 98.90 ലക്ഷം രൂപയാണ്. ഇതിൽ ഏതു മോഡലാണ് ഗോപി സുന്ദർ സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല.
എക്സ്ഡ്രൈവ് 40ഐയിൽ 340 ബിഎച്ച്പി കരുത്തും 450 എൻഎം ടോർക്കുമുള്ള മൂന്നു ലിറ്റർ ടർബോ പെട്രോൾ എൻജിനും ഡീസൽ പതിപ്പിൽ 265 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കുമുള്ള 3 ലീറ്റർ ഡീസൽ എൻജിനുമാണ്. എട്ടു സ്പീഡ് ഓട്ടമാറ്റിക്ക് ട്രാൻസ്മിഷനാണ് ഇരു എൻജിനുകളിലും. വലിയ കിഡ്നി ഗ്രില്ലുകളും ചെറിയ എൽഇഡി ഹെഡ്‍ലാംപുമാണ് മുന്നിലെ പ്രത്യേകത. മസ്കുലർ ലുക്ക് നൽകുന്ന ബോണറ്റും വീൽ ആർച്ചുകളുമുണ്ട്.
ആറ്, ഏഴു സീറ്റ് കോൺഫിഗറേഷനുകളിൽ മൂന്നു നിര സീറ്റുകളാണ്. 12.3 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, അഞ്ച് സോൺ ക്ലൈമറ്റ് കൺട്രോൾ, ത്രീ പീസ് ഗ്ലാസ് സൺറൂഫ്, പാർക്ക് അസിസ്റ്റ് തുടങ്ങിയ ആഡംബര സൗകര്യങ്ങളുണ്ട്. ആഡംബരത്തിനും സുരക്ഷയ്ക്കും ഡ്രൈവിങ് കംഫർട്ടിനും ഒരുപോലെ പ്രാധാന്യം നൽകി പുറത്തിറക്കിയ വാഹനമാണ് എക്സ് 7.