കേരളത്തിലെ ആദ്യ ലംബോർഗിനി ഉറൂസ് കോഴിക്കോടിന് സ്വന്തം; റജിസ്ട്രേഷന് 73.5 ലക്ഷം രൂപ
Mail This Article
കേരളത്തിലെ ആദ്യത്തെ ലംബോർഗിനി ഉറൂസ് കോഴിക്കോടിന് സ്വന്തം. കോഴിക്കോട് സ്വദേശി അബ്ദുൾ അസീസ് പുല്ലാളൂരാണ് വാഹനത്തിന്റെ ഉടമ. കേരളത്തിന് ഇണങ്ങിയ ലംബോർഗിനിയാണ് ഉറൂസ് എന്നാണ് അബ്ദുൾ അസീസ് പറയുന്നത്. മൂന്ന് കോടി അറുപത് ലക്ഷം രൂപ ഷോറൂം വില വരുന്ന ഈ വാഹനത്തിന് റോഡ് ടാക്സ് ഇനത്തിൽ മാത്രം നൽകിയത് 73.5 ലക്ഷം രൂപയാണ്. കൂടാതെ കെഎൽ 11 ബിആർ 1 എന്ന നമ്പർ ഒരു ലക്ഷം രൂപയ്ക്കു സ്വന്തമാക്കുകയും ചെയ്തു.
കേരളാ റജിസ്ട്രേഷനുള്ള ഏക ഉറൂസാണ് ഇത്. ബെംഗളൂരു ഷോറൂമിൽ നിന്നാണ് ലംബോർഗിനി സ്വന്തമാക്കിയത്. സൂപ്പർകാർ നിർമാതാക്കളായ ലംബോർഗിനിയുടെ ആദ്യ എസ്‍യുവിയാണ് ഉറുസ്. സൂപ്പർ എസ്‌യുവിയെന്നു ലംബോർഗിനി വിശേഷിപ്പിക്കുന്ന ഉറുസിനു കരുത്തേകുന്നത് നാലു ലീറ്റർ, ഇരട്ട ടർബോ, വി എയ്റ്റ് പെട്രോൾ എൻജിനാണ്. 650 ബിഎച്ച്പി വരെ കരുത്തും 850 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ഉറുസിന് വെറും 3.6 സെക്കൻഡ് മതി.
മണിക്കൂറിൽ 305 കിലോമീറ്ററാണ് ഉറുസിന്റെ പരമാവധി വേഗം. ഉറുസിലെ 440 എംഎം കാർബൺ, സിറാമിക് മുൻ ഡിസ്ക് ബ്രേക്ക് വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്ന കാറുകളിലെ ഏറ്റവും വലിയ ബ്രേക്കാണെന്നും ലംബോർഗിനി അവകാശപ്പെടുന്നു. അത്യാഡംബര എസ്‌യുവി വിപണിയിൽ ബെന്റ്ലി ബെന്റൈഗയോടും പോർഷെ കയിൻ ടർബോയുമൊക്കെയാണ് ഉറുസ് ഏറ്റുമുട്ടുന്നത്.