ആർട്ടിക്കിൽ നിന്ന് അന്റാർട്ടിക്കയിലേക്കു ബജാജ് ഡോമിനറിന്റെ ലോക റെക്കോർഡ് യാത്ര
Mail This Article
പുതിയ കിടിലൻ ടൂറിങ് ബൈക്ക് വാങ്ങിയാൽ ഒരു യാത്ര പോകാനൊക്കെ ആർക്കും തോന്നും. അങ്ങനെ മൂന്നുപേർ യാത്ര പോയി. ആ യാത്ര ചെന്നെത്തിയത് എവിടെയാണെന്നോ? അങ്ങ് അന്റാർട്ടിക്കയിൽ! റൈഡർമാരായ ദീപക് കാമത്ത്, പി.എസ്.അവിനാശ്, ദീപക് ഗുപ്ത കൂടെ ബജാജ് ഡോമിനറും. മൂന്ന് ഭൂഘണ്ഡങ്ങൾ, പതിനഞ്ചിലേറെ രാജ്യങ്ങൾ, 99 ദിവസങ്ങൾ നീണ്ട പോളാർ ഒഡീസി യാത്ര ഓടിക്കയറിയത് റെക്കോർഡ് പുസ്തകത്തിലേക്കാണ്. ആർട്ടിക് മുതൽ അന്റാർട്ടിക്ക വരെ ബൈക്കുമായി ഉലകം ചുറ്റിയവർ എന്ന റെക്കോർഡും ഈ മൂവർ സംഘം സ്വന്തമാക്കി. ഇതോടൊപ്പം ഡോമിനറിനും കിട്ടി അവാർഡ്. ആർട്ടിക് ധ്രുവത്തിൽനിന്ന് അന്റാർട്ടിക്കയിലേക്ക് യാത്ര നടത്തുന്ന ആദ്യ ഇന്ത്യൻ മോട്ടോർസൈക്കിൾ എന്ന ബഹുമതിയും ബജാജ് ഡോമിനർ സ്വന്തമാക്കി.
ഏകദേശം 51,000 കിലോമീറ്ററാണ് ഇവർ താണ്ടിയത്. ദിവസവും ശരാശരി 515 കിലോമീറ്റർ ഇവർ സഞ്ചരിച്ചു. വ്യത്യസ്തമായ കാലാവസ്ഥ, വൈവിധ്യമാർന്ന ഭൂപ്രകൃതി, അറിയാത്ത ഭാഷകൾ, വേഷങ്ങൾ ഇതൊന്നും യാത്രയ്ക്കു വിലങ്ങുതടിയായില്ല. കാര്യമായ സർവീസ് പിന്തുണ ഇല്ലാതെയായിരുന്നു ഇവരുടെ യാത്ര എന്നറിയുമ്പോഴാണ് കൗതുകം ഇരട്ടിക്കുന്നത്.
മുപ്പതു വർഷമായി മോട്ടോർസൈക്കിൾ യാത്രകൾ നടത്താറുള്ള ദീപക് കാമത്ത് ആയിരുന്നു പോളാർ ഒഡീസി 2019 ഗ്രൂപ്പിന്റെ ക്യാപ്റ്റൻ. 2017 ലെ ഡോമിനർ സൈബീരിയൻ ഒഡീസിൽ ദീപക് കാമത്ത് പങ്കെടുത്തിട്ടുള്ളതിനാൽ പരിചയസമ്പത്തുണ്ട് ഇദ്ദേഹത്തിന്. മികച്ച യാത്രികനും ഫൊട്ടോഗ്രഫറുമായ പി.എസ്.അവിനാശ് മെക്കാനിക്കൽ എൻജിനീയറാണ്. ഡർട്ട് ആൻഡ് ട്രാക് റേസർ കൂടിയായ അവിനാശ് ഈജിപ്തിലെ സനായ് മരുഭൂമി യാത്രയും, ഇന്ത്യയിലും ഭൂട്ടാനിലും ധാരാളം യാത്രകളും നടത്തിയിട്ടുണ്ട്. ഗ്രൂപ്പ് ഓഫ് ഡൽഹി സൂപ്പർ ബൈക്കിലെ സജീവാംഗമാണ് ദീപക് ഗുപ്ത. ഇതുവരെ 12 ലക്ഷം കിലോമീറ്ററിലധികം റൈഡിങ് നടത്തിയ അനുഭവസമ്പത്തുണ്ട്. ഒട്ടേറെത്തവണ ഹിമാലയൻ യാത്രകൾ നടത്തിയിട്ടുള്ളതിനാൽ മൗണ്ടൻ മാൻ എന്ന് അറിയപ്പെടുന്നു.
ലോക റെക്കോർഡിലേക്ക്
കാനഡ, യുഎസ്എ, മെക്സിക്കോ, ഗ്വാട്ടിമാല, എൽസാൽവഡോർ, നിക്കാരഗ്വ, കോസ്റ്ററിക്ക, പാനമ, കൊളംബിയ, ഇക്വഡോർ, പെറു, ബൊളീവിയ, ചിലെ, അർജന്റീന എന്നീ രാജ്യങ്ങളിലൂടെയാണ് കടന്നുപോയത്. അലാസ്കയിലെ കനത്ത മഞ്ഞും മഴയും ഉരുകിക്കൊണ്ടിരിക്കുന്ന മഞ്ഞും ചളിയും നിറഞ്ഞ പ്രതലങ്ങളും ഡോമിനറിനെ ശരിക്കും പരീക്ഷിച്ചു. കൊളറാഡോയിലെ ഹിമവാതം, കലിഫോർണിയ, മെക്സിക്കോ എന്നിവിടങ്ങളിലെ ഓഫ് റോഡ് പരീക്ഷണം എല്ലാം മൂവർ സംഘത്തിനും ഡോമിനറിനും പുതിയ അനുഭവമായിരുന്നു.
ലോകത്തിലെ ഏറ്റവും ചൂടുകൂടിയ സ്ഥലമായ അമേരിക്കയിലെ ഡെത്ത് വാലിയും (താപനില 54 ഡിഗ്രി സെൽഷ്യസ്) ഏറ്റവും തണുപ്പുള്ള സ്ഥലമായ അന്റാർട്ടിക്കയും (–220 സെൽഷ്യസ്) ഈ യാത്രയിൽ കടന്നുപോയി. നിർമാണത്തിലെ ഗുണമേന്മയും മികച്ച യാത്രാശേഷിയും തെളിയിക്കുന്നതുകൂടിയായിരുന്നു ഈ പോളാർ ഒഡീസി.