വില കുറച്ച് എത്തുന്നു ബുള്ളറ്റ് 350 എക്സ്
Mail This Article
വില കുറഞ്ഞ ബുള്ളറ്റ് 350 അവതരിപ്പിച്ചു നേട്ടം കൊയ്യാൻ റോയൽ എൻഫീൽഡ് ഒരുങ്ങുന്നു. ‘ബുള്ളറ്റ് 350’ പ്ലാറ്റ്ഫോമിൽ സാക്ഷാത്കരിക്കുന്ന ‘ബുള്ളറ്റ് 350 എക്സി’ന്റെ വില പിടിച്ചു നിർത്താനായി ക്രോമിയത്തിനു പകരം കറുപ്പിന്റെ ആധിക്യമുള്ള നിർമാതാക്കൾ തിരഞ്ഞെടുത്തിരിക്കുന്നത്. കറുപ്പ് ഫിനിഷുള്ള എൻജിൻ ബ്ലോക്കും ക്രാങ്ക് കേസുമായി എത്തുന്ന ബൈക്കിൽ സ്പോക്ക്ഡ് വീലാവും ഇടംപിടിക്കുക. അതേസമയം ‘തണ്ടർബേഡ് 350 എക്സി’ൽ അലോയ് വീലും ട്യൂബ്രഹിത ടയറുമായിരുന്നു റോയൽ എൻഫീൽഡ് ലഭ്യമാക്കിയത്.
സാധാരണ ‘ബുള്ളറ്റ് 350’ കറുപ്പ് നിറത്തിൽ മാത്രം വിൽപ്പനയ്ക്കുള്ളപ്പോൾ ‘ബുള്ളറ്റ് 350 എക്സ്’ വ്യത്യസ്ത വർണങ്ങളിൽ ലഭ്യമാവും. ചില നിറങ്ങൾക്കൊപ്പമാവട്ടെ എൻജിന്റെ മുകൾ ഭാഗത്തും ക്രാങ്ക് കേസിലും സിൽവർ ഫിനിഷും പ്രതീക്ഷിക്കാം. ഒപ്പം ബൈക്കിന്റെ നിറത്തിനനുസൃതമായി ഇന്ധന ടാങ്കിലെ ലളിതമായ ചിഹ്നത്തിലും ചില്ലറ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കറുപ്പ് നിറമുള്ള ബൈക്കിൽ ‘റോയൽ എൻഫീൽഡ്’എന്ന എഴുത്ത് മാത്രമുള്ളപ്പോൾ നീല, സിൽവർ ബൈക്കുകളിൽ പേരിനൊപ്പം ചില്ലറ ഗ്രാഫിക് വർക്കും ദൃശ്യമാണ്. കടും പച്ച, കടും നീല നിറങ്ങളിലും ‘ബുള്ളറ്റ് 350 എക്സ്’ വിപണിയിലുണ്ടാവുമെന്നാണു സൂചന. സാധാരണ ‘ബുള്ളറ്റി’ലെ പിൻ സ്ടൈപ് ഒഴിവാക്കിയതിനൊപ്പം സൈഡ് ക്വാർട്ടർ പാനലിലെ ചിഹ്നം ‘ബുള്ളറ്റ് 350 എക്സി’ൽ ലളിതവൽക്കരിച്ചിട്ടുമുണ്ട്.
കാഴ്ചയിലെ വ്യത്യാസങ്ങൾക്കപ്പുറം ‘ബുള്ളറ്റും’ ‘ബുള്ളറ്റ് 350 എക്സു’മായി സാങ്കേതികവിഭാഗത്തിൽ കാര്യമായ മാറ്റമുണ്ടാവില്ലെന്നാണു പ്രതീക്ഷ. ബൈക്കിനു കരുത്തേകുക 346 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാവും; 19.8 ബി എച്ച് പി കരുത്തും 28 എൻ എം ടോർക്കുമാവും ഈ എൻജിൻ സൃഷ്ടിക്കുക. റോയൽ എൻഫീൽഡ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ ബൈക്കാവുക എന്നതാണു ‘ബുള്ളറ്റ് 350 എക്സി’ന്റെ നിയോഗം; എങ്കിലും ഈ ബൈക്കിന്റെ വിലയെക്കുറിച്ചു സൂചനകളൊന്നുമില്ല. അതേസമയം സാധാരണ 350 സി സി ‘ബുള്ളറ്റി’ന് ഡൽഹി ഷോറൂമിൽ 1.21 ലക്ഷം രൂപയാണു വില; ‘ബുള്ളറ്റ് 350 ഇ എസി’നാവട്ടെ 1.34 ലക്ഷം രൂപയും.