12 മാസം ഇന്ത്യ വാങ്ങിയത് 50 ലംബോർഗ്നി ഉറുസ്, ആകെ മൂല്യം 155 കോടി
Mail This Article
ഇന്ത്യയിലെത്തി ആദ്യ വർഷം തന്നെ വിൽപ്പനയിൽ അർധ സെഞ്ചുറി തികച്ചു ലംബോർഗ്നിയുടെ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ഉറുസ്. ഷോറൂമിൽ 3.10 കോടി രൂപ വില മതിക്കുന്ന ആദ്യ ഉറുസ് കഴിഞ്ഞ വർഷം സെപ്റ്റംബർ 10നായിരുന്നു ഇന്ത്യയിൽ നിരത്തിലിറങ്ങിയത്. അതിന്റെ ആദ്യ വാർഷികം ആഘോഷിച്ച് ദിവസങ്ങൾക്കുള്ളിൽ 50-ാമത് ഉറുസ് ഉടമസ്ഥനു കൈമാറിയെന്ന് ഇറ്റാലിയൻ സൂപ്പർ സ്പോർട്സ് കാർ നിർമാതാക്കളായ ഓട്ടമൊബിലി ലംബോർഗ്നി പ്രഖ്യാപിച്ചു. പോരെങ്കിൽ റെക്കോഡ് വേഗത്തിലാണ് ഉറുസ് വിൽപ്പന 50 തികഞ്ഞതെന്നും ഇന്ത്യയിലെ അത്യാഡംബര കാർ വിപണിയിൽ ഇതു പുതിയ ചരിത്രമാണെന്നും ലംബോർഗ്നി അവകാശപ്പെടുന്നു.
‘ഉറുസ്’ വിൽപ്പനയ്ക്കെത്തിയ ആദ്യ വിപണികൾക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനമെന്ന് ലംബോർഗ്നി ഇന്ത്യ മേധാവി ശരദ് അഗർവാൾ ഓർമിപ്പിച്ചു. അതുകൊണ്ടുതന്നെ ഇന്ത്യയിൽ മികച്ച വിൽപ്പന നേടിയെടുക്കാൻ ‘ഉറുസി’നാവുമെന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ. ലംബോർഗ്നിയുടെ ജനിതകഘടനയോടു നീതി പുലർത്തുന്ന ഡ്രൈവിങ് മികവും വികാരങ്ങളുമൊക്കെ ‘ഉറുസ്’ വാഗ്ദാനം ചെയ്യുന്നുണ്ട്; ഒപ്പം എസ് യു വിയുടെ വൈവിധ്യവുമുണ്ട്. അടിസ്ഥാന സൗകര്യ വികസന രംഗത്ത് ഇന്ത്യ സൃഷ്ടിക്കുന്ന വെല്ലുവിളികൾ അതിജീവിക്കാൻ ‘ഉറുസി’ലെ ഈ സമന്വയം സഹായകമായെന്ന് അഗർവാൾ വിശദീകരിക്കുന്നു. ഇന്ത്യയിൽ ‘ഉറുസ്’ സ്വന്തമാക്കിയവരിൽ 70 ശതമാനത്തോളം ഇതാദ്യമായാണ് ലംബോർഗ്നി തിരഞ്ഞെടുക്കന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
‘സൂപ്പർ എസ് യു വി’യെന്നു ലംബോർഗ്നി വിശേഷിപ്പിക്കുന്ന ‘ഉറുസി’നു കരുത്തേകുന്നത് നാലു ലീറ്റർ, ഇരട്ട ടർബോ, വി എയ്റ്റ് പെട്രോൾ എൻജിനാണ്; 650 ബി എച്ച് പി വരെ കരുത്തും 850 എൻ എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള എസ് യു വിയിലെ എൻജിനിൽ നിന്നുള്ള കരുത്ത് 40:60 എന്ന അനുപാതത്തിലാണു മുൻ — പിൻ ചക്രങ്ങളിലെത്തുക. 2.2 ടണ്ണോളം ഭാരമുണ്ടെങ്കിലും നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഉറുസി’ന് വെറും 3.6 സെക്കൻഡ് മതിയെന്നാണു നിർമാതാക്കളുടെ അവകാശവാദം. മണിക്കൂറിൽ 305 കിലോമീറ്ററാണ് ‘ഉറുസി’ന്റെ പരമാവധി വേഗം. പോരെങ്കിൽ ‘ഉറുസി’ലെ 440 എം എം കാർബൺ, സിറാമിക് മുൻ ഡിസ്ക് ബ്രേക്ക് വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്ന കാറുകളിലെ ഏറ്റവും വലിയ ബ്രേക്കാണെന്നും ലംബോർഗ്നി അവകാശപ്പെടുന്നു. അത്യാഡംബര എസ് യു വി വിപണിയിൽ ബെന്റ്ലി ‘ബെന്റൈഗ’യോടും പോർഷെ ‘കയീനോ’ടുമൊക്കെയാണ് ‘ഉറുസ്’ ഏറ്റുമുട്ടുന്നത്.