ADVERTISEMENT

വാഹന വിപണിയിലെ തിരിച്ചടികളെ അവഗണിച്ചു മുമ്പ് നിശ്ചയിച്ച പുതിയ മോഡൽ അവതരണങ്ങളുമായി മുന്നേറുകയാണു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. പുതിയ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘എക്സ് എൽ സിക്സ്’ പുറത്തിക്കി ആഴ്ചകൾ പിന്നിടുമ്പോൾ പുത്തൻ ഹാച്ച്ബാക്കായ ‘എസ് — പ്രസോ’ അനാവണം ചെയ്യാനാണു മാരുതി സുസുക്കിയുടെ ഒരുക്കം. നവരാത്രി – ദീപാവലി ഉത്സവകാലത്ത് വിപണിയുടെ ബജറ്റ് വിഭാഗം ലക്ഷ്യമിട്ടെത്തുന്ന എസ് – പ്രസോയുടെ അരങ്ങേറ്റം സെപ്റ്റംബർ 30നാണു നിശ്ചയിച്ചിരിക്കുന്നത്.

‌ഹാച്ച്ബാക്കെങ്കിലും എസ് യു വികളിൽ നിന്നു പ്രചോദിതമായ രൂപകൽപ്പനയാവും എസ് – പ്രസോയുടെ പ്രധാന സവിഷേത. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ‘ഫ്യൂച്ചർ എസ് കൺസപ്റ്റി’ന്റെ സ്വാധീനമാണ് എസ് – പ്രസോയിൽ പ്രകടമാവുന്നത്.പ്രധാന എതിരാളിയായ റെനോ ക്വിഡിനെ പോലെ പേശീബലം തോന്നിപ്പിക്കാനുള്ള ചെപ്പടിവിദ്യകളുമായിട്ടാവും എസ്– പ്രസോയുമെത്തുക; അതുകൊണ്ടുതന്നെ കൊഴുത്ത മുൻ – പിൻ ബംപറുകളും സ്കഫ് പ്ലേറ്റുകളുമൊക്കെ കാറിൽ പ്രതീക്ഷിക്കാം. ഒപ്പം ഡാഷ്ബോഡിന്റെ മധ്യത്തിലാവും സ്പീഡോമീറ്ററിന്റെ സ്ഥാനമെന്നാണു സൂചന.

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പുലർത്തുന്ന ഒരു ലീറ്റർ പെട്രോൾ എൻജിനാവും കാറിലെ പ്രധാന സവിശേഷത.2020 ഏപ്രിൽ ഒന്നിനു ബി എസ് ആറ് പ്രാബല്യത്തിലെത്താനിരിക്കെ മാരുതി സുസുക്കി 800 സി സി, 1.2 ലീറ്റർ, 1.5 ലീറ്റർ പെട്രോൾ എൻജിനുകളിലെല്ലാം ഈ നിലവാരം കൈവരിച്ചു കഴിഞ്ഞു. എസ് - പ്രസോയിലൂടെ എത്തുന്ന, ബി എസ് ആറ് നിലവാരമുള്ള ഈ ഒരു ലീറ്റർ എൻജിൻ വൈകാതെ സെലേറിയൊയിലും വാഗൻ ആറിലും ഇടംപിടിക്കും.

ബി എസ് ആറ് നിലവാരത്തോടെയെത്തുന്ന പുതിയ ഒരു ലീറ്റർ എൻജിന്റെ പ്രകടനക്ഷമത സംബന്ധിച്ചു മാരുതി സുസുക്കി സൂചനയൊന്നും നൽകിയിട്ടില്ല. എങ്കിലും മുൻ പരിഷ്കാരങ്ങൾ മാതൃകയാക്കിയാൽ ബി എസ് ആറ് നിലവാരത്തിലും ഈ എൻജിൻ ഇപ്പോഴുള്ളതു പോലെ  68 ബി എച്ച് പിയോളം കരുത്തും 90 എൻ എം ടോർക്കും  സൃഷ്ടിക്കാനാണു സാധ്യത. ഒപ്പം ബി എസ് ആറ് നിലവാരത്തിലെത്തുന്നതോടെ എൻജിന്റെ ഇന്ധനക്ഷമതയിൽ നേരിയ ഇടിവും പ്രതീക്ഷിക്കാം. ഓൾട്ടോ കെ 10 നിലനിർത്തിയാണ് എസ് -പ്രസോ എത്തുന്നതെന്നതിനാൽ കാറിന്റെ വില 3.70 ലക്ഷം രൂപയ്ക്കും നാലു ലക്ഷം രൂപയ്ക്കുമിടയിലാവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com