ഇന്ത്യയിലെ ഏറ്റവും ആഡംബര എംയുവി വെൽഫയറുമായി ടൊയോട്ട
Mail This Article
ജനപ്രിയ എംയുവി ഇന്നോവയ്ക്ക് പിന്നാലെ ആഡംബര വാഹനവുമായി ടൊയോട്ട എത്തുന്നു. രാജ്യാന്തര വിപണിയിലെ പ്രീമിയം എംയുവി വെൽഫയറിനെയാണ് ടൊയോട്ട വിപണിയിലെത്തിക്കുന്നത്. പുറത്തിറങ്ങുന്ന തിയതി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ പ്രാദേശിക സർട്ടിഫിക്കേഷൻ വ്യവസ്ഥകളിൽ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാവും എംയുവി ഇന്ത്യയിലെത്തുക. കഴിഞ്ഞ ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച അൽഫാഡിനെ പുറത്തിറക്കാതെ വെൽഫയറിനെ വിപണിയിലെത്തിക്കാനാണ് ടൊയോട്ടയുടെ തീരുമാനം.
ഉൽപ്പാദന രാജ്യത്ത് സർട്ടിഫിക്കേഷൻ ലഭിച്ച വാഹനങ്ങളുടെ 2,500 യൂണിറ്റ് വരെ ഇന്ത്യയിൽ വിൽക്കാൻ പ്രത്യേക ഹോമൊലോഗേഷൻ ആവശ്യമില്ലെന്നു കഴിഞ്ഞ സെപ്റ്റംബറിലാണു കേന്ദ്ര സർക്കാർ തീരുമാനിച്ചത്. നേരത്തെ 40,000 ഡോളറിൽ (ഏകദേശം 28.52 ലക്ഷം രൂപ) ഏറെ വിലയും മൂന്നു ലീറ്ററിലേറെ ശേഷിയുള്ള പെട്രോൾ എൻജിനോ രണ്ടര ലീറ്ററിലേറെ ശേഷിയുള്ള ഡീസൽ എൻജിനോ ഘടിപ്പിച്ച വാഹനങ്ങൾക്കു മാത്രമായിരുന്നു ഹോമൊലോഗേഷൻ വ്യവസ്ഥയിൽ ഇളവ്.
ഹോമൊലോഗേഷൻ വ്യവസ്ഥകളിലെ പരിഷ്കാരം പ്രയോജനപ്പെടുത്തി അത്യാധുനിക സാങ്കേതിക വിദ്യയുടെ പിൻബലമുള്ള മുൻനിര മോഡലുകൾ ഇന്ത്യയിലെത്തിക്കാനാണ് ടൊയോട്ട കിർലോസ്കർ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം തന്നെ എം പി വിയായ ഹയാസ് ഇന്ത്യയിലെത്തിക്കാൻ ടൊയോട്ട ആലോചിച്ചിരുന്നു; എന്നാൽ വിദേശനാണയ വിനിമയ നിരക്കിലെ ചാഞ്ചാട്ടവും സ്പീഡ് ഗവർണർ ഘടിപ്പിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകളും ഈ നീക്കത്തിനു തിരിച്ചടിയായി.
രാജ്യാന്തര വിപണിയിലുള്ള വെൽഫയറും അൽഫാഡുമായി ചെറിയ മാറ്റങ്ങൾ മാത്രമേയുള്ളൂ. യാത്രാസുഖത്തിനും സൗകര്യങ്ങൾക്കും മുൻതൂക്കം നൽകി നിർമിച്ചിരിക്കുന്ന വെൽഫയർ വിവിധ സീറ്റ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. ഇലക്ട്രിക്കലി അഡ്ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, മൂന്ന് സോൺ എസി, 10.2 ഇഞ്ച് ഇൻഫോടൈൻമെന്റ് സിസ്റ്റം, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുണ്ട്. 2.5 ലീറ്റർ ഡ്യുവൽ വിവിടി ഐ എൻജിനാണ് രാജ്യാന്തര വിപണിയിലുള്ള വെൽഫയറിൽ ഉപയോഗിക്കുന്നത്. പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന വാഹനം ഇന്ത്യയിലെത്തുമ്പോൾ ഏതു എൻജിനായിരിക്കും ഉപയോഗിക്കുക എന്ന് വ്യക്തമല്ല.