ഓൺലൈനിൽ ഓർഡർ ചെയ്യാം, ബൈക്ക് ഇനി ഹോം ഡെലിവറി; പുതിയ പദ്ധതിയുമായി ഹീറോ
Mail This Article
ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാമഗ്രികളും പോലെ പുത്തൻ ഇരുചക്രവാഹനങ്ങളും വീട്ടിലെത്തിച്ചു നൽകുന്ന പദ്ധതിയുമായി ഹീറോ മോട്ടോ കോർപ്. ചെറിയൊരു തുക അധികം ഈടാക്കി പുത്തൻ ബൈക്കും സ്കൂട്ടറുമൊക്കെ വീട്ടിലെത്തിച്ചു നൽകുന്ന പദ്ധതിക്കാണു രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് തുടക്കമിട്ടിരിക്കുന്നത്.
ആദ്യഘട്ടത്തിൽ മുംബൈ, ബെംഗളൂരു, നോയ്ഡ എന്നിവിടങ്ങളിലാണ് ഈ പദ്ധതി പ്രാബല്യത്തിലെത്തുക. ഏതാനും മാസത്തിനകം പദ്ധതി രാജ്യത്തെ 25 നഗരങ്ങളിലേക്കു വ്യാപിപ്പിക്കാനാണു ഹീറോ മോട്ടോ കോർപ് ലക്ഷ്യമിടുന്നത്.വെറും 349 രൂപ അധികം നൽകിയാൽ പുത്തൻ ഇരുചക്രവാഹനം വീട്ടിലെത്തിച്ചു നൽകാമെന്നാണു ഹീറോയുടെ വാഗ്ദാനം. ഹീറോയുടെ ഇ വാണിജ്യ പോർട്ടൽ വഴിയാണു കമ്പനി ഈ പദ്ധതി നടപ്പാക്കുന്നത്.
സാധാരണ ഇ കൊമേഴ്സ് സൈറ്റുകൾ പോലെ തന്നെയാണ് ഈ വെബ്സൈറ്റിന്റെയും പ്രവർത്തനം. ഉപയോക്താവിന് ഇഷ്ടമുള്ള മോട്ടോർ സൈക്കിളോ സ്കൂട്ടറോ തിരഞ്ഞെടുക്കാനുള്ള അവസരമാണു പോർട്ടൽ നൽകുക. ഇഷ്ടപ്പെട്ട വകഭേദവും നിറവുമൊക്കെ തിരയാൻ അവസമുണ്ട്. തുടർന്ന് ഉപയോക്താവ് ഇരുചക്രവാഹനത്തിന്റെ ഡെലിവറിക്കായി സംസ്ഥാനം, നഗരം, ഡീലർഷിപ് തുടങ്ങിയവ തിരഞ്ഞെടുക്കണം. അഡ്വാൻസ് മാത്രം നൽകിയോ വാഹന വില പൂർണമായും അടച്ചോ പുതിയ ബൈക്കും സ്കൂട്ടറും സ്വന്തമാക്കാനുള്ള അവസരം പോർട്ടലിലുണ്ട്. തുടർന്ന് ഉപയോക്താവിന്റെ വീട്ടിലെത്തി വാഹന റജിസ്ട്രേഷനുള്ള രേഖകൾ വാങ്ങാനുള്ള സംവിധാനവും ഹീറോ മോട്ടോ കോർപ് ഏർപ്പെടുത്തിയിട്ടുണ്ട്. റജിസ്ട്രേഷൻ പൂർത്തിയായാലുടൻ പുത്തൻ ഇരുചക്രവാഹനം കമ്പനി ഉപയോക്താവ് നൽകിയ വിലാസത്തിലെത്തിച്ചും കൊടുക്കും.
ഇ കൊമേഴ്സ് വിഭാഗത്തിൽ പ്രവർത്തനം തുടങ്ങിയ ആദ്യ വാഹന നിർമാതാവാണു ഹീറോ മോട്ടോ കോർപെന്നു കമ്പനിയുടെ വിൽപ്പന, വിൽപ്പനാന്തര സേവന, പാർട് ബിസിനസ് മേധാവി സഞ്ജയ് ഭാൻ ഓർമിപ്പിച്ചു. ഈ ശൈലി പിന്തുടർന്നാണു പുത്തൻ വാഹനം റജിസ്ട്രേഷൻ നടത്തി വീട്ടിലെത്തിച്ചു കൊടുക്കുന്ന സംവിധാനവും കമ്പനി ഏർപ്പെടുത്തിയത്. വീടിനു പകരം ഉപയോക്താവ് ആവശ്യപ്പെടുന്ന വിലാസത്തിൽ വാഹനം എത്തിച്ചു നൽകാനും കമ്പനി സന്നദ്ധമാണെന്നു ഭാൻ വ്യക്തമാക്കി.