ADVERTISEMENT

ബുള്ളറ്റിന്റെ വില കുറഞ്ഞ പതിപ്പുകൾ അവതരിപ്പിച്ചു നേട്ടം കൊയ്യാനുള്ള ശ്രമം റോയൽ എൻഫീൽഡ് തുടരുന്നു. ഉൽപ്പാദന ചെലവ് കുറച്ച് വില നിയന്ത്രിക്കാനായി ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇ എസ് എന്നിവയിൽ നടത്തിയ പരീക്ഷണമാണു കമ്പനി ക്ലാസിക് 350 മോഡലിലേക്കും വ്യാപിപ്പിച്ചത്. ക്രോമിയത്തിന്റെ ഉപയോഗം നിയന്ത്രിച്ച് പകരം ബൈക്ക് കറുപ്പ് നിറത്തിലാക്കുന്നതടക്കമുള്ള ചെലവു ചുരുക്കൽ തന്ത്രങ്ങളായിരുന്നു റോയൽ എൻഫീൽഡ് ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇ എസ് എന്നിവയിൽ പരീക്ഷിച്ചത്. ഇപ്പോഴാവട്ടെ ഇതേ തന്ത്രങ്ങളോടെ ക്ലാസിക് 350 എസ് എന്ന പേരിൽ ബുള്ളറ്റിന്റെ പുതിയ പതിപ്പും കമ്പനി പുറത്തിറക്കി. ബൈക്കിന്റെ പേരിലുള്ള ‘എസ്’ സിംഗിൾ ചാനൽ എ ബി എസിന്റെ സൂചനയാണെന്നു വേണം കരുതാൻ. ‘ക്ലാസിക് 350’ ഇരട്ട ചാനൽ എ ബി എസോടെയാണു വിൽപ്പനയ്ക്കുള്ളത്.

ഇത്തരം വിട്ടുവീഴ്ചകളിലൂടെ ക്ലാസിക് 350 എസിന്റെ ചെന്നൈയിലെ ഷോറൂം വില 1.45 ലക്ഷം രൂപയാക്കി കുറയ്ക്കാൻ റോയൽ എൻഫീൽഡിനു സാധിച്ചു. ക്ലാസിക് 350 ബൈക്കിന്റെ വിലയായ 1.54 ലക്ഷം രൂപയെ അപേക്ഷിച്ച് 9,000 രൂപ കുറവാണിത്.ആദ്യ ഘട്ടത്തിൽ തമിഴ്നാട്ടിലും കേരളത്തിലും മാത്രമാണു ക്ലാസിക് 350 എസ് വിൽപ്പനയ്ക്കുള്ളതെന്നാണു സൂചന. മാത്രമല്ല, എപ്പോഴാവും ഈ പതിപ്പ് രാജ്യവ്യാപകമായി വിൽപ്പനയ്ക്കെത്തുകയെന്നതു സംബന്ധിച്ചും വിവരമൊന്നുമില്ല.

രണ്ടു നിറങ്ങളിലാണു ‘ക്ലാസിക് 350 എസ്’ വിൽപ്പനയ്ക്കുള്ളത്: പ്യുവർ ബ്ലാക്കും മെർക്കുറി സിൽവറും. വീലുകളും എൻജിൻ ലോക്കുമൊക്കെ ക്രോമിയത്തിനു പകരം കറുപ്പ് നിറത്തിലാക്കിയതാണു ബൈക്കിലെ പ്രധാന മാറ്റം. ഇതോടൊപ്പം ഇന്ധന ടാങ്കിലെ ലോഗോ ലളിതവൽക്കരിച്ചിട്ടുമുണ്ട്. കാഴ്ചയിലെ വ്യത്യാസങ്ങൾക്കപ്പുറം സാങ്കേതികവിഭാഗത്തിൽ കാര്യമായ മാറ്റമില്ലാതെയാണു ക്ലാസിക് 350 എസ് എത്തുന്നത്; ബൈക്കിനു കരുത്തേകുക 346 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണ്; 19.8 ബി എച്ച് പി കരുത്തും 28 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com