മാസ് അല്ല, മരണമാസ്; കെഎസ്ആർടിസി ഡ്രൈവറെ മര്യാദ പഠിപ്പിച്ച് യുവതി – വിഡിയോ
Mail This Article
പൊതുനിരത്തുകളിലെ അപകടങ്ങൾ കൂടുതലും ബാധിക്കുന്നതും മരണപ്പെടുന്നതും ഇരുചക്ര വാഹനങ്ങളിലെ യാത്രികരാണ്. വലിയ വാഹനങ്ങളിലെ ഡ്രൈവർമാർ ഇവരെ ഗൗനിക്കാറില്ല എന്നത് തന്നെയാണ് ഇത്തരത്തിലുള്ള വാഹനാപകടങ്ങളുടെ പിന്നിലെ കാരണം. വലുപ്പമേറിയ വാഹനങ്ങളിലെ ഡ്രൈവർമാർ പലപ്പോഴും ഇരുചക്രക്കാരോട് പെരുമാറുന്നത് ''ജീവൻ വേണമെങ്കിൽ ഒതുക്കി എടുത്തോണ്ട് പോടേയ്'' എന്ന ഭാവത്തിലാണ്.
ഒന്ന് മുട്ടിയാൽ മറിഞ്ഞു വീഴുമെന്ന ഭയമുള്ളതു കൊണ്ട് പലപ്പോഴും ഇരുചക്ര ഡ്രൈവർമാർ പാതയരികു ചേർന്നും തെറ്റായ ദിശയിലൂടെ കേറിവരുന്ന ബസുകാർക്കു മുമ്പിൽ ഒതുക്കി കൊടുത്തുമൊക്കെയാണ് ലക്ഷ്യമെത്തുന്നത്. എന്നാൽ ഇരുചക്രമോടിക്കുന്നവർക്കും റോഡിൽ കുറച്ചൊക്കെ മര്യാദ ലഭിക്കണമെന്നു വിളിച്ചുപറയുകയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന ഈ വിഡിയോ.
റോങ് സൈഡിലൂടെയെത്തിയ കെഎസ്‌ആർടിസിയ്ക്കു മുന്നിൽ ചങ്കുറപ്പോടെ തന്റെ സ്കൂട്ടറുമായി നിന്ന യുവതിയാണ് ഈ വിഡിയോയിലെ താരം. യുവതി ബസിനു മുമ്പിൽ നിന്നും മാറുകയില്ലെന്നു മനസിലാക്കിയതോടെ ബസ് ഡ്രൈവർ വാഹനം മാറ്റി കൊണ്ട് പോകുന്നതും ഇതിൽ ദൃശ്യമാണ്. വിഡിയോ എവിടെ ചിത്രീകരിച്ചതാണെന്ന് അറിയില്ലെങ്കിലും യുവതിയുടെ ചങ്കൂറ്റത്തിനു സമൂഹമാധ്യമങ്ങൾ ഒന്നടങ്കം അഭിനന്ദിക്കുകയാണ്. സിനിമാതാരം ഉണ്ണി മുകുന്ദനടക്കമുള്ളവർ ഈ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.